പരിപാടിയിൽ നിന്ന്
ദോഹ: ഭിന്നശേഷിക്കാരുടെ സാമൂഹിക ഉള്‍ച്ചേരലും സേവനങ്ങളിലേക്കുള്ള തുല്യപ്രവേശനവും പ്രോത്സാഹിപ്പിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഖത്തറിലെ ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ്.
ഭിന്നശേഷിക്കാര്‍ക്ക് കമ്പനിയുടെ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയും ഇതോടനുബന്ധിച്ച് പ്രഖ്യാപിച്ചു. കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയാണ് ഈ സംരംഭമെന്നും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന സമൂഹത്തിന്റെ സൃഷ്ടിക്ക് ഇത്തരം പ്രായോഗിക ഇടപെടലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംരംഭകനും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനും ദോഹ ഗോവന്‍ വെല്‍ഫെയര്‍ അസോസിയേഷന് നേതാവുമായ സൈമണ്‍ ഡി സില്‍വ പദ്ധതിയെ അഭിനന്ദിച്ചു. ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് സേവനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടറുമായ ജെബി കെ. ജോണ്‍, പദ്ധതിയില്‍ പ്രകടമാകുന്ന മാനുഷിക പരിഗണനയും കരുതലും എടുത്തുപറഞ്ഞു.
സമൂഹത്തിലെ ഓരോ വ്യക്തിയുടെയും അന്തസും അവകാശങ്ങളും പരിഗണിക്കുമ്പോഴാണ് സാമൂഹിക പുരോഗതി അര്‍ഥപൂര്‍ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ദി വേ കോര്‍പ്പറേറ്റ് സര്‍വീസസിന്റെ മാതൃക മറ്റ് സ്ഥാപനങ്ങളും പിന്തുടരണമെന്ന് ആവശ്യപ്പെട്ടു.
മീഡിയപ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പര്‍പ്പിള്‍ സാറ്റര്ഡേയെ ലോകത്തിന് ജിസിസി നല്കുന്ന ശ്രദ്ധേയമായ സാമൂഹിക സന്ദേശമാണെന്ന് വിശേഷിപ്പിച്ചു.
സഹതാപത്തിനപ്പുറം ഭിന്നശേഷിക്കാരുടെ ശാക്തീകരണം, പ്രാപ്യത, തുല്യാവകാശം, അന്തസ്സ് എന്നിവ ഉറപ്പാക്കണമെന്നതാണ് സംരംഭത്തിന്റെ കാതലായ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈയിലെ അവസാന ശനിയാഴ്ച ആചരിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേയുടെ സന്ദേശം ഒരു ദിവസത്തില്‍ ഒതുങ്ങാതെ വര്‍ഷം മുഴുവന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഹമ്മദ് റഫീഖ് പദ്ധതിയെ അഭിനന്ദിച്ചു. ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ്മാന് സ്വാഗതവും കമ്പനി മാനേജിംഗ് പാര്‍ട്ണര്‍ ജദീര്‍ നന്ദിയും പറഞ്ഞു.
Tags : PURPLESATURDAY MiddleEastandGulf