പരിപാടിയിൽ നിന്ന്
ലാങ്കസ്റ്റർ: ആത്മീയ പ്രഭാഷണങ്ങളും പ്രാർഥനാ ശുശ്രൂഷകളും വിവിധ പ്രായക്കാർക്കായുള്ള ചിന്തോദ്ദീപക സെഷനുകളും കൊണ്ട് ശ്രദ്ധേയമായി ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ മൂന്നാം ദിനം.
പെൻസിൽവേനിയയിലെ വിൻധം ലാങ്കസ്റ്റർ റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന പരിപാടികളിൽ വിശ്വാസജീവിതത്തിന്റെ ആഴവും സഭാകൂട്ടായ്മയുടെ പ്രാധാന്യവും കുടുംബബന്ധങ്ങളുടെ വിശുദ്ധിയും ആത്മീയ നവീകരണത്തിന്റെ ആവശ്യകതയും വിവിധ പ്രഭാഷകർ ഊന്നിപ്പറഞ്ഞു.
ദിവസം മലയാളം, ഇംഗ്ലീഷ് പ്രഭാത നമസ്കാരങ്ങളോടെയാണ് ആരംഭിച്ചത്. ഫാ. സണ്ണി ജോസഫ് നടത്തിയ വചനസന്ദേശത്തിൽ ജീവിതത്തിലെ പ്രതിസന്ധികളെ വിശ്വാസത്തോടെയും കരുണയോടെയും നേരിടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു.
നോഹ, വിശുദ്ധ യൗസേപ്പ്, പത്രോസ് തുടങ്ങിയ ബൈബിൾ കഥാപാത്രങ്ങളുടെ ജീവിതം പരിവർത്തനത്തിന്റെ മാതൃകകളാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് സെഷനിൽ ഫാ. സുജിത് തോമസും വചനസന്ദേശം നൽകി.
പ്രഭാത സെഷനിൽ ഫാ. ഡോ. എബി ജോർജ്, പരസ്പരം ക്രിസ്തുവിനെ ദർശിക്കാനും ബഹുമാനിക്കാനും കഴിയുമ്പോഴാണ് സഭാജീവിതം അർഥപൂർണമാകുന്നതെന്ന് വ്യക്തമാക്കി. സഹോദരനിൽ ക്രിസ്തുവിനെ കാണുന്ന മനോഭാവമാണ് കുടുംബങ്ങളെയും ഇടവകകളെയും വിശുദ്ധീകരിക്കുന്നതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മുതിർന്നവർക്കായുള്ള മലയാളം സെഷനിൽ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, സഭയോടു ചേർന്നുള്ള വിശ്വാസാനുഭവമാണ് യഥാർഥ ക്രൈസ്തവ ജീവിതത്തിന്റെ അടിത്തറയെന്ന് ഓർമിപ്പിച്ചു.
ദൈവകൃപ വ്യക്തിപരമായ അനുഭവത്തിൽ ഒതുങ്ങുന്നതല്ലെന്നും സഭയുടെ കൂദാശാപരമായ ജീവിതത്തിലൂടെയാണ് വിശ്വാസി ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഭയെ വെറും ആരാധനാലയമെന്ന നിലയിൽ കാണാതെ വിശ്വാസിയുടെ ആത്മീയ രൂപീകരണത്തിന്റെ ജീവസാന്നിധ്യമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഫറൻസിന്റെ പ്രത്യേക ആകർഷണങ്ങളിലൊന്നായ "Faith and Matters of the Heart and Brain' സെഷനിൽ ഡോ. അലക്സാണ്ടർ മാത്യുവും ഡോ. പോൾ മാത്യുവും ആത്മീയതയും ശാരീരിക-മാനസിക ആരോഗ്യവും തമ്മിലുള്ള ബന്ധം ശാസ്ത്രീയവും വിശ്വാസപരവുമായ സമീപനത്തിലൂടെ അവതരിപ്പിച്ചു.
ക്രൈസ്തവ വിശ്വാസവും ആരോഗ്യകരമായ ജീവിതശൈലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശദീകരണങ്ങളും പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടികളും ഏറെ ശ്രദ്ധ നേടി.
ഉച്ചതിരിഞ്ഞ് വിവിധ പ്രായവിഭാഗങ്ങൾക്കായി പ്രത്യേകം ക്രമീകരിച്ച സെഷനുകളിൽ വാർധക്യം, ആരാധനാജീവിതം, ക്രൈസ്തവ മാതാപിതാക്കളുടെ ഉത്തരവാദിത്വം, വിവാഹജീവിതം, തൊഴിലും ദൈവവിളിയും, യുവജനങ്ങളുടെ ആത്മീയ വളർച്ച തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ പ്രഭാഷകർ ക്ലാസുകൾ നയിച്ചു.
വൈകുന്നേരം നടന്ന ഔദ്യോഗിക സമാപന സമ്മേളനത്തിൽ ഡയമണ്ട് സ്പോൺസർമാരെയും കോൺഫറൻസ് കമ്മിറ്റി അംഗങ്ങളെയും ആദരിച്ചു. തുടർന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി സന്ധ്യാ നമസ്കാരങ്ങളും ധ്യാനവും നടന്നു.
കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കോൺഫറൻസിന്റെ വിവിധ പരിപാടികൾ തത്സമയം ദൃശ്യങ്ങളാക്കി ലോകമെമ്പാടുമുള്ള വിശ്വാസികളിലെത്തിച്ച കാമറ ക്രൂ അംഗങ്ങളുടെ സേവനവും സംഘാടകർ പ്രത്യേകം അഭിനന്ദിച്ചു.
ശനിയാഴ്ച രാവിലെ വിശുദ്ധ കുർബാനയോടും സ്നേഹവിരുന്നോടും കൂടി കോൺഫറൻസ് സമാപിക്കും. ആത്മീയതയിൽ വളരാനും സഭയ്ക്കും സമൂഹത്തിനും ഉപകാരപ്രദമായ "കൃപയുടെ പാത്രങ്ങൾ' ആകാനും ഈ കോൺഫറൻസ് ദിനങ്ങൾ ഏറെ സഹായകമായതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Tags : familyandyouthconference usa nrinews