ബെർലിൻ: ആധുനിക യുദ്ധതന്ത്രങ്ങളിൽ നിർണ്ണായകമായ ഡ്രോൺ സാങ്കേതികവിദ്യയിലും വ്യോമ പ്രതിരോധത്തിലും സഹകരണം ശക്തമാക്കാൻ ജർമനിയും യുക്രെയ്നും തമ്മിൽ ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു.
ബെർലിനിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷം ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയും സംയുക്തമായാണ് ഈ നയതന്ത്ര പങ്കാളിത്തം പ്രഖ്യാപിച്ചത്.
റഷ്യ - യുക്രെയ്ൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ, പ്രതിരോധ രംഗത്ത് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ശക്തികളായി മാറാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്നുള്ള സൈനിക സഹായങ്ങളിൽ കുറവ് വരുത്തിയ സാഹചര്യത്തിൽ, യൂറോപ്പിൽ നിന്നുള്ള ഏറ്റവും വലിയ പിന്തുണ നൽകുന്ന രാജ്യമായി ജർമനി മാറിയിരിക്കുകയാണ്.
പ്രധാന കരാറുകൾ ഇവയാണ്
ഡ്രോൺ നിർമാണം: യുക്രെയ്നിന്റെ ഡ്രോൺ വ്യവസായത്തെ സഹായിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും ചേർന്ന് ഡ്രോണുകൾ നിർമിക്കുന്നതിനുള്ള സംയുക്ത സംരംഭങ്ങൾ ആരംഭിക്കും. ആധുനിക സോഫ്റ്റ്വെയറുകളും മിസൈലുകളും ഇതിന്റെ ഭാഗമാകും.
വ്യോമ പ്രതിരോധ പാക്കേജ്: ഏകദേശം നാല് ബില്യൻ യൂറോയുടെ (4.7 ബില്യൻ ഡോളർ) വമ്പൻ പ്രതിരോധ പാക്കേജിനാണ് രൂപം നൽകിയിരിക്കുന്നത്. ഇതിൽ അമേരിക്കയുടെ പേട്രിയറ്റ് മിസൈലുകളും ജർമൻ നിർമിത ഐറിസ്-ടി വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടുന്നു.
യുദ്ധപരിചയം കൈമാറൽ: കഴിഞ്ഞ ദശകങ്ങളിൽ യുക്രെയ്ൻ ആർജ്ജിച്ച യുദ്ധപരിചയം ജർമൻ സൈന്യത്തിനും സുരക്ഷയ്ക്കും വലിയ ഗുണമാകുമെന്ന് ഫ്രീഡ്രിഷ് മെർസ് അഭിപ്രായപ്പെട്ടു.
ഹംഗറിയിലെ മാറ്റവും പ്രതീക്ഷയും യുക്രെയ്നിന് നൽകേണ്ട 90 ബില്യൺ യൂറോയുടെ സഹായം ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ തടഞ്ഞുവച്ചിരുന്നു.
എന്നാൽ കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഓർബൻ പരാജയപ്പെട്ടതോടെ ഈ ഫണ്ട് എത്രയും വേഗം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ.
റഷ്യയിൽ നിന്ന് ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും എണ്ണ എത്തിക്കുന്ന പൈപ്പ് ലൈനുകൾ ഏപ്രിൽ അവസാനത്തോടെ തുറന്ന് കൊടുക്കുമെന്ന് സെലെൻസ്കി ചർച്ചയിൽ അറിയിച്ചു.
Tags : Germany Ukraine Strategic Partnershi Volodymyr Zelenskyy Friedrich MerZ