ടെക്സസ്: കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവയ്പിൽ മരിച്ച ഇന്ത്യൻ വംശജയായ വിദ്യാർഥിനി സവിത ഷൺമുഖസുന്ദരത്തിന്റെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഫണ്ട് വരുന്നു. സവിതയുടെ കുടുംബവും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന ഈ സംരംഭത്തിന് ടെക്സസ് സർവകലാശാല പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികളെ സഹായിക്കുക എന്നതാണ് ലക്ഷ്യം. സവിതയുടെ സേവനമനോഭാവവും വിദ്യാഭ്യാസത്തോടുള്ള താത്പര്യവും മുൻനിർത്തിയാണ് ഇത് രൂപീകരിച്ചിരിക്കുന്നത്.
അഞ്ച് ലക്ഷം ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് തുല്യമായ തുക യൂണിവേഴ്സിറ്റി കൂടി നൽകുന്നതോടെ 10 ലക്ഷം ഡോളറിന്റെ വലിയൊരു തുക രൂപപ്പെടും. ഇത് പ്രതിവർഷം എട്ട് മുതൽ 10 വരെ വിദ്യാർഥികൾക്ക് സഹായകരമാകും.
യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ ബിസിനസ് സ്കൂളിൽ സീനിയർ വിദ്യാർഥിനിയായിരുന്നു 21 വയസുകാരിയായ സവിത. ഇന്ത്യൻ സ്റ്റുഡന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് ബോർഡ് അംഗമായും സവിത പ്രവർത്തിച്ചിരുന്നു.
മാർച്ച് ഒന്നിന് ഓസ്റ്റിനിലെ സിക്സ്ത് സ്ട്രീറ്റിലുണ്ടായ വെടിവയ്പിലാണ് സവിത മരിച്ചത്. സംഭവത്തിൽ സവിതയുൾപ്പെടെ മൂന്ന് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സവിതയുടെ ഓർമകൾ നിലനിർത്താനും ഭാവി തലമുറയ്ക്ക് പഠനത്തിനുള്ള വഴി തുറക്കാനും ഈ സ്കോളർഷിപ്പ് ഉപകരിക്കുമെന്ന് സർവകലാശാല അധികൃതരും കുടുംബവും പ്രത്യാശ പ്രകടിപ്പിച്ചു.
Tags : Savitha Shanmugasundara Indian origin student Austin Shooting USA