ഡാളസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിൽ ഡാളസിലെ പ്രവാസി മലയാളി സമൂഹം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ഡിഎഫ്ഡബ്ല്യു കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ പാലസ് ഹോട്ടലിൽ വിപുലമായ വിജയാഘോഷ സംഗമം സംഘടിപ്പിച്ചു.
ഐഒസി കേരള ചാപ്റ്റർ അംഗങ്ങൾക്കൊപ്പം സൗത്ത് വെസ്റ്റ് റീജിയണിലെ വിവിധ ചാപ്റ്റർ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഐഒസി കേരള ചാപ്റ്റർ ചെയർമാൻ സാക്ക് തോമസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായി പങ്കെടുത്ത ഐഒസി സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഗുരദേവ് ഹെയറെ അദ്ദേഹം സദസിന് പരിചയപ്പെടുത്തുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
യുഡിഎഫിന്റെ വിജയം കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണെന്ന് ഗുരദേവ് ഹെയർ അഭിപ്രായപ്പെട്ടു. സത്യസന്ധമായ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിതെന്നും കോൺഗ്രസിന്റെ വേരുകൾ കേരളത്തിൽ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ഈ ഫലം തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഭരണവിരുദ്ധ വികാരത്തിനപ്പുറം വികസനത്തിനും സമാധാനത്തിനുമാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളം എടുത്ത തീരുമാനം വരും തലമുറയ്ക്ക് കരുത്താകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളുടെയും സാധാരണക്കാരുടെയും വലിയ പിന്തുണയാണ് യുഡിഎഫിനെ അധികാരത്തിലേറ്റിയതെന്നും ഇത് ജനകീയ രാഷ്ട്രീയത്തിന്റെ വിജയമാണെന്നും ജനറൽ സെക്രട്ടറി അഞ്ജു ബിജിലി പറഞ്ഞു.
കേരളം ആഗ്രഹിച്ച മാറ്റം യാഥാർഥ്യമായെന്നും പ്രവാസികളുടെ ക്ഷേമത്തിനായി പുതിയ സർക്കാർ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും വൈസ് പ്രസിഡന്റ് ജോജി വർഗീസ് പറഞ്ഞു.
യുവജനതയുടെ സജീവ പങ്കാളിത്തവും പ്രവർത്തകരുടെ കഠിനാധ്വാനവും യുഡിഎഫ് നേതൃത്വത്തിന്റെ ഐക്യവുമാണ് ഈ മഹത്തായ വിജയത്തിന് പിന്നിലെന്ന് ബിനോയ് ഫിലിപ്പ് (ട്രഷറർ), ജോഫി ജേക്കബ് (യൂത്ത് പ്രസിഡന്റ്), വെസ്ലി മാത്യു (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം), എബ്രഹാം മാത്യു (രാജൻ), സാം ഡേവിഡ് എന്നിവർ ആശംസ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്കും ശോഭനമായ ഭാവിയിലേക്കുമുള്ള ചുവടുവയ്പ്പായി വിജയം മാറട്ടെയെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു. മുദ്രാവാക്യങ്ങളും കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
Tags : IOC Dallas Kerala Chapter UDF Victory USA