ന്യൂയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith Ally for Mental Health Initiative" (FAMHI) പദ്ധതിയുടെ ഉദ്ഘാടനം നടന്നു. 2026 ജനുവരി 28ന് രാത്രി ഒമ്പതിന് സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന ചടങ്ങിൽ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ റൈറ്റ് റവ ഡോ. ഏബ്രഹാം മാർ പൗലോസ് അധ്യക്ഷത വഹിക്കുകയും പദ്ധതിയുടെ ഔദ്യോഗിക ലോഞ്ച് നിർവഹിക്കുകയും ചെയ്തു.
റവ. ക്രിസ്റ്റഫർ ഡാനിയേലിന്റെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ റവ. ജോയൽ സാമുവൽ തോമസ് സ്വാഗതം ആശംസിച്ചു. മാനസികാരോഗ്യ രംഗത്തെ പ്രഗത്ഭരായ വ്യക്തികൾ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ശാരീരികമാനസിക ആരോഗ്യത്തിന്റെ (Wellness) വിവിധ വശങ്ങളെക്കുറിച്ച് ഡോ. ജോർജ് ഏബ്രഹാം അവലോകനം നടത്തി.
അനിൽ ചാക്കോ സമകാലിക ലോകത്ത് മാനസികാരോഗ്യത്തിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിച്ചു. ഈ സംരംഭത്തിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചും ക്ലിനിക്കൽ അഡൈ്വസറി ടീമിനെക്കുറിച്ചും ജോർജ് സാമുവൽ വിശദീകരിച്ചു.

യുവാക്കൾക്കിടയിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് റവ. ജെയ്സൺ വർഗീസും, മാതാപിതാക്കളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് ബാബു മാത്യുവും സംസാരിച്ചു. പ്രാദേശിക തലത്തിൽ ഈ സംരംഭം സജീവമാക്കുന്നതിനായി റീജനൽ ആക്റ്റിവിറ്റി കമ്മിറ്റികൾ(RAC) രൂപീകരിക്കും.
ഡോ. സുനിത ചാണ്ടി സമാപന പ്രസംഗം നടത്തി. ജോസഫ് ഡാനിയേൽ നന്ദി രേഖപ്പെടുത്തി. റവ. ഡെനിസ് എബ്രഹാമിന്റെ പ്രാർഥനയ്ക്കും അധ്യക്ഷൻ പൗലോസ് മാർ സ്തേഫാനോസ് തിരുമേനിയുടെ ആശീർവാദത്തോടും കൂടി ചടങ്ങുകൾ സമാപിച്ചു.
വൈദികരും ഡാളസ്സിൽ നിന്നുള്ള ഭദ്രാസന കൌൺസിൽ അംഗവും ഭദ്രാസന മീഡിയ കോഓർഡിനേറ്ററുമായ ഷാജി രാമപുരവും വിശ്വാസികളും ഉൾപ്പെടെ വൻ സദസ്സ് ഓൺലൈനായി ചടങ്ങിൽ സംബന്ധിച്ചു. കാരോൾട്ടൻ മാർത്തോമ്മാ ചർച്ചിൽ നിന്നുള്ള നേഹ മാത്യു എം സി ആയിരുന്നു.
Tags : Dr. Abraham Marpaulos inaugurates Marthoma Diocese