ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബെഡ്ഫോർഡ്: ബെഡ്ഫോർഡ് കൗണ്ടിയിലെ പ്രശസ്ത മലയാളി കൂട്ടായ്മയും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിലെ പ്രമുഖ അംഗ അസോസിയേഷനുമായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' 2026 -2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
സാമൂഹ്യ, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും മലയാള ഭാഷയ്ക്കും കേരളീയ പൈതൃകത്വത്തിനും മുൻതൂക്കം നൽകി സ്തുത്യർഹമായ സേവനങ്ങൾ ചെയ്തു വരുകയയും ചെയ്യൂന്ന ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷനിൽ നിലവിൽ ഇരുന്നൂറോളം കുടുംബങ്ങൾ അംഗങ്ങളായി ഉണ്ട്.
ബിഎംകെഎയുടെ പ്രസിഡന്റായി സ്ഥാനം ഏൽക്കുന്ന ജോമോൻ മാമ്മൂട്ടിൽ യുകെയിൽ ആത്മീയ-സാംസ്കാരിക - സാമൂഹ്യ രംഗങ്ങളിൽ ശ്രദ്ധേയനാണ്. സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡ്, ചങ്ങനാശ്ശേരി സംഗമം അടക്കം വിവിധ പരിപാടികളിൽ മുഖ്യ സംഘാടകനായി, ജോമോൻ തന്റെ നേതൃത്വ പാഠവവും ഏകോപന മികവും തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ്.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആശ ജോബിൻ അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് പുറമെ "യുക്മ' നാഷണൽ, ഈസ്റ്റ് ആംഗ്ലിയ തലങ്ങളിലെ നേഴ്സസ് ഡേ, സ്പോർട്ട്സ് മീറ്റ്, കലോത്സവം അടക്കം പരിപാടികളിൽ മികച്ച ഏകോപനം നിർവഹിക്കുകയും ആത്മീയ-സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിധ്യവുമാണ്.
മുൻ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായി തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള പി.ആർ. വിഷ്ണു പുതിയ കമ്മിറ്റിയിലും ജനറൽ സെക്രട്ടറിയായി തുടരും.
വിവിധങ്ങളായ സാംസ്കാരിക - സാമൂഹ്യ വേദികളിൽ വനിതാ നേതൃനിരകളിൽ മികച്ച സംഘാടകയായി തിളങ്ങാറുള്ള ഷെറീന ജീവൻ പുതിയ കമ്മിറ്റിയിൽ ജോ. സെക്രട്ടറിയാവും.
ബിഎംകെഎയുടെ ആരംഭം മുതൽ സംഘടനാ പ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളാറുള്ള ബേസിൽ മാത്യു, മുമ്പ് സംഘടനയിൽ ഖജാൻജിയായും സേവനം ചെയ്തിട്ടുണ്ട്. ബേസിൽ മാത്യുവിന്റെ സേവന പരിചയം മുൻനിറുത്തി, അദ്ദേഹത്തെ വീണ്ടും ട്രഷററായി തെരഞ്ഞെടുക്കുക ആയിരുന്നു.
ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷന്റെ ആരംഭകാലം മുതൽ മാർഗനിർദ്ദേശിയായി, സംഘടനയ്ക്ക് നേതൃത്വം വഹിച്ചിട്ടുള്ള ജോൺ ജോർജിനെ അസോസിയേഷന്റെ രക്ഷാധികാരിയായി നേതൃത്വം വഹിക്കും.
ബിഎംകെഎയുടെ അമരക്കാരനായി പലതവണയും നേതൃത്വം നൽകിയിട്ടുള്ള യൂജിൻ തോമസിന്റെ അനുഭവജ്ഞാനം സംഘടനക്ക് കൂടുതൽ കരുത്ത് പകരും.
യൂജിനോടൊപ്പം മികവുറ്റ സംഘാടകനും സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിധ്യവുമായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജനൽ പ്രസിഡന്റ് ജോബിൻ ജോർജ്, ജാക്കി കെൽവിൻ, ഷിജോ ജോർജ്, ധനൂപ് തോമസ്, സുനിൽ മീഡിയട്രെൻഡ്സ്, റോബർട്ട് ഷാ, ജയ് കൃഷ്ണൻ, ആന്റോ ബാബു, ബിനോയ് മാത്യു, വൈശാഖ് ജി. നാഥ്, ജിബിൻ ജോൺ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സേവനം ചെയ്യുന്നതോടൊപ്പം വിവിധ ഉപ കമ്മിറ്റിൾക്ക് നേതൃത്വം നൽകുകയും ചെയ്യും.
ജെസ്റ്റിന യൂജിൻ സോഷ്യൽ മീഡിയ കോഓർഡിനേറ്ററും മിഥുൻ ജോയി ഇന്റേണൽ ഓഡിറ്ററുമായി നവ ഭരണ സമിതിയിൽ ചുമതലകൾ വഹിക്കുന്നതാണ്.
ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ അതിന്റെ പതിനഞ്ചാമത് വാർഷിക വേളയിൽ, ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലവും വർണാഭവുമായ വിവിധ കർമ പദ്ധതികൾക്ക് രൂപം നൽകും.
പതിവ് ആഘോഷങ്ങൾക്ക് പുറമെ, ഗംഭീരവും വിപുലവുമായ പരിപാടികൾ നടത്തുവാനും ബെഡ്ഫോർഡ് മലയാളി സമൂഹത്തിനായി ആരോഗ്യ - വിനോദ - സാമൂഹ്യ - സൗഹൃദ വേദികൾ ഒരുക്കുവാനും മുൻ കാലങ്ങളിൽ തുടങ്ങി വച്ചിട്ടുള്ള കർമ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുന്നതിനും ഭരണ സമിതി യോഗത്തിൽ തീരുമാനമായി.
സാമൂഹ്യ പ്രതിബദ്ധതയും സാംസ്കാരിക പൈതൃകവും മലയാള ഭാഷാ പോഷണം, കായിക ക്ഷമത തുടങ്ങിയ പദ്ധതികൾക്കു മുൻതൂക്കം നൽകുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു.
Tags : New Leadership BMKA Bedford