ഡാളസ്: ഫാ.ഏലിയാസ് എരമത്ത് പൗരോഹിത്യ ഗോള്‍ഡന്‍ ജൂബിലി നിറവില്‍. അധ്യാത്മികതയുടെ വഴിത്താരയിലൂടെ കഴിഞ്ഞ 50 വര്‍ഷക്കാലമായി സഭയെ ശുശ്രൂഷിച്ചു വരുന്ന ഈ വൈദീക ശ്രേഷ്ഠന്റെ പൗരോഹിത്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന സുവര്‍ണാവസരത്തില്‍ തന്നെ ബ. അച്ചന്റെ തികഞ്ഞ അര്‍പ്പണ ബോധത്തിനും നിസ്തുലമായ സഭാ സേവനത്തിനുമുള്ള ഒരംഗീകാരമെന്ന നിലയില്‍, മേയ് 23ന് ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വച്ച് ഭദ്രാസനാധിപന്‍ യല്‍ദൊ മോര് തീത്തോസ് മെത്രാപോലീത്താ തിരുമനസുകൊണ്ട് പൗരോഹിത്യത്വത്തിന്റെ ഉന്നത പദവിയായ കോര്‍ എപ്പിസ്ക്കോപ്പ സ്ഥാനം നല്കി ആദരിക്കുന്നു.
കണ്ടനാട് ഭദ്രാസനത്തില്‍പ്പെട്ട, പുത്തന്‍ കുരിശ് സെന്റ് പീറ്റേഴ്സ് ഇടവകയില്‍ എരമത്ത് മത്തായി-കുഞ്ഞമ്മ ദമ്പതികളുടെ മൂത്ത മകനായി 1948ല്‍ ജനിച്ചു. വിവാഹം കഴിഞ്ഞ് 24 വര്‍ഷമായിട്ടും തങ്ങള്‍ക്ക് മക്കളില്ലായെന്ന ദുഃഖത്തില്‍ ആയിരുന്ന മത്തായി-കുഞ്ഞമ്മ ദമ്പതികള്‍, തങ്ങളുടെ ജീവിതത്തിലെ ആ ദുഃഖം മനസ്സില്‍ പേറി പ്രാര്‍ത്ഥനയോടെ കഴിഞ്ഞിരുന്ന കാലത്ത്, മലങ്കരയില്‍ സന്ദര്‍ശനം നടത്തിയ പ. ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവാ പുത്തന്‍കുരിശ് ദേവാലയത്തില്‍ ഒരാഴ്ചക്കാലം താമസിച്ച വേളയില്‍, പ. ബാവായോട് ഏറെ സങ്കടപൂര്‍വം തങ്ങളുടെ ദുഃഖം പങ്കുവയ്ക്കുകയും ബാവ തലയില്‍ കൈവച്ച് പ്രാര്‍ഥിച്ച്, ദൈവം നിങ്ങള്‍ക്ക് ഒരു കുഞ്ഞിനെ തരുമെന്ന് പറഞ്ഞ് അനുഗ്രഹിച്ച് പറഞ്ഞയയ്ക്കുകയും ചെയ്തു.
ദൈവത്തില്‍ ആശ്രയിച്ച ദമ്പതികള്‍, തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞ് ആണാണെങ്കില്‍ അവനെ ദൈവ വേലക്കായി സമര്‍പ്പിക്കുമെന്ന് നേര്‍ച്ച നേരുകയും ചെയ്തു. അധികം വൈകാതെ ആ ദമ്പതികള്‍ക്ക് തങ്ങളുടെ കടിഞ്ഞൂല്‍ മകനായി ഏലിയാസ് ജനിച്ചു. മഞ്ഞിനിക്കര ദയറായില്‍ മോര് യൂലിയോസ് ബാവായാല്‍ വി: മാമോദീസ ഏല്ക്കുവാന് ഭാഗ്യം ലഭിച്ച ഏലിയാസ് വളരെ ചെറുപ്പം മുതല്‍ തന്നെ വീടിനോട് വളരെ അടുത്തുള്ള പുത്തന്‍കുരിശ് ദേവാലയത്തിലെ ശുശ്രൂഷകളില്‍ വ്യാപൃതനായി.
1966 ജൂണ്‍ 13ന് കണ്ടനാട് ഭദ്രാസന മെത്രാപോലീത്താ ആയിരുന്ന പൗലോസ് മോര് പീലക്സിനോസ് മെത്രാപോലീത്തായാല്‍ (മലങ്കരസഭയുടെ പ്രകാശഗോപുരമായിരുന്ന കാലം ചെയ്ത ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവ)പുത്തന്‍ കുരിശ് സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ വച്ച് വൈദീക വൃത്തിയുടെ ആദ്യപടിയായ ശെമ്മാശ്ശ പട്ടം സ്വീകരിച്ച് സഭാ ശുശ്രൂഷകളില്‍ പൂര്‍ണ സമയ സേവകനായി.
ഏഴ് വര്‍ഷക്കാലം ശ്രേഷ്ഠ പിതാവിനോടൊപ്പം മുവാറ്റുപുഴയിലും, പിറമാടത്തുമായി ഒരുമിച്ച് താമസിക്കുന്നതിനുള്ള അവസരവും ലഭിച്ചു. മഞ്ഞിനിക്കര ദയറായില്‍ നിന്നും വൈദീക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫാ. ഏരമത്ത് മലയാള ഭാഷയില്‍ ഡിഗ്രി സമ്പാദിച്ച ശേഷം, 1975ല്‍ എറണാകുളം ജില്ലയിലെ വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹൈസ്ക്കൂളില്‍ അദ്ധ്യാപകനായി.
1976 ഫെബ്രുവരി 15ന് വിവാഹിതനായ അദ്ദേഹം, അതേ വര്‍ഷം മേയ് 22ന് മുവാറ്റുപുഴ അരമനയില്‍ വച്ച് ശ്രേഷ്ഠ കാതോലിക്ക, ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവയില്‍ നിന്നും കശീശാ പട്ടവും സ്വീകരിച്ചു.
ബ: അച്ചന്റെ അഞ്ചാം പട്ടം (ഈദിയാക്കോനൊ) ഭാഗ്യ സ്മരണാര്‍ഹനായ കാലം ചെയ്ത പെരുമ്പിള്ളി മോര് ഗ്രിഗോറിയോസ് മെത്രാപോലീത്തായുടെ ആ പട്ടം കൊട ശുശ്രൂഷയോടനുബന്ധിച്ചുള്ള ചടങ്ങിലാണ് നിര്വഹിക്കപ്പെട്ടതെന്നുള്ളത് ഒരു ദൈവഹിതമായി കരുതുന്നു.(തിരുമേനിയുടെ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥി കൂടിയായിരുന്നു ബ: അച്ചന്).
പൂര്‍ണ്ണ ശെമ്മാശപട്ടം(മ്ശംശോനോ) അഭിവന്ദ്യ മോര് ദിവന്യാസ്യോസ് തിരുമേനിയാല്‍(കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബാവ) നല്കപ്പെട്ടുവെന്നതും അനുഗ്രഹകരമാണ്. തുടര്‍ന്ന് സെന്റ് മേരീസ് ചര്‍ച്ച് പൂതൃക്ക, സെന്റ് മേരീസ് ചര്‍ച്ച് വരിക്കോലി, സെന്റ് ജോര്‍ജ് ചര്‍ച്ച് കുന്നപ്പിള്ളി, സെന്റ് ജോണ്‍സ് ചര്‍ച്ച് ഞാറക്കാട്, സെന്റ് ജോര്‍ജ് ചര്‍ച്ച് പാങ്കോട്, മലേ കുരിശ് ദയറാ പള്ളി എന്നിവിടങ്ങളില്‍ വൈദീക സേവനമനുഷ്ഠിച്ചു.
കുന്നപ്പിള്ളിയിലേയും, പാങ്കോടിലേയും ചാപ്പലുകള്‍, വലിയ ദേവാലയങ്ങളായി പടുത്തുയര്‍ത്തുവാന്‍ നേതൃത്വം നല്കുവാന് ബ: അച്ചന്റെ സേവന കാലഘട്ടത്തില്‍ സാധിച്ചുവെന്നുള്ളത് ബ: അച്ചന്റെ അര്‍പ്പണ മനോഭാവത്തിന്റെയും, അശ്രാന്ത പരിശ്രമത്തിന്റെയും മകുടോദാഹരണമാണ്.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ബ: അച്ചന്(1986) അമേരിക്കയുടെ മണ്ണില്‍, നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ പരിപാലിക്കുന്നതിനും അവ വരും തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുന്നതിനുമായി അശ്രാന്ത പരിശ്രമം നടത്തിയ പ്രമുഖരായ വൈദീകരില്‍ ഒരാളാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
സെന്റ് ജോണ്‍സ് ചര്‍ച്ച് സ്റ്റാറ്റന്‍ ഐലന്റ്, സെന്റ് മേരീസ് ചര്‍ച്ച്, വൈറ്റ് പ്ലെയിന്‍സ് ന്യൂയോര്‍ക്ക്, സെന്റ് ജോര്‍ജ് ചര്‍ച്ച്, ന്യൂജഴ്സി എന്നീ ദേവാലയങ്ങളിലെ ശ്രുശ്രൂഷകള്‍ക്കു ശേഷം 1991 മുതല്‍ നീണ്ട 19 വര്‍ഷക്കാലം(2010 വരെ) ഡാളസ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിലെ വികാരിയായി സ്തുത്യര്‍ഹമാം വിധം സേവനമനുഷ്ഠിച്ചു.
1991 കാലഘട്ടത്തില്‍ 40 കുടുംബങ്ങള്‍ മാത്രം അംഗങ്ങളായുണ്ടായിരുന്ന സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയുടെ പിന്നില്‍ ബ: അച്ചന്റെ സേവന കാലഘട്ടിലെ നേതൃത്വ പാടവവും അശ്രാന്ത പരിശ്രമവും വിസ്മരിക്കാനാവാത്ത ഒരു ഘടകമാണെന്നുള്ളത് ഇത്തരണത്തില്‍ പ്രസ്താവ്യമാണ് തുടര്‍ന്ന് മെസ്ക്കീറ്റ് മോര് ഗ്രിഗോറിയോസ് ദേവാലയം, സെന്റ് മേരീസ് ചര്‍ച്ച് കരോള്‍ട്ടന്‍, സെന്റ് ജോര്‍ജ് ചര്‍ച്ച്, ഓസ്റ്റിന്‍ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.
2008ല്‍ അമേരിക്കന്‍ അതിഭദ്രാസനത്തിലെ സീനിയര്‍ വൈദീകരായവര്ക്ക് അവരുടെ സേവനത്തിനുള്ള അംഗീകാരമെന്ന നിലയില്‍ കോര്‍ എപ്പിസ്ക്കോപ്പാ സ്ഥാനം നല്കി ആദരിക്കുന്നതിനായി പ:പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും അയച്ചതായ കല്പനയില് ബ: അച്ചന്റെ പേര് കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആ അവസരത്തില്‍ ബ: അച്ചന് വിനയ പുരസരം അതിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.
ഭാര്യ ഏലിസബേത്ത് തുരുത്തേല്‍ ഗീവര്‍ഗീസ് കോര്‍ എപ്പിസ്ക്കോപ്പയുടെ മകളാണ്. സഹോദരങ്ങള്‍ തോമസ്, യാക്കോബ്. മക്കള്‍: ബിനു (ഫിസിയോ തെറാപ്പിസ്റ്റ്), ജോര്‍ജ് (അഡ്മിനിസ്ട്രേറ്റര്‍, എഡ്യൂക്കേഷന്‍ ഡപ്പാര്ട്ട്മെന്റ് തിയോളജയില്‍ മാസ്റ്റേഴ്സ് ബിരുദധാരി. മരുമക്കള്‍: രമ്യ ഫിസിയോതെറാപ്പിസ്റ്റ്. ഷേര്‍ളി ഫാമിലി മെഡിസന്, ഫിസിഷ്യന്‍. കൊച്ചുമക്കള്‍: നോയല്‍, ഇസബേല്‍, ഇമ്മാനുവേല്‍, അബീഗയില്‍, ക്ലോയി.
പൗരോഹിത്വത്തിന്റെ മഹോന്നത പദവിയില്‍ 60 വര്‍ഷക്കാലം (1966 മുതല്‍ 2026 വരെ) പൂര്‍ത്തീകരിച്ചതിന്റെയും, അമേരിക്കന്‍ അതിഭദ്രാസനത്തിലെ 40 വര്‍ഷക്കാലത്തെ സേവനം പൂര്‍ത്തീകരിച്ചതിന്റെയും 50-ാം വിവാഹ വാര്ഷീകത്തിന്റെയും സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തില്‍ ബ: അച്ചന്റെ മികവുറ്റ സേവനത്തിനും കറയില്ലാത്ത സഭാ സ്നേഹത്തിനുമുള്ള അംഗീകാരമെന്ന നിലയില്‍ ബ: അച്ചന് കോര്‍ എപ്പിസ്ക്കോപ്പാ സ്ഥാനം നല്കി ആദരിക്കുന്നത്, ഏറെ സന്തോഷകരമാണെന്നും തുടര്‍ന്നുള്ള അച്ചന്റെ സേവനത്തിനും പ്രവര്‍ത്തനത്തിനുമായി, സര്‍വശക്തനായ ദൈവം എല്ലാവിധ ആയുര്‍ ആരോഗ്യ സൗഖ്യങ്ങളും പ്രദാനം ചെയ്യട്ടേയെന്ന് പ്രാർഥിക്കുന്നതായും ഇടവക മെത്രാപോലീത്താ കല്പനയിലൂടെ ഉദ്ബോധിപ്പിച്ചു.
Tags : Rev. Fr. Alias Aramath Golden Jubilee USA