കൂദാശ ചടങ്ങിൽ നിന്ന്
മദർവെൽ (സ്കോട്ലൻഡ്): ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കീഴിലുള്ള സ്കോട്ലൻഡിലെ ആദ്യ സീറോമലബാർ ദൈവാലയമായ മർത്തമറിയം (സെന്റ് മേരീസ്) ദൈവാലയം ഭക്തിനിർഭരമായ ചടങ്ങുകളിൽ കൂദാശ ചെയ്തു.
ഇതോടെ യുകെയിലെ ഏഴാമത്തെ സ്വന്ത സീറോമലബാർ ദൈവാലയവും സ്കോട്ലൻഡിലെ ആദ്യ ഔദ്യോഗിക സീറോമലബാർ ഇടവകയും എന്ന ചരിത്രനേട്ടം മദർവെൽ സ്വന്തമാക്കി.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു കൂദാശാ ശുശ്രൂഷകൾ. ചടങ്ങിനിടെ രൂപത പുറത്തിറക്കിയ ഡിക്രി പ്രകാരം മർത്തമറിയം ദൈവാലയത്തെ സ്കോട്ലൻഡിലെ ആദ്യ ഔദ്യോഗിക സീറോമലബാർ ഇടവകയായി ഉയർത്തി.
രൂപതാ ചാൻസലർ റവ.ഫാ. മാത്യു പിണക്കാട്ട് ഡിക്രി വായിച്ചുകേൾപ്പിച്ചു. തുടർന്ന് റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിനെ (സുനിലച്ചൻ) ഇടവകയുടെ ആദ്യ വികാരിയായി നിയമിച്ചു.
G32 മുതൽ ML12 വരെയുള്ള വിവിധ പോസ്റ്റ് കോഡ് പ്രദേശങ്ങളിലെ സീറോമലബാർ വിശ്വാസികൾ പുതിയ ഇടവകയുടെ പരിധിയിൽ ഉൾപ്പെടും.
.jpg1785759621.jpg)
2002-ൽ കാംബസ്ലാംഗിലെ സെന്റ് ബ്രൈഡ്സ് ദൈവാലയത്തിൽ ഏതാനും കുടുംബങ്ങളുടെ പ്രാർഥനാസംഗമമായി ആരംഭിച്ച വിശ്വാസയാത്രയാണ് ഇന്ന് നൂറുകണക്കിന് കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന സ്വന്തം ദൈവാലയത്തിലും സ്ഥിരം ഇടവകയിലും എത്തിനിൽക്കുന്നത്.
വിവിധ ദേവാലയങ്ങളിൽ മാറിമാറി വിശുദ്ധ കുർബാന അർപ്പിച്ചും വിശ്വാസപാരമ്പര്യം സംരക്ഷിച്ചും കാൽനൂറ്റാണ്ടോളം നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് വിശ്വാസികൾ പറഞ്ഞു.
നിയമപരവും സാമ്പത്തികവുമായ നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് വെറും പതിനൊന്ന് മാസത്തിനുള്ളിൽ ദൈവാലയം സ്വന്തമാക്കാനും ഇടവക രൂപീകരിക്കാനുമുള്ള ശ്രമങ്ങൾ വിജയത്തിലെത്തിയത്.

റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിന്റെ നേതൃത്വവും മുൻ വൈദികരായ റവ.ഫാ. സെബാസ്റ്റ്യൻ കല്ലത്ത് വിസി, റവ. ഫാ. ജോസഫ് വെമ്പാടംന്തറ വിസി, റവ. ഫാ. ജോണി വെട്ടിക്കൽ വിസി എന്നിവരുടെ സേവനവും ഇടവകാംഗങ്ങളുടെ കൂട്ടായ പരിശ്രമവും ഈ നേട്ടത്തിന് വഴിയൊരുക്കി.
മദർവെൽ രൂപതയും പ്രാദേശിക കത്തോലിക്കാ സമൂഹവും ചടങ്ങിൽ സജീവമായി പങ്കെടുത്തു. ബിഷപ് ജോസഫ് ടോൾ, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെയും മദർവെൽ രൂപതയിലെയും വൈദികർ, നോർത്ത് ലാനാർക്ക്ഷെയർ പ്രൊവോസ്റ്റ് കെന്നത്ത് ഡഫി, എംഎസ്പി ക്ലെയർ ആഡംസൺ, എംപി പമേലാ നാഷ്, എംപി ഡേവിഡ് ഡേ എന്നിവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ സഭാ നേതാക്കളും നൂറുകണക്കിന് വിശ്വാസികളും ചടങ്ങിൽ പങ്കാളികളായി.
തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ ഡോ. ക്രിസ് കുര്യനും ഡോ. ഷെറിൻ ജെയ്സണും പരിപാടികൾക്ക് നേതൃത്വം നൽകി. വിശിഷ്ടാതിഥികൾ ആശംസകൾ നേർന്നു. പ്രവാസഭൂമിയിൽ വിശ്വാസവും പാരമ്പര്യവും തലമുറകളിലേക്ക് കൈമാറുന്ന ആത്മീയ കേന്ദ്രമായി മർത്തമറിയം ദൈവാലയം മാറുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Tags : Scotland SyroMalabarChurch Motherwell