ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ന്യൂഡൽഹി: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡനിലെ എംജിഒസിഎസ്എം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സ്റ്റീഫൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഹൗസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ചാമ്പ്യന്മാരായി.
ദിൽഷാദ് ഗാർഡനിലെ ക്വീൻസ് ഗ്ലോബൽ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ ഓർത്തഡോക്സ്, മാർത്തോമ്മ ഇടവകകളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുത്തു.
ആറ് എ സൈഡ് ഫോർമാറ്റിൽ ലീഗ് കം നോക്കൗട്ട് രീതിയിലായിരുന്നു മത്സരം.ചാമ്പ്യന്മാർക്ക് 10,001 രൂപ സമ്മാനത്തുകയും ട്രോഫിയും ലഭിച്ചു. ആതിഥേയരായ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ റണ്ണേഴ്സ് അപ്പായി.

രണ്ടാം സ്ഥാനക്കാർക്ക് 7,001 രൂപ സമ്മാനത്തുക ലഭിച്ചു. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജനക്പുരി മൂന്നാം സ്ഥാനം നേടി.
ഹൗസ് ഖാസ് സെന്റ് മേരീസ് ടീമിലെ ആബേൽ മികച്ച ഗോൾകീപ്പറായും ഇവാൻ സാമുവൽ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു. സെന്റ് സ്റ്റീഫൻസ് ദിൽഷാദ് ഗാർഡനിലെ ജോയൽ നൈനാൻ ടോപ് സ്കോററായി.
മാർ ദിമെത്രിയോസ് ഡയാലിസിസ് പ്രോജക്ടിനായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ‘Let’s Play with Purpose and Make an Impact’ എന്ന സന്ദേശത്തോടെയായിരുന്നു മത്സരം.
കായിക മത്സരത്തിനൊപ്പം സൗഹൃദവും കൂട്ടായ്മയും സാമൂഹിക സേവനവും പ്രോത്സാഹിപ്പിക്കുന്ന വേദിയായി ടൂർണമെന്റ് മാറി. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് രാവിലെ 10ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
റവ. ഫാ. ആരോൺ ജോഷുവാ ജോൺ, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ട്രസ്റ്റി സാബു അബ്രഹാം, സെക്രട്ടറി സി. ഐ. ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags : St.MarysChurch StephensCup Champion NRINews