ഫിലഡൽഫിയ: അമേരിക്കൻ അതി ഭദ്രാസനത്തിലെ മുഖ്യ ദേവാലയങ്ങളിൽ ഒന്നായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ ഇടവകയുടെ കാവൽ പിതാവും ശ്ലീഹന്മാരിൽ തലവനുമായ വിശുദ്ധ പത്രോസ് ശ്ലീഹായുടെ നാമത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ദുക്റാന പെരുന്നാളും സൺഡേ സ്കൂൾ കുട്ടികളുടെ വെക്കേഷൻ ബൈബിൾ സ്കൂളും സംയുക്തമായി വ്യാഴം, വെള്ളി, ശനി, ഞായർ (ജൂൺ 25, 26, 27,28) എന്നീ ദിവസങ്ങളിൽ ആചരിക്കുന്നു.
ഞായറാഴ്ച വിശുദ്ധ കുർബാനാനന്തരം കൊടി ഉയർത്തലോടു കൂടി ഈ വർഷത്തെ പെരുന്നാൾ മഹാമഹത്തിനു തുടക്കം കുറിക്കുകയുണ്ടായി. ശനിയാഴ്ച വൈകുന്നേരം ആറിനു പെരുന്നാളിനോടനുബന്ധിച്ചു സന്ധ്യാ പ്രാർഥനയും ഏഴിന് റവ. ഫാ. രാജൻ പീറ്ററിന്റെ വചനപ്രഘോഷണവും പിന്നീട് റാസാ, ചെണ്ടമേളം, ഫയർവർക്സ് ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത പ്രാർഥനയും 9.30 നു റവ.ഫാ. രാജൻ പീറ്ററിന്റെ മുഖ്യ കാർമികത്വത്തിലും റവ. ഫാ. അരുൺ ഗീവർഗീസ്, റവ.ഫാ. അഭിലാഷ് ഏലിയാസ് എന്നിവരുടെ സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് ഹൈസ്കൂൾ, കോളജ് തലത്തിലെ ബിരുദധാരികളായ കുട്ടികളെ ആദരിക്കൽ ചടങ്ങും ഉണ്ടായിരിക്കുന്നതാണ്.
തുടർന്ന് കൈമുത്ത്, നേർച്ച വിളമ്പ്, കൊടിയിറക്കത്തോടുകൂടി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കുകയായി. പതിവുപോലെ എല്ലാ വർഷവും നടത്തിവരാറുള്ള വിബിഎസ് (വെക്കേഷൻ ബൈബിൾ സ്കൂൾ) വ്യാഴം, വെള്ളി ദിവസങ്ങളിൽ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ അംഗണത്തിൽ വച്ച് പ്രഗത്ഭരായ സൺഡേ സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിലും ദേവാലയത്തിലെ യൂത്ത് ലീഗ് അംഗങ്ങളുടെ സഹകരണത്തിലും നടത്തുന്നു ഈ വർഷത്തെ വിബിഎസ് തീം "സഫാരി എസ്പെഡിഷൻ' എന്നാണ്.
മൂന്ന് മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കായി വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചിന് സമാപന ചടങ്ങോടു കൂടി ഈ വർഷത്തെ വിബിഎസ് പര്യവസാനിക്കത്തക്ക രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് .
ഫിലഡൽഫിയയിലും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും കുട്ടികളെയും ഈ വരുന്ന പെരുന്നാളിനും വിബിഎസിലേക്കും പങ്കെടുക്കുന്നതിനായി സാദരം ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി: stpeterscathedral.org
Tags : St Peters Syriac Orthodox Cathedral Annual Feast USA