മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ബുധനാഴ്ച പ്രഖ്യാപിക്കും. പരിക്കേറ്റ ശുഭ്മാന്‍ ഗിൽ പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിച്ചേക്കില്ലെന്നാണ് സൂചന. ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിന് വേദിയാകുന്ന റായ്പൂരില്‍ വെച്ചായിരിക്കും സെലക്ഷന് കമ്മിറ്റി യോഗം ചേരുക.
ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യ ടി20 ടീമില്‍ തിരിച്ചെത്തും. മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് ഹാര്‍ദ്ദിക് ഫിറ്റ്നെസ് തെളിയിച്ചിരുന്നു. പഞ്ചാബിനെതിരായ മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ ഹാർദ്ദിക് 52 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ ബാറ്റിംഗിനിറങ്ങി 77 റണ്‍സടിച്ച് തിളങ്ങി.
മധ്യനിരയിലേക്ക് റിയാന്‍ പരാഗിനെയും പരിഗണിക്കുമെന്ന് റിപ്പോർട്ടുണ്ട്. 2024ല്‍ ബംഗ്ലാദേശിനെതിരെയാണ് പരാഗ് അവസാനമായി കളിച്ചത്.