ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ മെഡൽ നേടിയ യഷ്വീർ സിംഗും രോഹിത് യാദവും.
നഗോയ: ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം. പരിക്കിനെ തുടർന്ന് നീരജ് ചോപ്ര വിട്ടുനിന്ന മത്സരത്തിൽ വെള്ളിയും വെങ്കലവുമാണ് ഇന്ത്യ നേടിയത്. യഷ്വീർ സിംഗ് വെള്ളിയും രോഹിത് യാദവ് വെങ്കലവും നേടി.
ലോകചാമ്പ്യനും ശ്രീലങ്കൻ താരവുമായ രുമേഷ് പതിരങ്കയാണ് സ്വർണം സ്വന്തമാക്കിയത്. 88.55 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് രുമേഷ് ഒന്നാമതെത്തിയത്. എന്നാൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത യഷ്വീർ സിംഗ് 85.72 മീറ്റർ ദൂരം കണ്ടെത്തിയാണ് വെള്ളി സ്വന്തമാക്കിയത്.
രോഹിത് യാദവ് 84.35 മീറ്റർ പിന്നിട്ട് വെങ്കലവും ഉറപ്പിച്ചു. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ രോഹിത് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയെങ്കിലും അഞ്ചാം ശ്രമത്തിൽ 85 മീറ്ററിലധികം ദൂരം കണ്ടെത്തി യഷ്വീർ വെള്ളി മെഡൽ തിരികെപ്പിടിക്കുകയായിരുന്നു.
അതേസമയം പാക്കിസ്ഥാൻ താരവും ഒളിമ്പിക്സ് മെഡലിസ്റ്റുമായ അർഷാദ് നദീമിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. താരത്തിന്റെ നാല് ശ്രമങ്ങളും ഫൗളായപ്പോൾ മൂന്നാം ശ്രമത്തിൽ കണ്ടെത്തിയ 80.29 മീറ്ററാണ് അദ്ദേഹത്തെ നാലാം സ്ഥാനത്ത് എത്തിച്ചത്.
Tags : Asian Games javelin Yashveer Singh Rohit Yadav Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash