മിന്നു മണി.
കൊച്ചി: വനിതാ പ്രീമിയർ ലീഗിന്റെ അഞ്ചാം സീസണിൽ നിലനിർത്തിയ താരങ്ങളുടെ പട്ടിക ടീമുകൾ പുറത്തുവിട്ടു. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഗ്രേസ് ഹാരിസിനെ ഒഴിവാക്കിയതാണ് പട്ടികയിലെ ശ്രദ്ധേയമായ മാറ്റം. മുംബൈ ഇന്ത്യൻസും യുവ വിക്കറ്റ് കീപ്പർ-ബാറ്റർ ജി. കമാലിനിയെ ഒഴിവാക്കി.
2027 ജനുവരി 14 മുതൽ ഫെബ്രുവരി ഏഴു വരെയാണ് അഞ്ചാം സീസൺ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ഫ്രാഞ്ചൈസികളിലായി ആകെ 63 താരങ്ങളെയാണ് ടീമുകൾ നിലനിർത്തിയത്. നിലനിർത്തിയ താരങ്ങളുടെ എണ്ണത്തിൽ ഗുജറാത്ത് ജയന്റ്സാണ് മുന്നിൽ. 15 താരങ്ങളെയാണ് ഗുജറാത്ത് നിലനിർത്തിയത്.
നിലവിലെ ചാമ്പ്യന്മാരായ ആർസിബി 13 താരങ്ങളെയും ഡൽഹി ക്യാപിറ്റൽസ് 13 താരങ്ങളെയും നിലനിർത്തി. മുംബൈ ഇന്ത്യൻസും യുപിവാരിയേഴ്സും 11 താരങ്ങളെ വീതമാണ് ടീമിൽ നിലനിർത്തിയത്. ക്യാപ്റ്റൻ സ്മൃതി മന്ദാന, റിച്ച ഘോഷ്, ശ്രേയങ്ക പാട്ടീൽ എന്നിവർക്കൊപ്പം ഓസ്ട്രേലിയൻ ഓൾറൗണ്ടർ എൽസി പെറിയെയും ആർസിബി നിലനിർത്തി. അതേസമയം ഗ്രേസ് ഹാരിസിനൊപ്പം ഇംഗ്ലണ്ട് സ്പിന്നർ ലിൻസി സ്മിത്ത്, ദയാളൻ ഹേമലത എന്നിവരെ ആർസിബി ഒഴിവാക്കി.
മുംബൈ ഇന്ത്യൻസിൽ നായിക ഹർമൻപ്രീത് കൗർ, നാറ്റ് സിവർ-ബ്രണ്ട്, ഹെയ്ലി മാത്യൂസ്, മലയാളി താരം സജ്ജന സജീവൻ എന്നിവർ തുടരും. എന്നാൽ കഴിഞ്ഞ സീസണിലെ പ്രധാന നിലനിർത്തലുകളിലൊന്നായിരുന്ന ജി. കമാലിനിയെയും സായ്ക ഇഷാഖിനെയും മുംബൈ ഒഴിവാക്കി.
ഡൽഹി ക്യാപിറ്റൽസ് നായിക ജെമീമ റോഡ്രിഗ്സ്, ഷെഫാലി വർമ്മ, മരിസാനെ കാപ്പ് എന്നിവർക്കൊപ്പം മലയാളി ഓൾറൗണ്ടർ മിന്നു മണിയെയും നിലനിർത്തി. സ്നേഹ് റാണ, അലാന കിംഗ്, ലിസെല്ലെ ലീ എന്നിവരെ ഡൽഹി ഒഴിവാക്കി.
യുപി വാരിയേഴ്സ് ക്യാപ്റ്റൻ മെഗ് ലാന്നിംഗ്, ദീപ്തി ശർമ്മ, സോഫി എക്ലെസ്റ്റോൺ എന്നിവരെ നിലനിർത്തിയപ്പോൾ ശ്വേത സെഹ്രാവത്, ആശ ശോഭന, ഡീൻഡ്ര ഡോട്ടിൻ എന്നിവരെ ഒഴിവാക്കി. ഗുജറാത്ത് ജയന്റ്സ് ആഷ്ലി ഗാർഡ്നർ, ബെത്ത് മൂണി, രേണുക സിംഗ് എന്നിവരടക്കം 15 പ്രമുഖ താരങ്ങളെ ടീമിൽ നിലനിർത്തി.
Tags : Wpl Auction Womens Premier League Delhi Capitals Minnu Mani Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash