ഗുവാഹത്തി: ഗുവാഹത്തിയിലെ ബാർസപര സ്റ്റേഡിയത്തിൽ ടോസ് നേടി രാജസ്ഥാൻ റോയൽസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിന് തുടക്കത്തിൽ തന്നെ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്.
മൂന്ന് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിലാണ് ചെന്നൈ. ജോഫ്ര ആർച്ചറും നന്ദ്രെ ബർഗറും ചേർന്ന് ഓരോ വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാന് മികച്ച തുടക്കം നൽകി കഴിഞ്ഞു.
ഈ മത്സരത്തിലെ ഏറ്റവും വലിയ ആകാംക്ഷ മുൻ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ചെന്നൈ കുപ്പായത്തിൽ എങ്ങനെ തിളങ്ങും എന്നതായിരുന്നു. എന്നാൽ തന്‍റെ മുൻ ടീമിനെതിരെയുള്ള ആദ്യ മത്സരത്തിൽ 7 പന്തിൽ 6 റൺസ് മാത്രം എടുത്ത് സഞ്ജു പുറത്തായത് ചെന്നൈ ആരാധകരെ നിരാശരാക്കി.
സഞ്ജുവിനെ ടീമിലെത്തിക്കാൻ ചെന്നൈ വിട്ടുനൽകിയ രവീന്ദ്ര ജഡേജയാകട്ടെ രാജസ്ഥാൻ നിരയിൽ ഫീൽഡിംഗിൽ സജീവമാണ്. പരിക്കുമൂലം ഇതിഹാസ താരം എം.എസ്. ധോണി വിട്ടുനിൽക്കുന്ന മത്സരത്തിൽ ഋതുരാജ് ഗെയ്‌ക്വാദിന്‍റെ നേതൃത്വത്തിലാണ് ചെന്നൈ പൊരുതുന്നത്.
സ്വന്തം തട്ടകത്തിൽ ആദ്യമായി രാജസ്ഥാനെ നയിക്കുന്ന റിയാൻ പരാഗിന് കീഴിൽ യുവനിര ആത്മവിശ്വാസത്തിലാണ്. യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും അടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിര കൂടി എത്തുന്നതോടെ മത്സരം കൂടുതൽ ആവേശകരമാകും. ആറാം കിരീടം സ്വപ്നം കാണുന്ന ചെന്നൈയെ പിടിച്ചുകെട്ടി സീസണിലെ ആദ്യ വിജയം സ്വന്തമാക്കാനാണ് റോയൽസ് ലക്ഷ്യമിടുന്നത്.
Tags : IPL2026 RajasthanRoyals RRvCSK ChennaiSuperKings WhistlePodu