International
മസ്കറ്റ്: ഹോര്‍മുസ് കടലിടുക്കില്‍ ഒമാനു സമീപം എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം. യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സാണ് ആക്രമണത്തിന്റെ വിവരം പുറത്തുവിട്ടത്.
ആളപായമോ എണ്ണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒമാനി പട്ടണമായ ഖസബിന് ഏകദേശം 30 കിലോമീറ്റര്‍ കിഴക്കാണ് അപകടമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഒരാഴ്ചയ്ക്കിടെ ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഇക്കഴിഞ്ഞ 25-ാം തിയതി കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് കപ്പലിന് തീപിടിക്കുകയും കപ്പലിന്റെ ക്രൂ അംഗങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണയ്ക്കുകയും ചെയ്തിരുന്നു.
Kerala
പത്തനംതിട്ട: പന്തളത്ത് ഭാര്യയോട് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. കുളനട സ്വദേശി അയ്യന്തി ഉന്നതിയിൽ അജി ഭവനം വീട്ടിൽ രാജേഷ് രാജപ്പൻ (48) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.
പന്തളം ടൗണിലാണ് സംഭവം. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പന്തളം ടൗണിലെ ബാർ ഹോട്ടലിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രതിയുടെ സുഹൃത്തായ ആങ്ങമൂഴി സ്വദേശിയെയാണ് പ്രതി മാരകായുധം ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിച്ചത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പന്തളം പോലീസ് അന്വേഷണം നടത്തിപ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: താറാവ് ഫാമിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിവേട്ടയ്ക്കെത്തിയ എക്സൈസ് സംഘത്തെ പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചു.
സംഭവത്തിൽ വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് എക്സൈസ് ജീവനക്കാർക്ക് പരിക്കേറ്റു. ആക്രമണത്തിനു പിന്നാലെ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ എക്സൈസിന്റെ കസ്റ്റഡിയിൽനിന്ന് ബലമായി മോചിപ്പിച്ച് കടത്തിക്കൊണ്ടുപോയി.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം തമ്മനം എകെജി നഗറിലായിരുന്നു സംഭവം. ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ ഷിയാസ്, ഡ്രൈവർ വിഷ്ണുകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കനക എന്നിവർക്കാണു പരിക്കേറ്റത്. മൂവരും ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ നാലു പേരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. തമ്മനം എകെജി നഗർ സ്വദേശികളായ അഖിൽ, വിശാൽ, അജിത്ത്, അബിൻ ആന്റണി എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് കേസ്.
എക്സൈസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട വൈശാഖ്, ഉദ്യോഗസ്ഥരെ ആക്രമിച്ച എകെജി നഗർ സ്വദേശി വിനീഷ് എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.
സംഭവദിവസം ഉച്ചയ്ക്ക് മെത്താഫെറ്റമിനുമായി പിടിയിലായ അക്ഷയ് കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യപ്രതിയായ വൈശാഖിനെക്കുറിച്ച് എക്സൈസിനു വിവരം ലഭിച്ചത്.
അറസ്റ്റിലായ അഖിലും അജിത്തും അക്ഷയും വൈശാഖുമായി ചേർന്ന് ഡൽഹിയിൽനിന്ന് 200 ഗ്രാം എംഡിഎംഎ എത്തിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമ്മനത്തെത്തിയത്. താറാവ് ഫാമിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ചിട്ടുണ്ടെന്ന് അക്ഷയ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഇവിടേക്കു ബൈക്കിലെത്തിയ വൈശാഖിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ ഉദ്യോഗസ്ഥരെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വൈശാഖിന്റെ അച്ഛനും സുഹൃത്തുക്കളും പ്രദേശവാസികളും സംഘടിച്ചെത്തി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
സംഘർഷത്തിനിടെ നാട്ടുകാർ പ്രതിയെ ഉദ്യോഗസ്ഥരിൽനിന്നു ബലമായി മോചിപ്പിച്ച് സമീപത്തെ വീട്ടിലേക്കു മാറ്റുകയും പിന്നീട് അവിടെനിന്നു രക്ഷപ്പെടാൻ സൗകര്യമൊരുക്കുകയും ചെയ്തു. വിവരമറിഞ്ഞ് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി. കൂടുതൽ പോലീസ് എത്തിയാണു പ്രതികളെ കീഴടക്കിയത്.
Kerala
കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ മോട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റു.
ഞായറാഴ്ച രാത്രി പത്തോടെയാണ് നിട്ടൂർ മോട്ടന്തറ ഭാഗത്ത് അക്രമ സംഭവം നടന്നത്. സ്കൂട്ടറിലെത്തിയ ആറംഗ സംഘം തങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ വ്യക്തമാക്കി.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റൊരു യുവാവായ അശ്വിൻ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ മുഖ്യപ്രതിയായ നാദാപുരം ചേലക്കാട് സ്വദേശി മലയിൽ ശ്രീജിത്തിനെ കുറ്റ്യാടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
District News
പേരൂര്‍ക്കട: വിവാഹാഭ്യര്‍ഥന നിരസിച്ചതിനു യുവതിയെ നടുറോഡിലിടിച്ച് മര്‍ദിച്ച കേ സിൽ യുവാവ് പിടിയില്‍. മുദാക്കല്‍ സ്വദേശി കവടിയാര്‍ ഗോള്‍ഫ് ലിംഗ്സ് റോഡ് വിവേകാനന്ദ നഗര്‍ പിപിഡി ഫ്ളാറ്റിനു സമീപം വാടകയ്ക്കു താമസിച്ചുവരുന്ന ആര്. വിഷ്ണു (25) വാണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പാതിരിപ്പള്ളി സ്വദേശിനിയായ 27-കാരിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി നടത്തിയ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമായത്. കുറച്ചുനാളായി യുവതിയുടെ പിറകേനടന്ന വിഷ്ണുവിനെ വിവാഹം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിക്കാ ത്തതാണു പ്രതിയെ പ്രകോപിപ്പിച്ചത്. ഇന്നലെ രാവിലെ 8.30ന് യുവതി തന്റെ ജോലിസ്ഥലത്തേക്കു പോകുന്നതിനായി നാലാഞ്ചിറ ഉദിയന്നൂര്‍ ക്ഷേത്രത്തിനു സമീപത്തുനിന്നും ഓട്ടോറിക്ഷയില്‍ കയറി. \
എന്നാല്‍ ഓട്ടോറിക്ഷ ഓടിച്ചുവന്നത് വിഷ്ണുവാണെന്നു യുവതി അറിഞ്ഞിരുന്നില്ല. ഓട്ടോയ്ക്കുള്ളില്വച്ചു വിഷ് ണുവിനെ തിരിച്ചറിഞ്ഞതോടെ തന്നെ ഇറക്കിവിടണമെന്നു യുവതി ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ച വിഷ്ണു ഇവരുടെ ഇടതുകൈ പിടിച്ചു തിരിക്കുകയും വാഹനം നിര്‍ത്തിയശേഷം റോഡിലേക്ക് തള്ളിയിടുകയുംചെയ്തു. തുടര്‍ന്നു തല പിടിച്ചു റോഡിലിടിപ്പിച്ചു. തന്റെ കൈവശമിരുന്ന ഓട്ടോയുടെ താക്കോല്‍ ഉപയോഗിച്ച് ഇടതുകൈയില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
യുവതിയ നല്കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ മണ്ണന്തല സിഐ അനൂപ്, എസ്ഐ ആര്.എസ്. വിപിന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.
International
കീവ്: യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിനു നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായി. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നതെന്ന് കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എംജി എജിഎൻ റാഗ്നർ എന്ന കപ്പലിനു നേരെയാണ് ഈ ആക്രമണമുണ്ടായത്. ആക്രമണസമയത്ത് കപ്പലിൽ ആകെ നാല് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കാണാതായ രണ്ട് ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാണാതായ ഇന്ത്യൻ പൗരന്മാർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു. ഈ വിഷയത്തിൽ യുക്രെയ്ൻ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലും ഒഡേസ തുറമുഖത്ത് സമാനമായ രീതിയിൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ജൂലൈ 19ന് ഇതേ തുറമുഖത്ത് കപ്പലിനു നേരെ നടന്ന ആക്രമണത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. എംവി ഗോൾഡൻ ലിയോ എന്ന കപ്പലിലെ ജീവനക്കാരായ അഞ്ച് ഇന്ത്യക്കാരാണ് അന്ന് ആക്രമിക്കപ്പെട്ടത്.
ഈ പശ്ചാത്തലത്തിൽ യുക്രെയ്നിലുള്ള ഇന്ത്യൻ പൗരന്മാർക്കായി എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര കോൺസുലർ സഹായങ്ങൾ ആവശ്യമുള്ളവർക്കായി +380 93 355 9958 എന്ന എമർജൻസി ഫോൺ നമ്പറും, [email protected], [email protected] എന്നീ ഇമെയിൽ വിലാസങ്ങളും എംബസി പങ്കുവച്ചിട്ടുണ്ട്.
Kerala
കൽപ്പറ്റ: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് കൽപറ്റയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ കെഎസ്യു ജില്ലാ പ്രസിഡന്റിനെതിരെ കേസ്. കെഎസ്യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസിനെതിരെയാണ് പോലീസ് കേസെടുത്തത്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പോലീസുകാരന്റെ മുഖത്തടിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് കൽപറ്റ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം.
പ്രതിഷേധ പ്രകടനത്തിനിടെ പോലീസും നേതാക്കളും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാവുകയും ഇതിനിടയിൽ ഗൗതം കൈയുയർത്തി പോലീസുകാരന്റെ കരണത്തടിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ പ്രചരിക്കുകയും വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
National
ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് എംപിമാരോട് ഡൽഹി പോലീസ് കാണിച്ചത് വലിയ ക്രൂരത. പ്രതിഷേധിക്കുന്നത് എംപിമാരാണെന്ന് അറിഞ്ഞിട്ടും മനുഷ്യത്വ രഹിതമായാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് എംപിമാർ കുറ്റപ്പെടുത്തി.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പെടെ ചില എംപിമാരെ പ്രതിഷേധത്തിന്റെ ആദ്യസമയത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ മാറാൻ തയാറാകാതിരുന്ന എംപിമാരെ കായികമായാണ് പോലീസ് നീക്കിയത്. ഡീൻ കുര്യാക്കോസിനെ മൂന്നിലേറെ പോലീസുകാർ റോഡിലൂടെ വലിച്ചിഴച്ച് പോലീസ് വാനിലേക്ക് കയറ്റാൻ ശ്രമിച്ചു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ അദ്ദേഹം എംപിയാണെന്ന് പറഞ്ഞിട്ടും നടപടിയിൽനിന്നു പിന്മാറാൻ പോലീസ് തയാറായില്ല.
പിന്നീട് ഡീനും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവസ്ഥലത്തുനിന്ന് പത്ത് കിലോമീറ്ററോളം ദൂരമുള്ള കിങ്സ്വേ പോലീസ് ക്യാമ്പിലേക്കാണ് ഡീൻ ഉൾപ്പെടെയുള്ള എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അഭിഭാഷകരെപ്പോലും പോലീസ് ക്യാമ്പിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് എംപിമാർ ആരോപിച്ചു.
പോലീസ് കാര്യങ്ങൾ വ്യക്തമാക്കുന്നില്ലെന്നും യാതൊരു വിവരവും പങ്കുവയ്ക്കുന്നില്ലെന്നും എംപിമാർ കുറ്റപ്പെടുത്തി. രാത്രി വൈകിയും കോൺഗ്രസ് എംപിമാർ പോലീസ് ക്യാമ്പിൽ തുടരുകയാണ്.
District News
ചൂണ്ടൽ: മേഖലയിൽ തെരുവുനായയുടെ ആക്രമണം രൂക്ഷമാകുന്നു. വെട്ടുകാട് മരംമുറിക്കാനെത്തിയ അതിഥി തൊഴിലാളിക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റ ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. തെരുവുനായയ്ക്ക് പേവിഷബാധയുണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
അതിഥി തൊഴിലാളിയെ ആക്രമിച്ചതിനുപുറമെ ഈ മേഖലകളിലെ നിരവധി വളർത്തുമൃഗങ്ങളെയും നായ കടിച്ചുപരിക്കേൽപ്പിച്ചിട്ടുണ്ട്. അക്രമകാരിയായ നായ നാട്ടുകാർക്കിടയിലും വളർത്തുമൃഗങ്ങൾക്കും ഭീഷണി സൃഷ്ടിച്ചതോടെ, നാട്ടുകാർ ഒത്തുചേർന്ന് നായയെ പിടികൂടി താൽക്കാലിക കൂട്ടിൽ അടച്ചു.
ചൂണ്ടൽ പഞ്ചായത്ത് മേഖലയിൽ തെരുവുനായ ശല്യം തുടരുകയാണ്. നായശല്യം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞദിവസം പഞ്ചായത്തിലെ ഒരു സ്കൂളിന് അവധി നല്കി. മേഖലയിലെ തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
International
ദുബായ്: ഹോര്‍മുസ് കടലിടുക്കില്‍ ഒമാന്‍ തീരത്തുകൂടി സഞ്ചരിക്കുകയായിരുന്ന മൂന്നു കപ്പലുകൾക്കു നേർക്ക് ആക്രമണം.
ഇന്നലെ പുലര്‍ച്ചെ ഒമാനിലെ ലിമയ്ക്ക് സമീപം കടലിടുക്കില്‍ വച്ചാണ് ആദ്യ ആക്രമണമുണ്ടായതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ വ്യക്തമാക്കി. കപ്പലിനു തീപിടിച്ചതായി ബ്രിട്ടീഷ് സൈന്യം അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. രാവിലെയാണ് രണ്ടാമത്തെ കപ്പലിനു നേർക്ക് ആക്രമണുണ്ടായത്. കപ്പലിനു കേടുപാടുണ്ടായി.
എന്നാൽ, ആർക്കും പരിക്കില്ല. മൂന്നാമത്തെ കപ്പലിനു നേർക്ക് ഡ്രോൺ ആക്രമണമാണുണ്ടായത്. കപ്പലിനു ചെറിയ കേടുപാടുണ്ടായി.
Kerala
കൊല്ലം: മടത്തറയിൽ ബെവ്കോ ഔട്ട്ലെറ്റിലെ മാനേജറെ ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. നിലമേൽ കൈതോട് സ്വദേശികളായ മർജാൻ, നാദിർ, അമൽ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ മദ്യപിച്ചു സ്ത്രീകൾ മാത്രമുള്ള പ്രീമിയം കൗണ്ടറിൽ മദ്യം വാങ്ങാൻ എത്തി ജീവനക്കാരിയെ ശല്യം ചെയ്തിരുന്നു. ഇത് മാനേജർ വിനോദിന്റെ ശ്രദ്ധയിൽപ്പെടുകയും യുവാക്കളെ ഷോപ്പിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു.
ഈ വൈരാഗ്യത്തിലാണ് ഷോപ്പിൽ നിന്ന് പുറത്തിറങ്ങിയ മാനേജറെ പ്രതികൾ കാത്തു നിന്ന് മർദിച്ചത്.
Kerala
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിരാകരിച്ച് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വിലയിരുത്തി ചീഫ് ജസ്റ്റീസ് സൗമൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാംകുമാർ ഇതു സംബബന്ധിച്ച ഹർജി തീർപ്പാക്കി. സിഎംആർഎൽ - എക്സാലോജിക് പണമിടപാട് കേസ് അന്വേഷിക്കുന്ന ഇഡി സംഘത്തിനു നേരേയാണ് ആക്രമണമുണ്ടായത്.
അന്വേഷണം സംബന്ധിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ടി. വീണ പ്രതിയായ സിഎംആർഎൽ - എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷം തിരിച്ചു പോകുമ്പോഴാണ് ഇഡി സംഘം ആക്രമിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 25ഓളം പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇഡിക്കെതിരെ നടന്ന ആക്രമണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിലെടുത്ത കേസിന്റെ അന്വേഷണം ഒച്ചിഴയുന്ന വേഗത്തിലാണെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ സംഭവം നടന്നിട്ട് 10 ദിവസം പോലും തികഞ്ഞിട്ടില്ലെന്ന് നേരത്തേ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയിരുന്നു.
National
പാറ്റ്ന: വസ്തുതർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ നടൻ പങ്കജ് ത്രിപാഠിയുടെ സഹോദരന് കോടാലികൊണ്ട് വെട്ടേറ്റു.
ഇന്നലെ വൈകിട്ട് ഗോപാൽഗഞ്ച് ജില്ലയിൽ മാധോപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബെൽസന്ദ് ഗ്രാമത്തിലാണ് സംഭവം.
പങ്കജ് ത്രിപാഠിയുടെ സഹോദരൻ ബിജേന്ദ്ര നാഥ് തിവാരിക്കാണ് പരിക്കേറ്റത്. പോലീസ് ഉദ്യോഗസ്ഥനായ സുധാൻഷു കുമാർ പറഞ്ഞു.
National
കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷിനു നേരെ മുട്ടയെറിഞ്ഞ സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. ചന്ദന്‍ സിംഗ്, രവി കോയല്‍ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരം മമത ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാര്‍ട്ടി ഓഫീസില്‍നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് കുനാല്‍ ഘോഷിനു നേരേ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റു തെളിവുകളും പരിശോധിച്ചു വരികയാണെന്നും, കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ടിഎംസിയുടെ പരാജയത്തിനു ശേഷം പശ്ചിമ ബംഗാളിന്റെ വിവിധഭാഗങ്ങളില്‍ സമാനമായ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്ക്കും കൗണ്‍സിലര്‍മാര്‍ക്കും നേരേ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Kerala
മൂവാറ്റുപുഴ: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. ഈസ്റ്റ് മാറാടി കരയിൽ പള്ളിക്കവല ഭാഗത്ത് തട്ടാർ കുന്നേൽ അജിത് (19), മീങ്കുന്നം ഭാഗത്ത് പാറത്താഴത്ത് വീട്ടിൽ അദ്വൈത് (20), പഞ്ചായത്തു പടി ഭാഗത്ത് ചാവാട്ട് വീട്ടിൽ ടോമി ഷാജി (19 ), ഹൈസ്കൂളിന് സമീപം ചാരപ്പുറത്ത് പുത്തൻപുരയിൽ വീട്ടിൽ അർജുൻ സനിൽ (20), മങ്ങമ്പ്ര ഭാഗത്ത് തെങ്ങനാൽ വീട്ടിൽ അശ്വിൻ രഘു (20) എന്നിവരാണ് അറസ്റ്റിലായത്.
മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അർധ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകവെ ജംഗ്ഷന് അടുത്ത് വെച്ച് ബൈക്കിലെത്തിയ യുവാക്കൾ യുവതിയെ പിന്തുടരുകയും മോശമായി സമീപിക്കുകയും ചെയ്തു. ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിയെ ബൈക്ക് കൊണ്ട് ഇടിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
യുവതി അതുവഴി വന്ന ടിപ്പറിൽ കയറി രക്ഷപ്പെട്ടു. എന്നാൽ പതിനഞ്ച് കിലോമീറ്ററോളം മാരകായുധങ്ങളുമായി പിന്തുടർന്ന് യുവതിയെ അപായപ്പെടുത്താനും ശ്രമിച്ചു. ഈ സമയം യുവതി പോലീസിനെ വിളിച്ചു. ഉടനെ പോലീസ് എത്തി യുവതിയെ സുരക്ഷിതയാക്കി. പോലീസ് ജീപ്പ് കണ്ട് പിന്തുടർന്നവർ പിന്തിരിഞ്ഞു. തുടർന്ന് പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ സി.ആർ. രഞ്ജുമോൾ, എസ്. ശ്രീനാഥ്, എം.എം. ഉബൈസ്, എം.വി. ദിലീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.പി. രതീഷ്, ബോബി എബ്രാഹം, രഞ്ജിത് രാജൻ, ബിനിൽ എൽദോസ്, കെ.പി. നിസാർ, എം.ജി. ഷീജ എന്നിവരുമുണ്ടായിരുന്നു.
International
മസ്കറ്റ്: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം. കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ രക്ഷിച്ചു. മൂന്ന് ഇന്ത്യക്കാരെ കാണാനില്ല. കപ്പലുകൾ ആക്രമിക്കപ്പെടുന്നത് ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു.
ബുധനാഴ്ച കപ്പൽ ആക്രമിക്കപ്പെട്ടതിലും ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഹോർമുസ് കടലിടുക്കിനടുത്തുള്ള എണ്ണ ടാങ്കർ സെറ്റെബെല്ലോയുടെ എഞ്ചിൻ മുറിയിൽ മിസൈൽ പതിച്ചാണ് കപ്പലിൽ തീപിടിത്തമുണ്ടായത്.
പലാവു പതാക വഹിച്ച കപ്പലിൽ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരിൽ 24 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒമാനി തുറമുഖമായ സോഹാറിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് അപകടത്തെക്കുറിച്ച് സന്ദേശം അയച്ചത്.
24 ഇന്ത്യൻ നാവികരിൽ 21 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും മൂന്ന് പേരെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മസ്കറ്റിലെ തങ്ങളുടെ എംബസി ഒമാനി അധികൃതരുമായി ചേർന്ന് തെരച്ചിൽ, രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്നും അവർ അറിയിച്ചു.
Kerala
വൈപ്പിന്‍: കറണ്ട് പോയതിനെ തുടര്‍ന്ന് ലൈന്‍മാനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ എറണാകുളം ഞാറക്കല്‍ പോലീസ് കേസ് എടുത്തു. മാലിപ്പുറം കര്‍ത്തേടം സ്വദേശികളായ സനോജ്, നിബി, നിക്സണ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.
മാലിപ്പുറം കെഎസ്ഇബി ഓഫീസിലെ ലൈന്മാനായ അലക്സാണ്ടര്‍ പ്രതീഷിനെ (45) ആണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഫീല്‍ഡിലെ ജോലി കഴിഞ്ഞു ഓഫീസിലേക്ക് മടങ്ങുകയായിരുന്ന അലക്സാണ്ടര്‍ പ്രതീഷിനെ കര്‍ത്തേടം ഭാഗത്ത് വഴിയില്‍ തടഞ്ഞു നിര്‍ത്തി കറണ്ട് ഇല്ലാത്തത് എന്താണ് എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആറ് മുതൽ 10 വരെയുള്ള പ്രതികളെയാണ് ബുധനാഴ്ച വൈകുന്നേരം അഞ്ച് വരെ പോലീസ് കസ്റ്റഡിൽ വിട്ടത്.
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്
മേയ് 27-നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. വീണ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്.
മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങൾ വളഞ്ഞ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ (കുരവടികൾ) എന്നിവ ഉപയോഗിച്ച് കാറുകൾ ആക്രമിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: താമരശേരിയിൽ ബാറിൽവെച്ച് യുവാക്കളെ ആക്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഇന്ന് വൈകുന്നേരം നാലിന് താമരശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന ഹസ്തിനപുരി ബാറിലായിരുന്നു സംഭവം.
ആക്രമത്തിൽ പരിക്കേറ്റ ബാലുശേരി എകരൂൽ വള്ളിയോത്ത് സ്വദേശി കക്കാടൻപറമ്പത്ത് വിഷ്ണു (32), സുഹൃത്ത് പ്രജീഷ് (46) എന്നിവർ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരാതിയിൽ പയ്യോളി പുതിയോട്ടിൽ ഫഹദ് , മൈക്കാവ് പട്ടരുമഠത്തിൽ ആൽബിൻ ബേബി , വെളിമണ്ണ എലിയാം പാറമ്മൽ അജയ്, ദിൻഷാദ് എന്നിവരെ താമരശേരി പോലീസ് അറസ്റ്റു ചെയ്തു.
മർദനമേറ്റ വിഷ്ണുവും പ്രതികളിൽ ഒരാളായ ഫഹദും പരിചയക്കാരാണ്. മുമ്പ് അവർ ഒരുമിച്ച് മദ്യപിച്ച സമയം ഫഹദിന്റെ മൊബൈൽ ഫോൺ കാണാതായിരുന്നു. ഇത് വിഷ്ണു എടുത്തു എന്നാണ് ഫഹദ് ആരോപിക്കുന്നത്. സംഭവത്തിനുശേഷം ഇന്ന് ഫഹദ് ബാറിൽവെച്ച് വിഷ്ണുണുവിനെ നേരിൽ കണ്ടപ്പോൾ ഇതേപ്പറ്റി ചോദിച്ചതാണ് പരസ്പരം വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.
ഇടിക്കട്ടകൊണ്ടും കൈകൊണ്ടും പ്രതികൾ ക്രൂരമായി മർദിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ബാർ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് പ്രതികളെ സംഭവസ്ഥലത്തുവെച്ച് പിടികൂടിയത്. മെഡിക്കൽ ചെക്കപ്പിനായി താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതികൾ ആശുപത്രിക്കകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
Kerala
പാലക്കാട്: ട്രെയിന്‍ യാത്രക്കാരനായ യുവാവിനെ സഹയാത്രികന് കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് വാണിയംകുളം സ്വദേശി ജിഷ്ണുവിന് (25) ആണ് കുത്തേറ്റത്.
പ്രതിയായ വയോധികനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ആയിരുന്നു അക്രമണമെന്നാണ് വിവരം.
എറണാകുളം-കരായിക്കല്‍ എക്സ്പ്രസില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്നു ജിഷ്ണു. നല്ല തിരക്കുള്ള ട്രെയിനിൽനിന്ന് ഇറങ്ങാൻ പോകുന്നതിനിടെ നിലത്ത് കിടക്കുകയായിരുന്ന ആളുടെ ദേഹത്ത് അറിയാതെ തട്ടി. ഇതിൽ പ്രകോപിതനായ പ്രതി കത്തിയെടുത്ത് കാലില്‍ കുത്തുകയായിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു.
Kerala
ആലപ്പുഴ: അമ്പലപ്പുഴയിൽ ബിവറേജസിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണപ്പൻ എന്നറിയപ്പെടുന്ന ഉദീഷ് (26), രാജീവ് (41) എന്നിവരാണ് അറസ്റ്റിലായത്.
അമ്പലപ്പുഴ പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ സ്വദേശികളായ ബിജു, ബന്ധു ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അമ്പലപ്പുഴ ബിവറേജസിൽ വച്ച് മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബിജുവും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ ബിജു പ്രതികളിലൊരാളായ ഉദീഷിനെ മർദിച്ചു. തുടർന്ന് പിന്നാലെയെത്തിയ പ്രതികൾ ബിജുവിനെയും ശരത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിൽ വണ്ടാനത്ത് വച്ച് ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് പരാതി പരിഹരിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മറ്റൊരു പോലീസുകാരൻ ആക്രമിച്ചു. മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.
തിരുവനന്തപുരം വികാസ് ഭവൻ പോലീസ് ക്വർട്ടേഴ്സിലാണ് സംഭവം. ഉദ്യോഗസ്ഥൻ ഭാര്യയുമായി വഴക്കുണ്ടാക്കുന്നു എന്ന് 112ൽ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അനീഷ് കുത്തുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
District News
പത്തനംതിട്ട: ഓമല്ലൂരില്‍ തെരുവുനായ ആക്രമണത്തിൽ മൂന്നു വയസുകാരി അടക്കം നാലുപേർക്ക് കടിയേറ്റു.ഇന്നലെ രാവിലെ പുത്തന്‍ പീടികയില്‍ നിന്നുമാണ് നായ അക്രമണം തുടങ്ങിയത്. രാവിലെ നടക്കാൻ ഇറങ്ങിയവർ അടക്കമുള്ളവരെ നായ ആക്രമിച്ചു. ഓമല്ലൂർ പുത്തൻപീടിക സെന്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി റവ.നിജോ ജോസ്, വലിയവീട്ടില്‍ തെക്കേതില്‍ വിമല (70), കൊട്ടാരത്തില്‍ രാജന് (65) എന്നിവരെയാണ് നായ വിവിധ ഇടങ്ങളിലായി ആക്രമിച്ചത്.
പൈവള്ളി ഭാഗത്തേക്ക് എത്തിയ നായ ചരുവിൽ പ്രതിഭയുടെ മകൾ മൂന്നുവയസുകാരി സുകന്യയെ മാരകമായി കടിച്ച് മുറിവേല്പിക്കുകയുമായിരുന്നു.
കുട്ടിയുടെ കണ്ണിനും മുഖത്തുമാണ് നായയുടെ കടിയേറ്റത്. സുകന്യയെ കോട്ടയം മെഡിക്കൽ കോളജിലും മറ്റുള്ളവർക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സ നൽകി.
നായയ്ക്കു പേവിഷ ബാധ സംശയിച്ചതോടെ ഇതിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാർ. വൈകുന്നേരം ഇതിനെ പുത്തൻപീടിക ഭാഗത്ത് ചത്ത നിലയിൽ കണ്ടെത്തി. തിരുവല്ലയിലെ ലാബിൽ പരിശോധന നടത്താനായി നീക്കിയിട്ടുണ്ട്. വീണ്ടും ആക്രമണത്തിനു തുനിഞ്ഞ നായയെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പറയുന്നു.
തെരുവുനായ്ക്കളുടെ എണ്ണം കൂടി
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തടക്കം നായ്ക്കൾ വലിയ ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ വെളളിയാഴ്ച പത്തനംതിട്ട കെഎസ്ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഭിക്ഷാടകരടക്കം ആറുപേരെയാണ് തെരുവുനായ ആക്രമിച്ചത്.
പ്രസവിച്ചു കിടന്ന നായയാണു പലരെയും ആക്രമിച്ചത് . അഞ്ച് കുട്ടികളുമായി ഈ നായ യാത്രക്കാർ കടന്നു പോകുന്ന വഴിയിലാണു കിടക്കുന്നത്. യാത്രക്കാർ ബസിൽ കയറാനുള്ള തിരക്കിൽ നായക്കൂട്ടത്തെ കാണാതെ പോകുകയും അവയെ തട്ടുകയും ചെയ്താൽ പിറകെ പാഞ്ഞത്തി കടിക്കുകയാണു ചെയ്യുന്നത്. മുന്നു ദിവസം മുമ്പും ഇങ്ങനെ ഒരാൾക്ക് കടിയേറ്റിരുന്നു. കൂടുതൽ നായ്ക്കൾ
ബസ് സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിട്ടുണ്ട്. മഴ കൂടി പെയ്താൽ ഇവ സ്റ്റാൻഡ് പരിസരത്തു തന്നെ തങ്ങുകയാണ് പതിവ്.
നഗരത്തിൽ പല ഭാഗത്തും തെരുവുനായ ശല്യം ജനത്തെ വലയ്ക്കുന്നുണ്ട്. പുതിയ ബസ് സ്റ്റാൻഡിലേക്ക് യാത്രക്കാർക്കു പ്രവേശിക്കാൻ കഴിയാത്ത വിധം തെരുവു നായ്ക്കൾ നിറഞ്ഞിരിക്കുകയാണ്. ഭക്ഷണം കിട്ടാതെ വരുമ്പോൾ ചില വീടുകളിൽ കയറി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യാറുണ്ട്.
ബസ് സ്റ്റാൻഡ് യാർഡിൽ യാത്രക്കാർ കടന്നു പോകുന്ന വഴിയിലും ഇരിപ്പിടത്തിനു താഴെയുമായാണ് നായ്ക്കൾ കിടക്കുന്നത്.
സ്കൂൾ കുട്ടികളടക്കം ഒട്ടേറെ പേർ വന്നു പോകുന്ന ബസ് സ്റ്റാൻഡ് പരിസരത്തെ നായ്ക്കൾ ശല്യക്കാരായി മാറിയിരിക്കുകയാണ്. അലഞ്ഞു തിരിയുന്ന നായ്ക്കൾക്കുഭക്ഷണം നൽകാൻ ചിലരുള്ളതാണ് ഇവ സ്റ്റാൻഡ് വിട്ടു പോകാത്തതിനു കാരണ മെന്നു വ്യാപാരികൾ പറയുന്നു. റിംഗ് റോഡിൽ പല ഭാഗത്തും ഭക്ഷണമാലിന്യം തള്ളുന്നതിനാൽ ഇവിടങ്ങളിലും നായ്ക്കൾ തന്പടിക്കുകയാണ്. മേലേവെട്ടിപ്രം, താഴെവെട്ടിപ്രം, പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിനു പിൻവശം, പഴയ സ്റ്റാൻഡ്, മാർക്കറ്റ്, മിനി സിവിൽസ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം നായ ശല്യമാണ്.
Kerala
പത്തനംതിട്ട: ഓമല്ലൂരിൽ വീടിനകത്തേക്ക് ഓടിക്കയറിയ തെരുവുനായ മൂന്നു വയസുകാരിയെ മാരകമായി ആക്രമിച്ചു. കുട്ടിയുടെ കണ്ണിനും മുഖത്തുമാണ് നായയുടെ കടിയേറ്റത്. ഓമല്ലൂർ പൈവള്ളി ചരുവിൽ പ്രതിഭയുടെ മകൾ സുകന്യയെയാണ് ആക്രമിച്ചത്.
വീടിന്റെ അടുക്കള വാതിലിലൂടെയാണ് നായ അകത്തു പ്രവേശിച്ചത്. അകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ആണ് നായ ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മയാണ് കുഞ്ഞിനെ നായയിൽ നിന്നു രക്ഷിച്ചത്.
അപ്പോഴേക്കും മുഖത്തും കണ്ണിനും മുറിവേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ സുകന്യയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതേസ്ഥലത്ത് രാവിലെ നടക്കാനിറങ്ങിയ ഒരു വൈദികനെയും വയോധികനെയും നായ ആക്രമിച്ചിരുന്നു. അതേനായ തന്നെയാണ് മൂന്നുവയസുകാരിയെയും കടിച്ചതെന്ന് കരുതുന്നു.
Kerala
കൊച്ചി: ഒമ്പത് മാസം ഗർഭിണിയായ സ്ത്രീയ്ക്ക് മർദനമേറ്റ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആരക്കുഴ മീങ്കുന്നം പരുന്തുംമാക്കിൽ വീട്ടിൽ കെൻസ് ജേക്കബ് (24), ആരക്കുഴ വില്ലേജ് മീങ്കുന്നം പത്രയിൽ വീട്ടിൽ അരുൺ മണി (24), ആരക്കുഴ വില്ലേജ് മീങ്കുന്നം കരയിൽ ചിരവത്തടത്തിൽ വീട്ടിൽ സോബിൻ (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് മൂവാറ്റുപുഴ മീങ്കുന്നം ഭാഗത്തുള്ള വീടിന് സമീപം വച്ച് പ്രതികൾ ഗർഭിണിയായ യുവതിയുടെ ഭർത്താവിനെ ഉപദ്രവിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് യുവതിയെ പ്രതികൾ ആക്രമിച്ചത്.
മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
District News
പോത്തൻകോട്: ചന്തവിള കുറട്ടൂർ ശ്രീധർമശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലീല (62)യ്ക്ക് നേരെ അർധരാത്രിയിൽ ആക്രമണം നടന്നതായി പരാതി. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ലീലയെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ സംഘം കമ്പിവടികൊണ്ട് മർദിച്ചെന്നാണ് വിവരം.
മർദനത്തിൽ ലീലയുടെ ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റു. മകൻ മരിച്ചതിനെ തുടർന്ന് ഒറ്റയ്ക്കാണ് ലീല താമസിച്ചിരുന്നത്. വീട്ടിനു മുന്നിൽ ചെറിയ കട നടത്തി പച്ചക്കറികൾ ഉൾപ്പെടെയുള്ളവ വിൽപ്പന നടത്തി വരികയായിരുന്നു. ആക്രമണത്തിനിടെ കട തകർത്ത അക്രമികൾ അവിടെ ഉണ്ടായിരുന്ന പച്ചക്കറികളും മറ്റു സാധനങ്ങളും സമീപത്തെ മറ്റൊരു പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞതായും പറയുന്നു.
വെളുപ്പിന് ഒരു മണിയോടെയായിരുന്നു ആക്രമണമെന്നു ലീല പോലീസിനോട് അറിയിച്ചു. പരിക്കേറ്റ നിലയിൽ ലീലയെ വഴിയിൽ കണ്ടെത്തിയ തുടർന്നാണ് വിവരം പുറംലോകം അറിഞ്ഞത്. വിവരം ലഭിച്ചതിനെ തുടർന്നു പോത്തൻകോട് പോലീസ് സ്ഥലത്തെത്തി. കൗൺസിലറുടെ നേതൃത്വത്തിൽ 108 ആംബുലൻസ് വിളിച്ചു ലീലയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ലീലക്കും അയൽവാസികൾക്കും ഇടയിൽ നേരത്തെ തർക്കമുണ്ടായിരുന്നുവെന്നാണു വിവരം.
ഇന്നലെ അയൽവാസിയായ സ്ത്രീയെ ലീല അടിച്ചു പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട് പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊല്ലം: കൊട്ടാരക്കരയില്‍ അമ്മയെ മകന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റ രാധാമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
രാധാമണിയുടെ കഴുത്തിലാണ് വെട്ടേറ്റത്. പ്രതി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ തര്‍ക്കങ്ങളാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
District News
ചേര്‍ത്തല: നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും 31ാം വാര്‍ഡ് കൗണ്‍സിലറുമായ അധീനരാജു (23) വിനു നേരേ നടുറോഡില്‍ അക്രമം. മനുഷ്യാവകാശ സംഘടനയുടെ ബോര്‍ഡുവച്ച കാറിലെത്തിയയാളാണ് അക്രമം നടത്തിയത്.
ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന സൂചന. ചിവിട്ടേറ്റ കൗണ്‍സിലറെ ജനപ്രതിനിധികള്‍ ചേര്‍ന്നാണ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ 10.30 ഓടെ മുട്ടം പള്ളിക്കു സമീപമായിരുന്നു സംഭവം.
അധീന രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമത്തിനു, ദേഹോപദ്രവം നടത്തിയതിനും. അസഭ്യം പറഞ്ഞതിനുമടക്കമുള്ള വകുപ്പുകള്‍ പ്രകാര കേസെടുത്തിട്ടുണ്ട്. കാറില്‍ മനുഷ്യാവകാശ സംഘടനയുടെ ബോര്‍ഡ് അനധികൃതമായി ഉപയോഗിച്ചതായ പരാതിയില്‍ വാഹനവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി സ്കൂട്ടറില്‍ പോകുമ്പോഴായിരുന്നു അക്രമം. മുട്ടംപള്ളിക്കു സമീപം സ്ഥാപനത്തിനു മുന്നില്‍ സ്കൂട്ടര്‍ നിര്‍ത്തിയപ്പോഴാണ് കാറിലെത്തിയയാള്‍ അസഭ്യം പറഞ്ഞ് അക്രമിച്ചത്. കാറിനുകടന്നുപോകാന് സ്ഥലമില്ലെന്ന കാരണത്താലായിരുന്നു അസഭ്യം പറഞ്ഞ് ആക്രമിച്ചത്. കൗണ്സിലറാണെന്നു പറഞ്ഞിട്ടും ചീത്തവിളിച്ച് ആക്രമിക്കുകയായിരുന്നു.
കാറിനു കടന്നപോകാന്‍ ആവശ്യത്തിനു ഇടമുണ്ടായിട്ടും പ്രകോപനമില്ലാതെ ചീത്തവിളിച്ച് ആക്രമിക്കുകയായിരുന്നെന്നു അധീനരാജു പറഞ്ഞു. ചേര്‍ത്തല പോലീസ് മൊഴിയെടുത്ത്കേസെടുത്തു. നഗരസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമാണ് അധീനരാജു.
Kerala
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മനിറുൽ (25) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ചാലയ്ക്കൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ ജിയാറുള്ളിനെയാണ് മനിറുൽ ഗുരുതരമായി ആക്രമിച്ചത്.
വെസ്റ്റ് ബംഗാളിലേക്ക് കടന്നുകളഞ്ഞ പ്രതിയെ അവിടെ ചെന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്ഐ ജോസി എം. ജോൺസൻ, എഎസ്ഐ നൗഷാദ്, സീനിയർ സിപിഒ എ.കെ. ബേസിൽ, സിപിഒ ഖാസ്നി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Kerala
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽവച്ച് മധ്യവയസ്കനെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണുകളും കവർച്ച നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശി ചാർളി എന്ന് വിളിക്കുന്ന ആലുംവിള പുത്തൻ വീട്ടിൽ സുഗേഷ് ( 25), സ്വർണം വിൽക്കാൻ സഹായിച്ച ആലപ്പുഴ തുമ്പോളി പള്ളിക്കത്തെയിൽ എബി (49) എന്നിവരെയാണ് എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറിന് ആലുവ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. എറണാകുളം - ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽനിന്നും തൃശൂർ സ്വദേശിയെ തള്ളിയിട്ടു ഗുരുതര പരിക്കേൽപ്പിച്ച് ഒന്നരപവന്റെ സ്വർണ മാലയും മൊബൈൽ ഫോണുകളുമാണ് കവർന്നത്.
പ്രതിയുടെ ആക്രമണത്തിൽ തൃശൂർ സ്വദേശി സുനിലിന്റെ രണ്ട് പല്ലുകൾ നഷ്ടമാകുകയും പ്ലാസ്റ്റിക് സർജറിക്ക് വിധേയനാവുകയും ചെയ്തു. സ്വർണമാല ആലപ്പുഴയിലെ ഒരു കടയിൽ കൊടുത്തതായി പ്രതികൾ സമ്മതിച്ചു.
ആലപ്പുഴയിൽ നിന്നും എറണാകുളം റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ നിസാറുദീനും സംഘവും സ്വർണം കണ്ടെടുത്തു. കേരള റെയിൽവേ പോലീസ് ഡിവൈഎസ്പി ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ നിരന്തരമായ അന്വേഷണത്തിലാണ് തമിഴ്നാട്ടിലും കേരളത്തിലും മാറിമാറി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.
പ്രതികളെ എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 15 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിൽ അടച്ചു.
Kerala
തൃശൂര്‍: അതിരപ്പിള്ളിയിൽ കാട്ടാന ഹോട്ടൽ ആക്രമിച്ചു. പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടൻ ജോൺസന്റെ ഹോട്ടലാണ് കാട്ടാന ആക്രമിച്ചത്.
ഹോട്ടലിന്റെ മുൻ വാതിൽ തകർത്ത കാട്ടാന ഹോട്ടലിന്റെ അകത്ത് കയറി. രാത്രിയിൽ വലിയ ശബ്ദം കേട്ട് ജോൺസന്റെ ഭാര്യയും മകളും വാതിൽ തുറന്നു നോക്കുകയായിരുന്നു. ഹോട്ടലിനകത്ത് കാട്ടാന നിൽക്കുന്നതാണ് അവര്‍ കണ്ടത്.
ഉടനെ ബഹളം വച്ച് കാട്ടാനയെ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിക്കുകയായിരുന്നു. ജോൺസൺ പെരിങ്ങൽകുത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവിലെ ജീവനക്കാരനാണ്. സംഭവസമയം ഭാര്യയും മകളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
International
അബൂജ: കഴിഞ്ഞവർഷം നവംബറിൽ നൈജീരിയയിലെ പെന്തകോസ്ത് പള്ളിയിൽനിന്ന് പാസ്റ്റർ അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 33 അംഗ സംഘം അറസ്റ്റിലായി.
ഈ ക്രിമിനൽ സംഘം മറ്റ് തട്ടിക്കൊണ്ടുപോകലുകളും കന്നുകാലി മോഷണവും ആക്രമണങ്ങളും നടത്തിയിട്ടുണ്ടെന്ന് ഫെഡറൽ സർക്കാരിന്റെ പോലീസ് വക്താവ് ആന്തണി ഒകോൺ പ്ലാസിഡ് അറിയിച്ചു.
അന്വേഷണസംഘം ദീർഘകാലം നടത്തിയ ഓപ്പറേഷനൊടുവിൽ സെൻട്രൽ നൈജീരിയയിലെ കവാര, കോഗി സംസ്ഥാനങ്ങളിൽനിന്നാണ് ഇവർ പിടിയിലായത്.
നവംബറിൽ കവാരയിലെ ക്രൈസ്റ്റ് അപ്പസ്തോലിക് പള്ളിയിലുണ്ടായ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരെ നൈജീരിയൻ അധികൃതർ ഘട്ടംഘട്ടമായി മോചിപ്പിച്ചു.
ഈ സംഭവത്തിനു പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നൈജീരിയയിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടിയതും ഇവർക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ അമേരിക്കൻ ഇടപെടൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പു നല്കിയതും.
Kerala
ആലുവ: കെഎസ്ആർടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതികളെ പോലീസ് പിടികൂടി. കീഴ്മാട് കുറ്റിക്കാത്തോട്ടത്തിൽ അമീർ ഷാ (21), തോട്ടുമുഖം മുതിരക്കോട് മുഹമ്മദ് റിസ്വാൻ (24) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ കുട്ടമശേരിയിൽ വച്ചാണ് അക്രമം നടന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനു കുറുകെ നിർത്തി ഡോർ വലിച്ചു തുറന്ന് ഡ്രൈവർ കായംകുളം സ്വദേശി എം. ശ്യാകുമാറിനെ ആക്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച കണ്ടക്ടർ കൊല്ലം ശാസ്താംകോട്ട സ്വദേശി പ്രവീണിനും പരിക്കേറ്റു. ബസിനെ മറികടന്നു വന്ന ബൈക്കിന് വഴി നൽകിയില്ലെന്ന പേരിലാണ് തർക്കമുണ്ടായത്.
ജീവനക്കാരെ ആക്രമിച്ചശേഷം ബസിന്റെ താക്കോലും പ്രതികൾ കൊണ്ടുപോയി. യാത്രക്കാരെ മറ്റൊരു ബസിലാണ് കൊട്ടാരക്കരവരെ എത്തിച്ചത്. സംഭവത്തിനുശേഷം പ്രതികളുടെ ഫോൺ ഓഫായിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ബന്ധുവീടുകളിൽനിന്നാണ് പോലീസ് പിടികൂടിയത്.
ഓടിച്ചിരുന്ന ഇരുചക്ര വാഹനവും പോലീസ് പിടിച്ചെടുത്തു. മുട്ടം ഭാഗത്തെ പമ്പിൽ വച്ച് ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് പ്രതികൾക്കെതിരേ വേറെയും കേസ് നിലവിലുണ്ട്.
ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്ഐമാരായ ജോസി എം. ജോൺസൻ, ബി. സുരേഷ് കുമാ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എം. ഷാഹിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കണ്ണൂർ: മയ്യിലിൽ സിപിഎം പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ. അരിമ്പ്ര സ്വദേശി കൃഷ്ണനാണ് കസ്റ്റഡിയിലുള്ളത്. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി.പി. പ്രകാശനാണ് കുത്തേറ്റത്.
ഇന്ന് വൈകുന്നേരമാണ് സംഭവം. പരിക്കേറ്റ പ്രകാശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർഎസ്എസുകാരെ പോലെയാണ് കോൺഗ്രസുകാർ പെരുമാറുന്നതെന്ന് സംഭവത്തിൽ എം.വി. ഗോവിന്ദൻ പ്രതികരിച്ചു. തർക്കം ഉണ്ടായപ്പോൾ സമാധാനിപ്പിക്കാൻ പോയ ആളെയാണ് കുത്തിയതെന്നും പരാജയം ഉറപ്പായപ്പോൾ കോൺഗ്രസ് ക്രിമിനൽ സംഘം കടന്നാക്രമണം നടത്തുന്നതിനു വേണ്ടി ബോധപൂർവം ആസൂത്രണം ചെയ്തിരിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു.
Kerala
കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരെ പടന്നക്കാട് നെഹ്റു കോളജില്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ 25 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ ഹോസ്ദുര്‍ഗ് പോലീസ് വധശ്രമത്തിനു കേസെടുത്തു.
പടന്നക്കാട് നെഹ്റു കോളജിലെ യൂണിയന് ചെയര്മാന് അഭിരാം, എസ്എഫ്ഐ പ്രവര്‍ത്തകരായ ജിതിന് റാം, പി.യു. മിഥുന്, ബ്രിജേഷ്, സല്മാന് ഹാരിസ്, നിഖിലേഷ്, വിഘ്നേഷ്, ഗൗതം, ആദിത്യന് നിലാങ്കര, ആദിത്യന് കാഞ്ഞങ്ങാട്, കെ.വി. ആദില്‍, കണ്ടാലറിയാവുന്ന മറ്റു 14 പേര് എന്നിവര്‍ക്കെതിരേയാണു കേസെടുത്തത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോളജില്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
International
അബുജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ഈസ്റ്റര്‍ദിനത്തില്‍ ക്രൈസ്തവ ദേവാലയത്തില്‍ ഭീകരരുടെ ആക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. ഭീകരര്‍ ബന്ദികളാക്കിയ 31 പേരെ സൈന്യം രക്ഷപ്പെടുത്തി.
കഡുന സംസ്ഥാനത്തെ അരിക്കോയിലെ പള്ളിയിലായിരുന്നു ആക്രമണം. സൈന്യത്തിന്റെ പ്രത്യാക്രമണത്തെത്തുടര്‍ന്ന് ബന്ദികളെ ഉപേക്ഷിച്ച് ഭീകരര്‍ കടന്നുകളഞ്ഞു. ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
മറ്റൊരു സംഭവത്തില്‍ സാംഫാറ സംസ്ഥാനത്ത് 65 സായുധസംഘാംഗങ്ങളെ സൈന്യം കൊലപ്പെടുത്തി. ഇതേ സംസ്ഥാനത്തെ ഗ്രാമങ്ങളില്‍നിന്ന് ഈയിടെ സായുധസംഘം നാട്ടുകാരെ തട്ടിക്കൊണ്ടുപോയിരുന്നു.
Kerala
കാസർഗോഡ്: കാഞ്ഞങ്ങാട് നെഹ്റു കോളജിൽ വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി. വോട്ട് ചോദിക്കാൻ കോളേജിൽ എത്തിയപ്പോള്‍ തടയുകയും പിടിച്ച് തള്ളുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു.
തന്റെ കൂടെയുള്ള പ്രവര്‍ത്തകരെയും മര്‍ദിച്ചുവെന്നും പിന്നിൽ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. സംഭവത്തിൽ സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരെ തൃക്കരിപ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: കോവളത്തെ യുഡിഎഫ് സ്ഥാനാർഥി എം.വിൻസെന്റിന്റെ ഓഫീസ് അജ്ഞാതർ അടിച്ചു തകർത്തതായി പരാതി. ഉച്ചക്കടയിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിൽ ലാപ്ടോപ്പും പ്രിന്ററും നശിപ്പിക്കപ്പെട്ടു.
ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന വലിയ ഫ്ലെക്സ് ബോർഡുകളും വലിച്ചുകീറിയ നിലയിലാണ്. സുരക്ഷാ ജീവനക്കാരൻ രാവിലെ വീട്ടിലേക്ക് പോയ സമയത്താണ് ആക്രമണമുണ്ടായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
District News
മാന്നാർ: ക്ഷേത്രോത്സവത്തിനിടയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച യുവാക്കളെ തടഞ്ഞ പോലീസുകാരെ അക്രമിക്കുകയും പോലീസ് വാഹനം തകർക്കാൻ ശ്രമിക്കുകയും ചെയ്തു. മാന്നാർ എണ്ണയ്ക്കാട് പെരിങ്ങലിപ്പുറത്താണ് ക്ഷേത്രോത്സവത്തിനിടയിൽ പോലീസിനുനേരേ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണമുണ്ടായത്.
സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായി. മാന്നാർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.എം. വിനീതിനാണ് മർദനമേറ്റത്. കൈക്കും കഴുത്തിനും പരിക്കേറ്റ ഇയാൾ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് എണ്ണയ് ക്കാട് പെരിങ്ങലിപ്പുറം കൊട്ടാരത്തിൽ പീടികയിൽ അഭിജിത്തി(33)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കി പ്രതികൾക്കായി അന്വേഷണം നടത്തിവരുന്നു.
എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ച ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാഴ്ചകൾ കഴിഞ്ഞതിനുശേഷം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച യുവാക്കളെ പോലീസ് പറഞ്ഞുവിടാൻ ശ്രമിക്കുമ്പോൾ അഭിജിത് എന്നയാളുടെ കൈയിൽ കഞ്ചാവ് പൊതി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണമായത്.
അവിടെ കൂടിയ ആൾക്കാർ പോലീസിനെതിരേ തിരിഞ്ഞ് കഞ്ചാവ് കൈവശം വച്ചയാളിനെ അറസ്റ്റ് ചെയ്യുന്നതിന് തടസം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ അക്രമിക്കുകയും പോലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം നടത്തിവരുന്നു
Kerala
കോഴിക്കോട്: താമരശേരിയിൽ അമ്മായിഅമ്മയെ ക്രൂരമായി മർദിച്ച് മരുമകൾ. കട്ടിപ്പാറ സ്വദേശി മാധവിയെ ആണ് മരുമകൾ ആക്രമിച്ചത്.
വാക്കുതർക്കത്തിനിടെ മാധവിയെ മരുമകൾ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വയോധികയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അമ്മായി അമ്മയും മരുമകളും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
Kerala
കുന്നംകുളം: കാട്ടകാമ്പലില് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു. സ്രായില്‍ കടവ് സ്വദേശി വെളിയത്ത് വീട്ടില്‍ സഞ്ജയ്ക്കാണ് പരിക്കേറ്റത്.
ചിറയങ്ങാട് സ്വദേശികളായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രിക് പോസ്റ്റില്‍ പെയിന്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമാണ് അക്രമത്തിൽ കലാശിച്ചത്. സഞ്ജയ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
International
വാഷിംഗ്ടണ്‍ ഡിസി: ആറ് ശതമാനത്തിന് മുകളിൽ സമ്പുഷ്ടീകരിച്ച 460 കിലോ യുറേനിയം കൈവശമുണ്ടെന്ന് വീമ്പുപറഞ്ഞതോടെയാണ് ഇറാനെ ആക്രമിച്ചതെന്ന് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം. എന്തുകൊണ്ട് ഇറാനെ ആക്രമിച്ചെന്ന ചോദ്യത്തിന് മറുപടിയായാണ് യുഎസ് സെനറ്ററിന്റെ പ്രതികരണം.
അമേരിക്കൻ സഹായത്തോടെയുള്ള സിവിലിയൻ ആണവ പദ്ധതി ഇറാന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പദ്ധതിയോട് ഇറാൻ നോ പറയുകയാണുണ്ടായത്. മാത്രമല്ല ആണവായുധം നിർമിക്കാനുള്ള യുറേനിയം കൈവശമുണ്ടെന്ന് ഇറാൻ വീമ്പടിച്ചെന്നുമാണ് യുഎസ് സെനറ്റർ പറയുന്നത്. ഇറാനുമായുള്ള യുദ്ധത്തിനെതിരെ അമേരിക്കയിൽ അഭിപ്രായ വ്യത്യാസം ഉയരുന്നതിനിടെയാണ് ട്രംപിന്റെ വിശ്വസ്തനായ സെനറ്ററുടെ ന്യായീകരണം.
International
ദോഹ: ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു. ഇന്ന് മാത്രം നാല് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി യുകെ മാരിടടൈം ഏജൻസി അറിയിച്ചു.
വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തിൽ കാർഗോ കപ്പലിന് തീ പിടിച്ചു. ഇതേ തുടർന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ഒമാൻ തീരത്ത് മറ്റൊരു കാർഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി.
ദുബായി തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും കപ്പൽ അപകടത്തിൽ പെട്ടെന്ന് ഏജൻസി അറിയിച്ചു. കാര്യമായ നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ട്. റാസ് അൽ ഖൈമ തീരത്തിന് 25 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു കപ്പലും അപകടത്തിൽ പെട്ടിട്ടുണ്ട്.
Kerala
പാലക്കാട്: ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. പാലപ്പുറം പഴയ പോസ്റ്റ് ഓഫീസ് ചക്കാം തൊടി വീട്ടിൽ പ്രശാന്ത് ( 30), പാലപ്പുറം വടക്കത്ത് വീട്ടിൽ അജേഷ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഒറ്റപ്പാലം പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സിപിഎം ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പാലപ്പുറം മേഖല വൈസ് പ്രസിഡന്റുമായ മേലേതിൽ അർഷിദ് (31), പാലപ്പുറം പൂവത്തിങ്ങൽ പ്രശാന്ത് (38) എന്നിവരെയാണ് അക്രമികൾ കത്തി കൊണ്ട് കുത്തിയത്.
ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെ പാലപ്പുറം പോസ്റ്റോഫീസിനടുത്തുള്ള ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്.
പാലപ്പുറം സ്റ്റാലിൻസ് പൂരാഘോഷകമ്മിറ്റിയുടെ വേലയിൽ പങ്കെടുത്തവരെയാണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ കണ്ടാലറിയുന്ന 11 ഓളം പേർക്കതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും ഒറ്റപ്പാലം പോലീസ് അറിയിച്ചു.
International
ദുബായ്: ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണം പശ്ചിമേഷ്യയെ മാത്രമല്ല ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആക്രമണം എണ്ണപ്പാടങ്ങൾക്കു നേരേ തിരിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് അതീവ ഗുരുതരമായിരിക്കും. എണ്ണവിതരണത്തെ ഇതു പ്രതികൂലമായി ബാധിക്കാനും തത്ഫലമായി എണ്ണവില കുതിച്ചുയരാനും സാധ്യതയുണ്ട്. അമേരിക്ക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും ഇറാൻ ഇപ്പോഴും ലോകത്തിലെ മുൻനിര എണ്ണയുത്പാദക രാജ്യങ്ങളിലൊന്നാണ്.
ഒപെക്കിന്റെ കണക്കനുസരിച്ച് ഇറാന്റെ എണ്ണയുത്പാദനം പ്രതിദിനം 3.1 ദശലക്ഷം ബാരലാണ്. ഉപരോധങ്ങൾ രാജ്യത്തെ എണ്ണ ഉത്പാദനത്തിന് തടസമുണ്ടാക്കിയിട്ടുണ്ടെങ്കിലും പ്രതിദിനം 1.3 ദശലക്ഷം മുതൽ 1.5 ദശലക്ഷം ബാരൽ വരെ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിൽ 80 ശതമാനത്തിലധികവും ചൈനയിലേക്കാണു പോകുന്നത്. ഇറാനിലെ എണ്ണപ്പാടങ്ങൾ, എണ്ണശുദ്ധീകരണ ശാലകൾ എന്നിവയ്ക്കു നേരേയുള്ള നേരിട്ടുള്ള ആക്രമണമുണ്ടായാൽ അതു ലോകത്തിന് ഒരു വലിയ അളവിലുള്ള എണ്ണയുത്പാദനനഷ്ടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇറാനിലെ എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ടു മാത്രമല്ല ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടും ആശങ്ക നിലനിൽക്കുന്നുണ്ട്.
യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് 2024ൽ ഈ കടലിടുക്ക് വഴി പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണവിതരണം നടന്നിരുന്നു. ഇത് ലോകത്തിന്റെ മൊത്തം ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനത്തോളം വരും. ഈ കടലിടുക്ക് ഇറാൻ അടയ്ക്കുന്നതോടെ എണ്ണവിതരണത്തെ ഗുരുതരമായി ബാധിക്കും.
ആഗോള സമ്പദ്വ്യവസ്ഥയെത്തന്നെ ഇതു പിടിച്ചുലച്ചേക്കാം. ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ ജലപാതയ്ക്ക് അതിന്റെ ഏറ്റവും കുറഞ്ഞ വീതിയുള്ള ഭാഗത്ത് വെറും 33 കിലോമീറ്റർ മാത്രമാണു വീതിയുള്ളത്. എന്നാൽ, ലോകത്തിലെ മൊത്തം എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. 2025ലെ കണക്കുകൾ പ്രകാരം പ്രതിദിനം ഏകദേശം 1.3 കോടി ബാരൽ ക്രൂഡ് ഓയിൽ ഈ കടലിടുക്കിലൂടെ കടന്നുപോകുന്നുണ്ട്. സൗദി അറേബ്യ, ഇറാക്ക്, കുവൈറ്റ്, യുഎഇ തുടങ്ങിയ പ്രമുഖ എണ്ണ യുത്പാദക രാജ്യങ്ങൾ തങ്ങളുടെ കയറ്റുമതിക്കായി പ്രധാനമായും ആശ്രയിക്കുന്നത് ഈ പാതയെയാണ്.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ക്രൂഡ് ഓയിൽ, എൽഎൻജി എന്നിവയുടെ 80 ശതമാനവും ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ ഏഷ്യൻ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. ഈ പാതയിലെ ചെറിയൊരു അസ്ഥിരതപോലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തികസുരക്ഷയെ നേരിട്ടു ബാധിക്കും. എണ്ണവില വർധിക്കുന്നത് ഓഹരി വിപണികളെ തളർത്തുന്നതിനൊപ്പം ഇറക്കുമതിചെലവ് കുത്തനേ ഉയർത്താനും കാരണമാകും.
Kerala
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ച കേസ് ഒടുവിൽ പോലീസിന് തലവേദനയാകുന്നു.
പുറത്തുവന്ന ദൃശ്യങ്ങളിലൊന്നും മന്ത്രിയുടെ തൊട്ടടുത്തുപോലും കെഎസ്യു പ്രവർത്തകർ എത്താത്തതും കിട്ടിയ ദൃശ്യങ്ങളെല്ലാം പോലീസ് മന്ത്രിക്ക് സുരക്ഷയൊരുക്കുന്നതുമായതോടെ കേസ് തങ്ങൾക്കുതന്നെ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് പോലീസ് ഉദ്യോഗസ്ഥർ.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ 55 കാമറകളിൽ ദൃശ്യങ്ങൾ ലഭിക്കാൻ സാധ്യതയുള്ള കാമറകളെല്ലാം ആർപിഎഫ് ഉദ്യോഗസ്ഥർ പരിശോധിച്ചതായാണ് സൂചന. ഇതിലൊന്നും മന്ത്രിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ലെന്നാണ് വിവരം.
കണ്ണൂർ റെയിൽവേ പോലീസാണ് കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവർക്കതിരേ വധശ്രമത്തിന് കേസെടുത്തത്. ഇവർ ഇപ്പോൾ കണ്ണൂർ സബ് ജയിലിൽ റിമാൻഡിലാണ്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. ഈ കേസ് തെളിയിക്കാനുള്ള ബാധ്യത ഇപ്പോൾ പോലീസിന്റേതായി മാറിയിരിക്കുകയാണ്.
ഇതിനിടെ, കെഎസ്യു പ്രവർത്തകർക്കെതിരേ വ്യാജപരാതി നല്കി കള്ളക്കേസിൽ കുടുക്കിയെന്നു കാണിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനും ഗൺമാനുമെതിരേ കണ്ണൂർ കോർപറേഷൻ മുൻ മേയറും കോൺഗ്രസ് നേതാവുമായ ടി.ഒ. മോഹനൻ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയിൽ പരാതി നൽകിയതും പോലീസിന് തിരിച്ചടിയായി.
ഗൺമാൻ നൽകിയ പരാതിയിൽ ആദ്യം കേസെടുത്തെന്നു പറഞ്ഞ് തത്കാലം തലയൂരാനായിരിക്കും പോലീസ് നീക്കം. റെയിൽവേ സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Kerala
കൊല്ലം: മധുര-കൊല്ലം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിൽ കണ്ടക്ടറെ ആക്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ. മുഖത്തല സ്വദേശിയായ കണ്ടക്ടർ വിനുവിനെ ആക്രമിച്ച ഇരവിപുരം സ്വദേശി അരുണാണ് കസ്റ്റഡിയിലായത്.
കുണ്ടറ പോലീസാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബസിന്റെ ഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനാണ് അരുൺ വിനുവിനെ ആക്രമിച്ചത്. മർദിക്കുകയം മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
കണ്ടക്ടറെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ബസിന്റെ യാത്ര തുടരാൻ വൈകി. പകരം കണ്ടക്ടർ വന്നശേഷമാണ് ബസ് സർവീസ് തുടർന്നത്.
Kerala
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ട സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെയും ജില്ലാ മെഡിക്കൽ ഓഫീസറെയും ലക്ഷ്യമിട്ട് നടന്ന അതിക്രമങ്ങൾക്കും ആൾക്കൂട്ട വിചാരണയ്ക്കുമെതിരെ കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും.
ആശുപത്രിയിൽ അതിക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടർമാരെ ആക്രമിക്കുകയും ചെയ്തവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും വിദഗ്ധസമിതി രൂപീകരിച്ച് അടിയന്തരമായി അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങി എടുത്തുചാടിയുള്ള നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങാൻ സംഘടന നിർബന്ധിതമാകുമെന്നും കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം പ്രസ്താവനയിൽ അറിയിച്ചു.
Kerala
കോഴിക്കോട്: വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആക്രമിച്ച നാല് യുവാക്കൾ റിമാൻഡിൽ. കൈതപ്പൊയില്‍ ആനോറമ്മല്‍ നെടുവള്ളി അജ്മല്‍(26), ഷാജഹാന്(30), ആഷിഖ്(29), കൈതപ്പൊയില്‍ ഉളിയാടന്‍കുന്ന് ആഷിഖ്(25) എന്നിവരെയാണ് താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
വയനാട്ടില്‍നിന്നും വരികയായിരുന്ന ടൂറിസ്റ്റ് ബസ് താമരശേരി ചുരം മൂന്നാം വളവില്‍ വച്ച് ഇന്നലെ രാത്രി ഗുഡ്സ് വാഹനവുമായി പരസ്പരം ഉരസിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് സംഭവം. വാഹനങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിച്ച് യാത്ര തുടർന്നതോടെ ഇതില്‍ ബന്ധമില്ലാത്ത കാര്‍ യാത്രക്കാര്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും യാത്രക്കാര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നു.
ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ മുണ്ടുള്‍പ്പെടെ അഴിച്ചെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായും പരാതി ഉയര്‍ന്നിരുന്നു. തുടർന്ന് അക്രമണം അഴിച്ചുവിട്ട യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
District News
അഞ്ചല്‍ : മുന്‍ വൈരാഗ്യത്തെ തുടര്‍ന്നു സ്കൂട്ടറില്‍ യാത്രചെയ്ത അയല്‍വാസിയെ പിക്കപ് ഉപയോഗിച്ച് ഇടിച്ചിട്ട ശേഷം ജാക്കി ലിവര്‍ ഉപയോഗിച്ചു തലക്കടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
ഏരൂർ ആർച്ചൽ ഓലിയരിവ് സ്നേഹവിലാസത്തിൽ ബിജു (45) ആണ് ഏരൂര്‍ പോലീസിന്റെ പിടിയിലായത്. തലയ്ക്കു മുറിവേറ്റ ആർച്ചൽ ഓലിയരിവ് സ്വദേശി വിജയൻ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പകല്‍ പതിനൊന്നോടെയായിരുന്നു സംഭവം. ബന്ധുവീട്ടിൽ പോയി തിരികെ വീട്ടിലേക്കു സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന വിജയനെ എതിര് ദിശയില്‍ പിക്കപ്പുമായി എത്തിയ ബിജു ഇടിച്ചു തെറിപ്പിക്കുകയും പിന്നീട് പിക്കപ്പില്‍ ഉണ്ടായിരുന്ന ഇരുന്പു ലിവര്‍ ഉപയോഗിച്ച് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
വിജയന്റെ നിലവിളി കേട്ടു ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വധശ്രമം ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി ബിജുവിനെ അറസ്റ്റ് ചെയ്തു. അയല്‍വാസികളായ ഇരുവരും തമ്മില്‍ മുമ്പു പലതവണ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് കേസ് കോടതിയുടെ പരിഗണയിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറുടെ ആക്രമണത്തിൽ വയോധികൻ മരിച്ചതായി പരാതി. നോർത്ത് പർഗാനസ് ജില്ലയിലെ നോർത്ത് ബാരക്ക്പുർ മുനിസിപ്പാലിറ്റിയിലാണ് സംഭവം. തുൾസി അധികാരിയാണ് മരിച്ചത്. ഇദ്ദേഹത്തെ ബാരക്പുർ മുനിസിപ്പൽ കൗൺസിലർ രബീന്ദ്ര നാഥ് ഭട്ടാചാര്യ മർദിച്ചുവെന്നു കുടുംബാംഗങ്ങൾ ആരോപിച്ചു. തന്റെ വീടിനു മുന്നിലുള്ള അനധികൃത നിർമാണം ചോദ്യംചെയ്തതാണ് അധികാരിയെ മർദിക്കാൻ കാരണമായത്.
ശനിയാഴ്ച സ്ഥലത്തെത്തിയ ഭട്ടാചാര്യയും അധികാരിയും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും തുടർന്ന് അധികാരിയെ ഭട്ടാചാര്യ മർദിച്ചെന്നും പോലീസിൽ നല്കിയ പരാതിയിൽ ആരോപിക്കുന്നു. ഭട്ടാചാര്യയുടെ മർദനമേറ്റു കുഴഞ്ഞുവീണ അധികാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് മകൻ ഹേമന്ത പറഞ്ഞു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.
Kerala
കൊച്ചി: സിവില്‍ കേസ് കൊടുത്തതിലുള്ള വിരോധം മൂലം അഭിഭാഷകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.
എറണാകുളം എളംകുളം മഠത്തിപ്പറമ്പില്‍ വീട്ടില്‍ ഷിക്സണ്‍ (46) നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് എസ്ഐ ആര്. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിന് വൈകുന്നേരം നാലിനാണ് പോണോത്ത് റോഡിലുള്ള അഡ്വ. കൃഷ്ണരാജിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമണം നടത്തിയത്. വീടിന്റെ പ്രധാന വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്ന പ്രതിയെ തടഞ്ഞ ഹോം നഴ്സിനെയും പരാതിക്കാരന്റെ പ്രായമായ അമ്മയേയും മര്‍ദിക്കാന്‍ ശ്രമിക്കുകയും കാര്‍ പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടര്‍ ചവിട്ടി താഴെയിട്ട് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.
വീടിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചു തര്‍ക്കുകയേയും അഭിഭാഷകനെയും ഭാര്യയേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
District News
ചെമ്പ്: ചെമ്പ് പനങ്കാവിൽ മൂന്നുപേരെ കടിച്ച തെരുവുനായയെ കണ്ടെത്താൻ കഴിയാതെ വന്നതിനെത്തുടർന്ന് പ്രദേശവാസികൾ ഭീതിയിൽ. പനങ്കാവിലും സമീപ സ്ഥലങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മൂന്നു വർഷമായി ചെമ്പ് പഞ്ചായത്തിൽ തെരുവുനായകൾക്കുള്ള വാക്സിനേഷൻ നടത്തിയിട്ടില്ല.
പനങ്കാവ് ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ചെമ്പ് മേടയിൽ വേലപ്പൻ, ഷീജ ജോസഫ്, മിനി സാബു എന്നിവർക്കാണ് കടിയേറ്റത്. ചെമ്പ് പഞ്ചായത്ത് അംഗം പി. ദീപുവിന്റെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് നായയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കറുത്ത നായയാണ് ആക്രമണം നടത്തിയത്. നായ പ്രദേശത്തെ മറ്റ് നായകളെ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം.
നിരവധി മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മത്തുങ്കൽ ഭാഗത്തും പനങ്കാവ് ക്ഷേത്രത്തിന് സമീപവും നായശല്യം രൂക്ഷമാണ്. പഞ്ചായത്ത് കമ്മിറ്റിയിൽ തെരുവുനായ പ്രശ്നം അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അംഗം ദീപു പറഞ്ഞു.
NRI
ഫ്ലോറിഡ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിനെതിരെ സോഷ്യൽ മീഡിയയിലൂടെ അതിക്രൂരമായ പരാമർശം നടത്തിയ നഴ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.കരോലിൻ ലീവിറ്റിന്റെ പ്രസവവുമായി ബന്ധപ്പെട്ട് അങ്ങേയറ്റം അശ്ലീലവും ക്രൂരവുമായ രീതിയിൽ പരിക്കുകൾ ആശംസിച്ചു വീഡിയോ പോസ്റ്റുകൾ ഇട്ടതിനാണ് നടപടി.
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് കരോലിൻ ലീവിറ്റ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ലോറിഡയിലെ ബാപ്റ്റിസ്റ്റ് ഹെൽത്തിൽ ജോലി ചെയ്തിരുന്ന നഴ്സ്, പ്രസവസമയത്ത് ലീവിറ്റിന് ഗുരുതരമായ ശാരീരിക പരിക്കുകൾ ഏൽക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചത്.
വീഡിയോ വൈറലായതോടെ നഴ്സിനെ ആശുപത്രി അധികൃതർ ഉടനടി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇത്തരം പെരുമാറ്റം തങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആശുപത്രി വ്യക്തമാക്കി.
ഫ്ലോറിഡ അറ്റോർണി ജനറലിന്റെ ഓഫീസ് വിഷയത്തിൽ ഇടപെട്ടു. നഴ്സിന്റെ പ്രൊഫഷണൽ ലൈസൻസ് റദ്ദാക്കണമെന്ന് ഫ്ലോറിഡ ചീഫ് ഓഫ് സ്റ്റാഫ് ജെയിംസ് ഉത്മിയർ ആവശ്യപ്പെട്ടു. രോഗീ പരിചരണത്തിൽ ഏർപ്പെടേണ്ട ഒരാളിൽ നിന്ന് ഇത്തരമൊരു മനോഭാവം ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. നടപടികൾക്ക് പിന്നാലെ നഴ്സ് വീണ്ടും സോഷ്യൽ മീഡിയയിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്.
Kerala
തൃശൂർ: മേലഡൂരിൽ പത്രവിതരണക്കാരന് വെട്ടേറ്റു. പ്ലാശേരി വീട്ടിൽ വർഗീസിനാണ് (62) വെട്ടേറ്റത്. ആക്രമണത്തിൽ വർഗീസിന്റെ ഇടതുകൈയിലെ തള്ളവിരൽ പൂർണമായും അറ്റുപോയി.
അന്നമനട മേലഡൂർ ജംഗ്ഷനിൽ ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. വലതുകൈയ്ക്കും താടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ ജംഗ്ഷനിൽ പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചയാളാണ് വർഗീസിനെ ആക്രമിച്ചത്.
ഈ സമയം വർഗീസിനൊപ്പം മറ്റ് രണ്ട് പത്രവിതരണക്കാർ കൂടി സ്ഥലത്തുണ്ടായിരുന്നു. അവരെ ബലമായി തള്ളിമാറ്റിയ ശേഷമാണ് അക്രമി വർഗീസിനെ വെട്ടിയത്. വർഗീസിനെ ഉടൻ തന്നെ എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
International
ലാഗോസ്: നൈജീരിയയിൽ ആയുധധാരികൾ മൂന്നു പള്ളികളിൽനിന്നായി 166 വിശ്വാസികളെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച ശുശ്രൂഷയ്ക്കിടെ ഉണ്ടായ സംഭവം നൈജീരിയൻ ഭരണകൂടം നേരത്തേ നിഷേധിച്ചിരുന്നു. എന്നാൽ, സംഭവം നടന്നതായി ചൊവ്വാഴ്ച രാത്രി സ്ഥിരീകരിച്ചു.
കഡുന സംസ്ഥാനത്ത് കുർമിൻ വാലി എന്ന പ്രദേശത്തെ മൂന്നു പള്ളികളിൽ ഒരേ സമയത്ത് ആക്രമണം നടന്നുവെന്നാണു റിപ്പോർട്ട്. ചെറുബിം ആൻഡ് സെറാഫിം മൂവ്മെന്റ് എന്ന സഭയിലെ രണ്ടും, ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ എന്ന സഭയിലെ ഒരു പള്ളിയിലുമായിരുന്നു സംഭവം. മുന്തിയ തരം ആയുധങ്ങളുമായി എത്തിയ അക്രമികൾ വിശ്വാസികളെ പുറത്തിറക്കി കാട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.
177 പേരെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും 11 പേർ രക്ഷപ്പെട്ടു തിരിച്ചെത്തിയെന്നും പ്രദേശവാസികൾ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. തട്ടിക്കൊണ്ടുപോകപ്പെട്ടവരെ കണ്ടെത്താൻ ഊർജിത അന്വേഷണം ആരംഭിച്ചുവെന്നാണു കഡുന സംസ്ഥാന വൃത്തങ്ങൾ അറിയിച്ചത്.
ഇതിനിടെ, സംഭവം നടന്നതായി സ്ഥിരീകരിക്കാൻ ആദ്യം തയാറാകാതിരുന്ന കഡുന സംസ്ഥാന ഭരണകൂടത്തിന്റെ നടപടി വലിയ വിവാദമായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ ആരുടെയെങ്കിലും പേരുവിവരങ്ങൾ നല്കാൻ കഡുന സംസ്ഥാന പോലീസ് കമ്മീഷണർ അൽഹാജി മുഹമ്മദ് റാബിയു തിങ്കളാഴ്ച വെല്ലുവിളിച്ചിരുന്നു. 300 പേരെ തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ട് ലഭിച്ചെന്നും ഉദ്യോഗസ്ഥരും പട്ടാളക്കാരും സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ തട്ടിക്കൊണ്ടുപോകലിനു തെളിവു ലഭിച്ചില്ലെന്നുമാണു കമ്മീഷണര്‍ പറഞ്ഞത്.
എന്നാൽ, ചൊവ്വാഴ്ച രാത്രി പോലീസ് വക്താവ് ബെഞ്ചമിൻ ഹൺദെയിൻ തട്ടിക്കൊണ്ടുപോകൽ നടന്നതായി സ്ഥിരീകരിച്ചു. കമ്മീഷണർ സംഭവം നിഷേധിച്ചതല്ലെന്നും സംഭവത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നതുവരെ സ്ഥിരീകരണം വൈകിച്ചതാണെന്നും പോലീസ് വക്താവ് അവകാശപ്പെട്ടു.
തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ലെന്ന് ഏതുവിധവും വരുത്തിത്തീർക്കാനാണ് നൈജീരിയൻ ഭരണകൂടം ശ്രമിച്ചതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ നൈജീരിയയിൽ പതിവായെന്നും ഇതു തടയാൻ ഉടനടി ഉറച്ച നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കഡുനയുടെ സമീപമുള്ള നൈജർ സംസ്ഥാനത്ത് നവംബറിൽ കത്തോലിക്കാ സ്കൂളിൽനിന്ന് മുന്നൂറിലധികം വിദ്യാർഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ രണ്ടു ഘട്ടങ്ങളിലായി മോചിപ്പിച്ചു.
Kerala
കൊല്ലം: ക്ഷേത്രത്തിൽ നായയുമായെത്തി ആക്രമണം നടത്തിയ ഗുണ്ടാ നേതാവ് പോലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ചു. കൊല്ലം പത്തനാപുരം പിടവൂർ പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രത്തിലുണ്ടായ സംഭവത്തിൽ പ്രതിയായ സജീവൻ ഓടിരക്ഷപ്പെട്ടു.
ക്ഷേത്ര അന്നദാനപുരയിൽ നായയുമായെത്തിയ ഇയാൾ അതിക്രമം നടത്തി. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ഇയാൾ തന്റെ ഓഫ് റോഡ് വാഹനം ഉപയോഗിച്ച് പോലീസ് ജീപ്പിൽ ഇടിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. വർഷങ്ങൾക്കു മുമ്പ് അനധികൃതമായി ടിപ്പറിൽ മണൽ കടത്തിയ ഇയാളെ പിടിക്കാൻ പോലീസ് എത്തിയപ്പോൾ മണൽ പോലീസ് ജീപ്പിനു മുകളിൽ ഇട്ടശേഷം സജീവൻ രക്ഷപ്പെടുകയായിരുന്നു.
Kerala
തിരുവനന്തപുരം: നാവായിക്കുളത്ത് ഭാര്യയെ മർദിച്ച് അവശയാക്കി തീ കൊളുത്തി കടന്നുകളഞ്ഞ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി ബിനുവാണ് അറസ്റ്റിലായത്. കൊല്ലത്തുള്ള ബന്ധു വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് ബിനുവിനെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ആക്രമണത്തിൽ കൈയ്ക്കും കാലിനും പൊട്ടൽ സംഭവിക്കുകയും പൊള്ളലേൽക്കുകയും ചെയ്ത ഭാര്യ മുനീശ്വരി ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മുനീശ്വരി ചികിത്സയിലുള്ളത്.
ഇക്കഴിഞ്ഞ 13ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.ചുറ്റിക കൊണ്ടും കാറ്റാടിക്കഴ കൊണ്ടും ബിനു മുനീശ്വരിയെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൂട്ടി വാതിലിനടിയിലൂടെ ഇന്ധനം ഒഴിച്ച് കത്തിച്ചശേഷം ബിനു ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വാതിൽ ചവിട്ടിത്തുറന്ന്, തീയണച്ച് മുനീശ്വരിയെ ആശുപത്രിയിലെത്തിച്ചത്.കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
സംഭവത്തിന് ശേഷം പോലീസും ഫോറൻസിക് വിദഗ്ദ്ധരും വീട്ടിൽ പരിശോധന നടത്തിയതിൽ നിന്ന് മണ്ണെണ്ണയുടെയും പെട്രോളിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
International
ദുബായ്: അമേരിക്ക ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ ആസ്ഥാനങ്ങളിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ. പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെ ഇറാൻ ഇക്കാര്യം അറിയിച്ചു. ഇറാനിലെ പ്രക്ഷോഭകരെ സഹായിക്കാൻ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്.
അതേസമയം, ഭരണകൂടത്തിന്റെ കൂട്ടക്കൊലയ്ക്കിടയിലും പ്രക്ഷോഭം തുടരുകയാണ്. തലസ്ഥാനമായ ടെഹ്റാനിലുൾപ്പെടെ വിവിധ ആശുപത്രികളിലെ മോർച്ചറികളിൽ മൃതദേഹങ്ങൾ കൂട്ടമായി കിടത്തിയിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനിടെ, അറസ്റ്റിലായ പ്രക്ഷോഭകാരികളെ വിചാരണ നടത്തി വധശിക്ഷയ്ക്കു വിധേയമാക്കാൻ ഇറാൻ നടപടി ആരംഭിച്ചു. പ്രക്ഷോഭകർക്കു വധശിക്ഷ നൽകിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി.
ഇറാനിൽ ഇടപെടാൻ ട്രംപ് തീരുമാനിച്ചുവെന്നാണ് ഇസ്രേലി വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, അമേരിക്കൻ ഇടപെടലിന്റെ രീതിയും വ്യാപ്തിയും വ്യക്തമല്ല.
ഇറാനിൽ അമേരിക്കൻ ഇടപെടലിനും ഭരണകൂട അട്ടിമറിക്കുമുള്ള സാധ്യതകൾ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാത്രി ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തുകയുണ്ടായി.
അമേരിക്കൻ ആക്രമണം തടയാനുള്ള നീക്കം ഇറാനും സജീവമാക്കി. അമേരിക്കൻ ആക്രമണം തടയാൻ ഇടപെടണമെന്നു പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളോട് ഇറാൻ ആവശ്യപ്പെട്ടു. സൗദി അറേബ്യ, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളെയാണ് ഇറാൻ ബന്ധപ്പെട്ടത്.
അമേരിക്ക ആക്രമിച്ചാൽ ഈ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ തിരിച്ചടി നൽകുമെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, ദേശീയ സുരക്ഷാസമിതി സെക്രട്ടറി അലി ലാറിജ്ജാനി എന്നിവരാണു പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെ ബന്ധപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഘർഷസാധ്യത വർധിച്ച പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം നിലച്ചതായാണു സൂചന.
Kerala
കൊച്ചി: വടക്കൻ പറവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് വയോധികൻ മരുമകളെ വെട്ടിപ്പരിക്കേൽപ്പിച്ചു. കിഴക്കേപ്രം പൊന്നേടത്ത് വീട്ടിൽ രാജൻ (74) ആണ് മകന്റെ ഭാര്യയായ അനുപയെ (34) വെട്ടിപ്പരിക്കേൽപ്പിച്ചത്. അനുപയുടെ കഴുത്തിനാണ് വെട്ടേറ്റത്.
പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മുറിയിൽ ഫോണിൽ സംസാരിച്ച് കൊണ്ടിരുന്ന അനുപയെ രാജൻ മർദിക്കുകയും വാക്കത്തി കൊണ്ട് കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
സംഭവ സമയം അനുപയുടെ ഭർത്താവായ ജിയേഷ് വീട്ടിലുണ്ടായിരുന്നു. അനൂപയും ജിയേഷും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും കോടതിയുടെ ഉത്തരവ് വാങ്ങിയാണ് അനുപ ഈ വീട്ടിൽ താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു.
സംഭവ ശേഷം രാജനെ പോലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചെറായി തുണ്ടത്തുംകടവ് പരേതനായ വിൽസന്റെയും സരോജിനിയുടെയും മകളാണ് അനുപ.