ചേര്‍ത്തല: നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും 31ാം വാര്‍ഡ് കൗണ്‍സിലറുമായ അധീനരാജു (23) വിനു നേരേ നടുറോഡില്‍ അക്രമം. മനുഷ്യാവകാശ സംഘടനയുടെ ബോര്‍ഡുവച്ച കാറിലെത്തിയയാളാണ് അക്രമം നടത്തിയത്.
ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന സൂചന. ചിവിട്ടേറ്റ കൗണ്‍സിലറെ ജനപ്രതിനിധികള്‍ ചേര്‍ന്നാണ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ 10.30 ഓടെ മുട്ടം പള്ളിക്കു സമീപമായിരുന്നു സംഭവം.
അധീന രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമത്തിനു, ദേഹോപദ്രവം നടത്തിയതിനും. അസഭ്യം പറഞ്ഞതിനുമടക്കമുള്ള വകുപ്പുകള്‍ പ്രകാര കേസെടുത്തിട്ടുണ്ട്. കാറില്‍ മനുഷ്യാവകാശ സംഘടനയുടെ ബോര്‍ഡ് അനധികൃതമായി ഉപയോഗിച്ചതായ പരാതിയില്‍ വാഹനവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി സ്കൂട്ടറില്‍ പോകുമ്പോഴായിരുന്നു അക്രമം. മുട്ടംപള്ളിക്കു സമീപം സ്ഥാപനത്തിനു മുന്നില്‍ സ്കൂട്ടര്‍ നിര്‍ത്തിയപ്പോഴാണ് കാറിലെത്തിയയാള്‍ അസഭ്യം പറഞ്ഞ് അക്രമിച്ചത്. കാറിനുകടന്നുപോകാന് സ്ഥലമില്ലെന്ന കാരണത്താലായിരുന്നു അസഭ്യം പറഞ്ഞ് ആക്രമിച്ചത്. കൗണ്സിലറാണെന്നു പറഞ്ഞിട്ടും ചീത്തവിളിച്ച് ആക്രമിക്കുകയായിരുന്നു.
കാറിനു കടന്നപോകാന്‍ ആവശ്യത്തിനു ഇടമുണ്ടായിട്ടും പ്രകോപനമില്ലാതെ ചീത്തവിളിച്ച് ആക്രമിക്കുകയായിരുന്നെന്നു അധീനരാജു പറഞ്ഞു. ചേര്‍ത്തല പോലീസ് മൊഴിയെടുത്ത്കേസെടുത്തു. നഗരസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമാണ് അധീനരാജു.