മാന്നാർ: ക്ഷേത്രോത്സവത്തിനിടയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച യുവാക്കളെ തടഞ്ഞ പോലീസുകാരെ അക്രമിക്കുകയും പോലീസ് വാഹനം തകർക്കാൻ ശ്രമിക്കുകയും ചെയ്തു. മാന്നാർ എണ്ണയ്ക്കാട് പെരിങ്ങലിപ്പുറത്താണ് ക്ഷേത്രോത്സവത്തിനിടയിൽ പോലീസിനുനേരേ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണമുണ്ടായത്.
സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായി. മാന്നാർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.എം. വിനീതിനാണ് മർദനമേറ്റത്. കൈക്കും കഴുത്തിനും പരിക്കേറ്റ ഇയാൾ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് എണ്ണയ് ക്കാട് പെരിങ്ങലിപ്പുറം കൊട്ടാരത്തിൽ പീടികയിൽ അഭിജിത്തി(33)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കി പ്രതികൾക്കായി അന്വേഷണം നടത്തിവരുന്നു.
എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ച ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാഴ്ചകൾ കഴിഞ്ഞതിനുശേഷം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച യുവാക്കളെ പോലീസ് പറഞ്ഞുവിടാൻ ശ്രമിക്കുമ്പോൾ അഭിജിത് എന്നയാളുടെ കൈയിൽ കഞ്ചാവ് പൊതി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണമായത്.
അവിടെ കൂടിയ ആൾക്കാർ പോലീസിനെതിരേ തിരിഞ്ഞ് കഞ്ചാവ് കൈവശം വച്ചയാളിനെ അറസ്റ്റ് ചെയ്യുന്നതിന് തടസം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ അക്രമിക്കുകയും പോലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം നടത്തിവരുന്നു
Tags : nattu vishesham Police attacked