സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയിൽ ഷിഗല്ല കേസുകളിൽ വൻ വർധന. ആരോഗ്യവിഭാഗത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളിൽ പാളിച്ചയുണ്ടായതാണു രോഗവ്യാപനത്തിനു കാരണമെന്ന് വിമർശനം.
15 ദിവസത്തിനിടെ സംസ്ഥാനത്തു 44 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 30 എണ്ണവും തൃശൂരിൽനിന്നാണ്. തോളൂരിൽ 10 കേസുകളാണു റിപ്പോർട്ട് ചെയ്തത്. ഏഴുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ രോഗബാധിതരിലുണ്ട്. അരിന്പൂരിൽ അഞ്ചു കേസും അടാട്ടിൽ മൂന്നു കേസും അവണൂർ, വാടാനപ്പിള്ളി, മുല്ലശേരി എന്നിവിടങ്ങളിൽ രണ്ടുകേസ് വീതവും വടക്കാഞ്ചേരി, പാവറട്ടി, എളവള്ളി, കുന്നംകുളം, വേലൂർ എന്നിവിടങ്ങളിൽ ഓരോ കേസും സ്ഥിരീകരിച്ചു.
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെല്ലാം ഷിഗല്ല ബാധിതർ വർധിക്കുന്നതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. പുതിയ കേസ് റിപ്പോർട്ട് ചെയ്യുന്പോൾമാത്രം നടപടികൾ ഉൗർജിതമാക്കുകയാണ് ആരോഗ്യവകുപ്പെന്നാണു വിമർശനം.
മലിനമായ വെള്ളം, ഭക്ഷണം എന്നിവയാണു ബാക്ടീരിയ മൂലമുള്ള ഈ രോഗബാധയ്ക്കു കാരണം. വയറിളക്കം, കടുത്ത വയറുവേദന, പനി, ഛർദിയും ക്ഷീണവുമെല്ലാം ലക്ഷണങ്ങളാണ്.
രോഗവ്യാപനത്തിന്റെ ഉറവിടം, പരിശോധനാഫലങ്ങൾ, പ്രതിരോധപ്രവർത്തനങ്ങൾ എന്നിവയിൽ ആരോഗ്യവകുപ്പ് വ്യക്തത വരുത്തിയിട്ടില്ല. സ്വകാര്യ ആശുപത്രിയിൽ കൂട്ടത്തോടെ രോഗികളെ പ്രവേശിപ്പിച്ചെന്ന സൂചനയും പുറത്തുവന്നിരുന്നു. ഷിഗല്ല റിപ്പോർട്ട് ചെയ്തതിനുപിന്നാലെ ജൂണിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ അധ്യക്ഷതയിൽ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, നാലരമാസത്തോളം പിന്നിട്ടിട്ടും രോഗവ്യാപനം കുറയ്ക്കാൻ സർക്കാർ-ആരോഗ്യസംവിധാനത്തിനു കഴിഞ്ഞില്ല.
കുടിവെള്ള സ്രോതസുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുക, ആശുപത്രികൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തുക, ഹോട്ടലുകളിൽ പരിശോധന നടത്തുക, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ ബോധവത്കരണം നടത്തുക എന്നിവയായിരുന്നു യോഗതീരുമാനം. എന്നാൽ, കേസുകൾ വർധിക്കുന്നതിനു പിന്നിലെ കാരണങ്ങൾ കണ്ടെത്തുന്നതിലും പ്രതിരോധപ്രവർത്തനങ്ങളുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിലും ആരോഗ്യവകുപ്പ് പരാജയപ്പെട്ടെന്ന് ആക്ഷേപമുണ്ട്.
Tags : NattuVishesham.DistricteNews