National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ ഉണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ, നോർവീജിയൻ മാധ്യമപ്രവർത്തകയായ ഹെല്ലെ ലംഗ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നു. നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ എംബസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് ഇവർ ഉന്നയിച്ച ചോദ്യങ്ങളാണ് വലിയ വിവാദങ്ങൾക്ക് വഴിതുറന്നത്.
ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം (157-ാം സ്ഥാനം) അടക്കം ചൂണ്ടിക്കാട്ടിയാണ് ഹെല്ലെ ലംഗ് വിമർശനം ഉയർത്തിയത്. ഇതിന് മറുപടിയായി വാർത്താസമ്മേളനത്തിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് ഇന്ത്യയുടെ സംസ്കാരം, ചെസിന്റെ ഉത്ഭവം, യോഗ, കോവിഡ് വാക്സിൻ നയതന്ത്രം എന്നിവയെക്കുറിച്ചെല്ലാം ദീർഘമായി സംസാരിച്ചിരുന്നു.
വാർത്താസമ്മേളനത്തിലെ വാദപ്രതിവാദങ്ങൾക്ക് പിന്നാലെ ഹെല്ലെ ലംഗിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്.
ചൈനയെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും പുകഴ്ത്തി ഇവർ മുൻപ് എഴുതിയ ലേഖനങ്ങൾ ചൂണ്ടിക്കാണിച്ച്, ഇവർ ഒരു വിദേശ ചാരവനിതയോ ഏജന്റോ ആണെന്ന് വരെ സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉയർന്നു.
വിവാദങ്ങൾ കനത്തതോടെ ഇവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഓസ്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന, പതിനാലായിരത്തിൽ താഴെ മാത്രം വരിക്കാരുള്ള നോർവീജിയൻ പത്രത്തിലെ കമന്റേറ്ററാണ് ഹെല്ലെ ലംഗ്. മുൻപ് പല പ്രമുഖ മാധ്യമങ്ങളിലും ഫ്രീലാൻസറായി ജോലി ചെയ്തിട്ടുള്ള ഇവർ, ഡോണൾഡ് ട്രംപ് ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ചും ഇലോൺ മസ്കിന്റെ ടെസ്ല കമ്പനിക്കെതിരെയും ശക്തമായ ലേഖനങ്ങൾ എഴുതി ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ്.
International
ഓസ്ലോ: നോർവേ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്നുനീങ്ങിയത് അന്താരാഷ്ട്ര തലത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും വലിയ ചർച്ചയാകുന്നു. ചോദ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി ഒഴിഞ്ഞുമാറുന്നതിന്റെ ദൃശ്യങ്ങൾ നോർവീജിയൻ മാധ്യമപ്രവർത്തക എക്സിൽ പോസ്റ്റ് ചെയ്യുകയും, ഇത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവെക്കുകയും ചെയ്തതോടെയാണ് സംഭവം രാഷ്ട്രീയ ആയുധമായി മാറിയത്.
ഓസ്ലോയിൽ നോർവേ പ്രധാനമന്ത്രി ജൊനാസ് ഗർ സ്റ്റോറുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചില ചോദ്യങ്ങൾ ചോദിക്കണമെന്ന് നോർവീജിയൻ മാധ്യമപ്രവർത്തകയായ ഹെല്ലെ ലിംഗ് ആവശ്യപ്പെട്ടത്. എന്നാൽ ചോദ്യങ്ങളെ ഗൗനിക്കാതെ പ്രധാനമന്ത്രി നടന്നുനീങ്ങുകയായിരുന്നു.
"പ്രധാനമന്ത്രി മോദി, ലോകത്ത് ഏറ്റവും സ്വതന്ത്രമായ മാധ്യമപ്രവർത്തനം നടത്തുന്ന രാജ്യത്തുനിന്നുള്ള ചോദ്യങ്ങളെ നേരിടാൻ നിങ്ങളെന്തുകൊണ്ട് തയ്യാറാകുന്നില്ല?"എന്ന് ഹെല്ലെ ലിംഗ് ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
പിന്നീട് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ, "ഇന്ത്യൻ പ്രധാനമന്ത്രി എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ലെന്ന് എനിക്കറിയാമായിരുന്നു, ഞാൻ അത് പ്രതീക്ഷിച്ചിരുന്നുമില്ല" എന്ന് ഹെല്ലെ ലിംഗ് എഴുതി. ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന കാര്യവും അവർ പോസ്റ്റിൽ ഓർമിപ്പിച്ചു. നെതർലൻഡ്സ് സന്ദർശന വേളയിലും മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളെ പ്രധാനമന്ത്രി അഭിമുഖീകരിച്ചിരുന്നില്ല.
ഈ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്."ഒന്നും മറച്ചുവെക്കാനില്ലാത്തപ്പോൾ ഒന്നും പേടിക്കേണ്ടതില്ല" എന്ന് രാഹുൽ ഗാന്ധി കുറിച്ചു. പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് മുന്നിൽ ഭയന്നോടുമ്പോൾ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
International
അബുദാബി: അഞ്ച് രാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി യുഎഇയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യോമാതിർത്തിയിൽ വെച്ചുതന്നെ യുഎഇ ഭരണകൂടത്തിന്റെ വൻ സ്വീകരണം. പ്രധാനമന്ത്രി സഞ്ചരിച്ച 'എയർ ഇന്ത്യ വൺ' വിമാനം യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ, രാജ്യത്തോടുള്ള ആദരസൂചകമായി യുഎഇ വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനങ്ങൾ വിമാനത്തിന് അകമ്പടി സേവിച്ചു.
അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിക്കുകയും ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കുകയും ചെയ്തു.യുഎഇ യുദ്ധവിമാനങ്ങൾ തന്റെ വിമാനത്തിന് അകമ്പടിയേകിയത് ഭാരതത്തിലെ കോടിക്കണക്കിന് വരുന്ന ജനങ്ങൾക്ക് ലഭിച്ച വലിയൊരു ബഹുമതിയും അഭിമാനവുമാണെന്ന് യുഎഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
നാല് മണിക്കൂർ നീണ്ട യുഎഇയിലെ ഹ്രസ്വ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി തന്റെ അഞ്ച് രാഷ്ട്ര പര്യടനത്തിന്റെ അടുത്ത ഘട്ടമായ നെതർലാൻഡ്സിലേക്ക് തിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹം സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളും സന്ദർശിക്കും.
International
റിഗ: യുക്രെയ്ൻ ഡ്രോണുകൾ രാജ്യത്തേക്കു കടന്ന സംഭവത്തിൽ ലാത്വിയൻ പ്രധാനമന്ത്രി എവിക സിലിന രാജിവച്ചു.
ഭരണപക്ഷകക്ഷിയായ ഇടതുപക്ഷ പ്രോഗ്രസീവ്സ് പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് എവിക രാജി പ്രഖ്യാപിച്ചത്.
യുക്രെയ്ൻ ഡ്രോണുകൾ ലത്വിയൻ വ്യോമാതിർത്തി ലംഘിച്ച സംഭവത്തിൽ പ്രതിരോധ മന്ത്രി ആൻഡ്രിസ് സ്പ്രൂഡ്സിനെ പുറത്താക്കിയത് ഭരണസഖ്യത്തിൽ വിള്ളലുണ്ടാക്കിയിരുന്നു.
പ്രോഗ്രസീവ്സ് പാർട്ടി പ്രതിനിധിയായ സ്പ്രുഡ്സിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഇടത് പാർട്ടി പിന്തുണ പിൻവലിച്ചത്.
International
ലണ്ടൻ: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് ലേബർ പാർട്ടിക്കുള്ളിൽ കലാപം രൂക്ഷമാകുമ്പോഴും പദവിയിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ. ചൊവ്വാഴ്ച നടന്ന നിർണായക ക്യാബിനറ്റ് യോഗത്തിൽ, താൻ രാജിവെക്കില്ലെന്നും ഭരണം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സഹപ്രവർത്തകരെ അറിയിച്ചു.
തന്നെ പുറത്താക്കാൻ ആവശ്യമായ പിന്തുണ (20% എം.പിമാർ) ആർക്കും ലഭിച്ചിട്ടില്ലെന്ന് സ്റ്റാമർ ചൂണ്ടിക്കാട്ടി. ഒരു നേതൃമാറ്റത്തിന് പാർട്ടി തയ്യാറെടുത്തിട്ടില്ലെന്നും അതിനാൽ ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ജൂനിയർ ഹൗസിംഗ് മിനിസ്റ്ററായ മിയാറ്റ ഫാൻബുല്ലെ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. സ്റ്റാമറുടെ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പുതിയൊരു ടീം വരണമെന്നും ആവശ്യപ്പെട്ടാണ് രാജി.
ഹോം സെക്രട്ടറി ഷബാന മഹ്മൂദ്, ഫോറിൻ സെക്രട്ടറി യുവെറ്റ് കൂപ്പർ തുടങ്ങിയ മുതിർന്ന മന്ത്രിമാർ സ്റ്റാമർ ഒഴിഞ്ഞുപോകേണ്ട തീയതി പ്രഖ്യാപിക്കണമെന്ന് സ്വകാര്യമായി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 80-ഓളം ലേബർ എംപിമാരും ഇതേ ആവശ്യവുമായി രംഗത്തുണ്ട്.
രാഷ്ട്രീയ അസ്ഥിരത രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നും അതിനാൽ ഭിന്നതകൾ മാറ്റിവെച്ച് മുന്നോട്ട് പോകണമെന്നും സ്റ്റാമർ ക്യാബിനറ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 1500-ഓളം സീറ്റുകളാണ് ലേബർ പാർട്ടിക്ക് നഷ്ടമായത്. ഇതിന് പിന്നാലെയാണ് 2024 ജൂലൈയിൽ അധികാരമേറ്റ സ്റ്റാമറുടെ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ പ്രതിഷേധം ഉയർന്നത്.
ബ്രിട്ടൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാല് പ്രധാനമന്ത്രിമാരെ കണ്ടുകഴിഞ്ഞു എന്നതും പുതിയൊരു നേതൃമാറ്റം രാജ്യത്തിന് നൽകുന്ന സന്ദേശം മോശമായിരിക്കുമെന്നും സ്റ്റാമർ അനുകൂലികൾ വാദിക്കുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ഇന്ധന വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ ഉപയോഗത്തിൽ അതീവ ജാഗ്രതയും നിയന്ത്രണവും പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. തെലങ്കാനയിലെ ഹൈദരാബാദിൽ 9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉത്പന്നങ്ങൾ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. ഇത് വിദേശ നാണയ ശേഖരം സംരക്ഷിക്കാനും യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനും സഹായിക്കും. മെട്രോ ട്രെയിനുകൾ ലഭ്യമായ നഗരങ്ങളിൽ പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തണം. കാർപൂളിംഗ് രീതികൾ പ്രോത്സാഹിപ്പിക്കണം.
ഇന്ധന ലാഭത്തിനായി കോവിഡ് കാലത്തെ പോലെ 'വർക്ക് ഫ്രം ഹോം'ഓൺലൈൻ മീറ്റിംഗുകൾ എന്നിവ വീണ്ടും നടപ്പിലാക്കാനും അദ്ദേഹം നിർദേശിച്ചു. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് അഭ്യർത്ഥിച്ചു.
സോളാർ പവർ, എഥനോൾ മിശ്രിതം ചേർത്ത പെട്രോൾ, സിഎൻജി എന്നിവയുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി അവസാനം മുതൽ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ധന വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ക്രൂഡ് ഓയിൽ വില ആഗോള വിപണിയിൽ ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്ന ഈ സാഹചര്യത്തിൽ രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനാണ് പ്രധാനമന്ത്രി ഇത്തരമൊരു ആഹ്വാനം നൽകിയിരിക്കുന്നത്.
National
ന്യൂഡൽഹി: പുനരുദ്ധാരണം പൂര്‍ത്തീകരിച്ച് മുന്‍ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ക്ഷേത്രം പ്രതിഷ്ഠിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, 11ന് താൻ വീണ്ടും സോമനാഥ് ക്ഷേത്രത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സോമനാഥ് ക്ഷേത്രത്തിനു നേരേയുണ്ടായ ആദ്യ ആക്രമണത്തിന്റെ ആയിരം വർഷങ്ങൾ അനുസ്മരിക്കുന്ന ‘സോമനാഥ് സ്വാഭിമാൻ പർവി’ൽ പങ്കെടുക്കാൻ ജനുവരി ആദ്യം മോദി സോമനാഥിലെത്തിയിരുന്നു.
സോമനാഥ് നമുക്കൊരു നാഗരിക സന്ദേശമാണ് നൽകുന്നതെന്നും സോമനാഥിന് മുന്നിലെ വിശാലമായ കടൽ നിത്യതയെ അനുസ്മരിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
സമാനതകളില്ലാത്ത വിശ്വാസവും സ്നേഹവും സ്വന്തമായ ഒന്നിനെയും തകര്‍ക്കാനാവില്ലെന്ന് സോമനാഥ് ക്ഷേത്രം ലോകത്തോട് വിളിച്ചുപറയുന്നുവെന്ന് 1951 മേയ് 11ലെ പ്രസംഗത്തിൽ ഡോ. രാജേന്ദ്ര പ്രസാദ് പറയുകയുണ്ടായി. ക്ഷേത്രം ജനഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ക്ഷേത്രപുനരുദ്ധാരണം സർദാർ പട്ടേലിന്റെ സ്വപ്നസാക്ഷാത്കാരമാണെന്നും എന്നാൽ ആ ചൈതന്യം മുന്നോട്ടുകൊണ്ടുപോയി ജനജീവിതത്തിൽ സമൃദ്ധി തിരിച്ചുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ സന്ദേശങ്ങൾ ഏറെ പ്രധാനവും പ്രചോദനാത്മകവുമാണെന്നും മോദി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ശോഭിക്കാൻ കഴിയാതെപോയ രണ്ട് സംസ്ഥാനങ്ങളാണെങ്കിലും കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ വികസനത്തിനു കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ വിജയത്തിനുശേഷം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ കേരളത്തിലെ വിജയത്തിൽ യുഡിഎഫിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
കേരളത്തിൽ എൽഡിഎഫിന്റെ പത്തുവർഷത്തെ ഭരണം മാറി കോണ്‍ഗ്രസിനു ഭരണം ലഭിച്ചെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി കടന്നാക്രമിച്ചു.
ലോകം നിരാകരിച്ചിട്ടും കോണ്‍ഗ്രസ് കമ്യൂണിസം സ്വീകരിക്കുകയാണെന്നും ആധുനിക അർബൻ നക്സലുകളാണ് കോണ്‍ഗ്രസെന്നും മോദി കുറ്റപ്പെടുത്തി. സ്ത്രീ സംവരണ ബിൽ തടുക്കാൻ കുറച്ചുദിവസംമുന്നേ കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ശ്രമിച്ചെന്നും അതിനുള്ള തിരിച്ചടി അവർക്ക് ലഭിച്ചെന്നും ബംഗാൾ തെരഞ്ഞെടുപ്പിനെ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെയും അസമിലെയും ഉജ്ജ്വല വിജയത്തിന് പിന്നാലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ബംഗാളിലെ വിജയത്തോടെ ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ താമര വിരിഞ്ഞിരിക്കുകയാണ്" എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നിവയ്ക്ക് പിന്നാലെ ബംഗാളിലും ബിജെപി സർക്കാർ വരുന്നതോടെ ഗംഗാ നദിയുടെ തീരത്തുള്ള എല്ലാ സംസ്ഥാനങ്ങളും ബിജെപി ഭരണത്തിന് കീഴിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാളിൽ 205 സീറ്റുകളിലും അസമിൽ 101 സീറ്റുകളിലും ലീഡ് ചെയ്തുകൊണ്ട് ബിജെപി ചരിത്രം കുറിച്ചു. പശ്ചിമ ബംഗാളിൽ രേഖപ്പെടുത്തിയ 93 ശതമാനം പോളിംഗ് ജനാധിപത്യത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ന് ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് പോലും കമ്മ്യൂണിസ്റ്റ് ഭരണമില്ല. ഇത് കേവലം ഒരു രാഷ്ട്രീയ മാറ്റമല്ല, മറിച്ച് ജനങ്ങളുടെ ചിന്താഗതിയിലുണ്ടായ മാറ്റമാണ്," എന്ന് അദ്ദേഹം ഓർമിപ്പിച്ചു. വികസനത്തിനും പുരോഗതിക്കും വേണ്ടിയുള്ള വോട്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിൽ ഇനി സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷമുണ്ടാകുമെന്നും യുവാക്കൾക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 'ആയുഷ്മാൻ ഭാരത്' പദ്ധതിക്ക് അനുമതി നൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്യാമപ്രസാദ് മുഖർജി ബംഗാളിനായി കണ്ട സ്വപ്നങ്ങൾ പതിറ്റാണ്ടുകൾക്ക് ശേഷം സഫലമാകുകയാണെന്നും, ഓരോ ബിജെപി പ്രവർത്തകനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ 'ത്സാൽമുരി' കഴിച്ചതിനെ രാഷ്ട്രീയ വിവാദമാക്കിയ തൃണമൂൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഞാൻ ത്സാൽമുരികഴിച്ചു, പക്ഷേ അതിന്റെ എരിവ് അനുഭവിച്ചത് തൃണമൂൽ കോൺഗ്രസിനാണ്" എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.
കൃഷ്ണനഗറിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി തൃണമൂൽ കോൺഗ്രസിനെതിരെ തിരിച്ചടിച്ചത്. "ത്സാൽമുിരി കഴിച്ചതിലൂടെ ചിലർക്ക് വലിയ ഷോക്ക് ഏറ്റതായി ഞാൻ കേട്ടു. ത്സാൽമുരികഴിച്ചത് ഞാനാണ്, പക്ഷേ എരിഞ്ഞത് തൃണമൂലിനാണ്," അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞയാഴ്ച ബംഗാളിലെ ഝാർഗ്രാമിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ഹെലിപാഡിലേക്കുള്ള യാത്രമധ്യേ പ്രധാനമന്ത്രി തന്റെ വാഹനം നിർത്തുകയും റോഡരികിലെ ഒരു കടയിൽ നിന്ന് ത്സാൽമുരി വാങ്ങി കഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
മേയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപിയുടെ വിജയം ആഘോഷിക്കുമെന്നും അന്ന് മധുരപലഹാരങ്ങൾക്കൊപ്പം ത്സാൽമുരിയും വിതരണം ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ത്സാൽമുരി തീറ്റ വെറും നാടകമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ വിമർശിച്ചിരുന്നു.
മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് അനുസരിച്ചാണ് ക്യാമറകൾക്ക് മുന്നിൽ പ്രധാനമന്ത്രി ഭക്ഷണം കഴിച്ചതെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ അനുവാദമില്ലെന്നും മമത കുറ്റപ്പെടുത്തിയിരുന്നു.
National
ന്യൂഡൽഹി: തൃശൂരിൽ വെടിക്കെട്ട് നിർമാണശാലയിലുണ്ടായ തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
National
ജയ്പുർ: രാജസ്ഥാനിലെ ബലോത്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ തീപിടിത്തം. പച്ചപദ്രയിലെ റിഫൈനറിയുടെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിലാണ് (സിഡിയു) ഇന്നലെ തീപിടിത്തമുണ്ടായത്.
അത്യാഹിതവിഭാഗത്തിലെ അം ഗങ്ങൾ ഉടൻ എത്തി തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. അഗ്നിബാധയുടെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന ഉദ്ഘാടനം മാറ്റിവച്ചതായി പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രി ഭജൻലാൽ ശർമ നടത്താനിരുന്ന സന്ദർശനവും മാറ്റിവച്ചു.
രാജ്യത്തിന്റെ ഊർജമേഖലയിൽ നിർണായക സംഭാവനകൾ ലക്ഷ്യമിട്ട് രാജസ്ഥാൻ സർക്കാരിന്റെയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെയും സംയുക്തസംരഭമായി 79,450 കോടിരൂപ ചെലവിലാണ് റിഫൈനറി സ്ഥാപിച്ചിരിക്കുന്നത്.
Kerala
കൊല്ലം: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സിപിഎം പരാതി നൽകിയെന്ന് ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. ഇന്നലെ പ്രധാനമന്ത്രി ദൂരദർശൻ ഉൾപ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്ട്രീയ പ്രചാരണമാണെന്ന് എം.എ. ബേബി പറഞ്ഞു.
തമിഴ്നാട്, ബംഗാൾ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും എം.എ. ബേബി പറഞ്ഞു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.
അധികാരത്തിലിരിക്കുന്ന പാർട്ടി ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്താൻ പാടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്ര മോദിക്കും ബിജെപിക്കും അനുകൂലമായി പ്രവർത്തിക്കുകയാണ്. ന്യൂനപക്ഷ മതത്തിനെ ലക്ഷ്യമിട്ടുള്ള സത്യവിരുദ്ധ പ്രചാരണം ബംഗാളിൽ അമിത്ഷാ നടത്തിയതെന്നും ബേബി പറഞ്ഞു.
സിപിഎം ജനറൽ സെക്രട്ടറി എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇതിന് മുൻപ് നൽകിയ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയാണുണ്ടായത്. ഈ ബിൽ ഇപ്പോൾ അവതരിപ്പിച്ചത് തന്നെ മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ആഭാസകരമായാണ് പാർലമെന്റിലെ കാര്യങ്ങളെ ഇപ്പോൾ കൈകാര്യം ചെയ്യുന്നതെന്നും ബേബി പറഞ്ഞു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വനിതാ ബില്ല് പരാജയപ്പെട്ടതിന് പിന്നാലെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. കേന്ദ്ര മന്ത്രിസഭാ യോഗവും സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ യോഗവും ഇന്ന് ചേർന്നിരുന്നു. ഈ രണ്ട് യോഗങ്ങളിലും ഈ വിഷയം ഉയർന്നു വന്നിരുന്നെന്നാണ് സൂചന. പ്രതിപക്ഷം ഈ വിഷയത്തിൽ വലിയ വില നൽകേണ്ടിവരുമെന്ന് മോദി യോഗത്തിൽ പറഞ്ഞതായാണ് വിവരം.
National
ന്യൂഡൽഹി: പാർലമെന്റിൽ ഇന്ന് നടന്ന വനിതാ സംവരണം, മണ്ഡല പുനർനിർണയം എന്നിവയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി ഉയർത്തിയ '16' എന്ന അക്കത്തെച്ചൊല്ലിയുള്ള ദുരൂഹത രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. ഏപ്രിൽ 16-ാം തീയതിയെയും '16' എന്ന അക്കത്തെയും പരാമർശിച്ചുകൊണ്ട് "മൈ ഗോഡ്, ഹൗ ക്രേസി!" എന്ന് ആശ്ചര്യപ്പെട്ട രാഹുൽ, തന്റെ പക്കലുള്ള ഈ രഹസ്യത്തിന്റെ ഉത്തരം ഭരണപക്ഷത്തുള്ളവർക്ക് അറിയാമെങ്കിൽ തനിക്ക് മെസ്സേജ് അയക്കാൻ വെല്ലുവിളിച്ചു.
എന്താണ് ഈ 'നമ്പർ 16' എന്നത് രാഹുൽ ഗാന്ധി നേരിട്ട് വിശദീകരിച്ചില്ലെങ്കിലും, രാഷ്ട്രീയ നിരീക്ഷകർ ഇതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. 2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗു ദേശം പാർട്ടിക്ക് ലോക്സഭയിലുള്ളത് കൃത്യം 16 സീറ്റുകളാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റുകൾ കുറയാൻ കാരണമായേക്കാവുന്ന 'മണ്ഡല പുനർനിർണയ' ബില്ലിനെ ടിഡിപി പിന്തുണയ്ക്കില്ലെന്ന സൂചനയാകാം രാഹുൽ നൽകിയത്.
സഭയിൽ സംസാരിക്കുമ്പോൾ പ്രധാനമന്ത്രിക്ക് ആവേശം കുറവാണെന്നും തന്റെ പരാജയം അദ്ദേഹം തിരിച്ചറിഞ്ഞുവെന്നും രാഹുൽ പരിഹസിച്ചു. ഏപ്രിൽ 16-ന് ഈ ബില്ലുകൾ അവതരിപ്പിക്കാനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വലിയ പിഴവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൻമേലുള്ള വോട്ടെടുപ്പ് നടക്കാനിരിക്കെ അപേക്ഷയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണം. അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും ഭാര്യമാരെയും ഓർത്ത് തീരുമാനം എടുക്കണമെന്നും മോദി പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾ പാർലമെന്റിനെ ഉറ്റു നോക്കുകയാണ്. സ്ത്രീ സംവരണത്തിൽ ഇനിയും രാഷ്ട്രീയം കളിക്കരുത്. എല്ലാ സംശയങ്ങൾക്കും മറുപടി നൽകി. സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുതെന്നും എല്ലാ അംഗങ്ങളും ശരിയായ തീരുമാനം എടുക്കാൻ പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബില്ല് പാസാകാൻ 360 എംപിമാരുടെ പിന്തുണ കിട്ടണം. എന്നാൽ ഇപ്പോഴത്തെ നിലയ്ക്ക് ഇത് സാധ്യമല്ല. 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂവെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ റോഡ്ഷോയുമായി പ്രധാനമന്ത്രി ഇന്ന് എത്തും. വൈകുന്നേരം മൂന്നിന് നാഗർകോവിലിൽ നിന്ന് തുടങ്ങുന്ന റോഡ്ഷോ വടശേരിയിലാണ് അവസാനിക്കുക. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ നാഗർകോവിലിലേക്ക് പോകും.
എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എടപ്പാടി പളനിസാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ തുടങ്ങിയവരും റോഡ്ഷോയിൽ പങ്കെടുക്കും. അതേസമയം മണ്ഡല പുനർനിർണയ നീക്കത്തിൽ മോദിക്കെതിരെ മുഖ്യമന്ത്രി സ്റ്റാലിൻ ശക്തമായി പ്രതികരിച്ചതിന് തൊട്ടടുത്ത ദിവസമാണ് പ്രധാനമന്ത്രി എത്തുന്നത്.
സ്റ്റാലിൻ ഇന്ന് ധർമ്മപുരി, സേലം ജില്ലകളിൽ പര്യടനം നത്തും. ഈ മാസം 23നാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നുപേർ ബിഹാറിൽ അറസ്റ്റിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. അറസ്റ്റിലായവരിൽ പ്രധാനി അമൻ തിവാരി എന്ന ബക്സർ സ്വദേശിയാണ്. 2022 ൽ കൊൽക്കത്ത വിമാനത്താവളം തകർക്കാനുള്ള പദ്ധതിയും പ്രതി ആസൂത്രണം ചെയ്തിരുന്നു.
പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ സമീപിച്ചെന്നും റിപ്പോർട്ടുണ്ട്. 22 ദിവസത്തിനുള്ളിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കാമെന്നും ഇതിന് തങ്ങൾക്ക് സിഐഎ പാരിതോഷികം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടതായാണ് വിവരം.
പരിശോധനയിൽ പ്രതികളുടെ പക്കൽനിന്ന് ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. തീവ്രവാദ സംഘടനകളോ രാജ്യവിരുദ്ധ സംഘടനകളോ ആയി ബന്ധമുള്ളവരാണോ ഇവരെന്നും അന്തരാഷ്ട്ര സംഘനകളുമായി ബന്ധമുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: എൻഡിഎ ക്യമ്പിന് ആവേശമായി തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. കരമന മുതൽ കിള്ളിപ്പാലം വരെ തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ.
വൈകുന്നേരത്തോടെ കേരളത്തിലെത്തിയ മോദി തിരുവല്ലയിലെ ആദ്യപരിപാടിക്ക് ശേഷമാണ് തലസ്ഥാന നഗരത്തിലെത്തിയത്. മോദിക്കൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളും ഉണ്ടായിരുന്നു. രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ശ്രീലേഖ, കരമന ജയൻ എന്നീ സ്ഥാനാര്‍ഥികളാണ് പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തത്.
റോഡിന്റെ ഇരുവശവും പ്രധാനമന്ത്രിയെ കാണാൻ ജനങ്ങള്‍ തിങ്ങിക്കൂടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. തിരുവല്ലയിൽ പൊതുയോഗത്തിൽ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇവിടെ പൊതുയോഗമില്ല. പൂക്കളുമായിട്ടാണ് ജനങ്ങള്‍ റോഡിനിരുവശവും പ്രധാനമന്ത്രിയെ കാത്തുനിന്നത്.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തി. ചങ്ങനാശേരിയിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിലേക്ക് പോയി.
തിരുവല്ലയി പൊതുപരിപാടിയിൽ മോദി പങ്കെടുക്കും. അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന രൂക്ഷമായ സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ പ്രത്യേക യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നു. യുദ്ധം ഇന്ത്യയുടെ സുരക്ഷയെയും സാമ്പത്തിക മേഖലയെയും എങ്ങനെ ബാധിക്കുമെന്ന് യോഗം വിശദമായി വിലയിരുത്തി. പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി വിളിച്ചുചേർക്കുന്ന രണ്ടാമത്തെ പ്രത്യേക ക്യാബിനറ്റ് സുരക്ഷാ യോഗമാണിത്.
വിദേശകാര്യം, പ്രതിരോധം, പെട്രോളിയം, വാണിജ്യം തുടങ്ങി വിവിധ മന്ത്രാലയങ്ങൾ ഇതുവരെ സ്വീകരിച്ച മുൻകരുതൽ നടപടികൾ പ്രധാനമന്ത്രി വിലയിരുത്തി. വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട കൂടുതൽ കർശനമായ നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. യുദ്ധമേഖലയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമെങ്കിൽ അവരെ നാട്ടിലെത്തിക്കുന്നതിനുമുള്ള പദ്ധതികൾ യോഗത്തിൽ ചർച്ചയായി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടയത്ത് എത്തില്ലെന്ന് സൂചന. പൊതുയോഗത്തിനു സൗകര്യം ഒരുക്കാൻ പറ്റിയ മൈതാനം ലഭ്യമല്ലാത്ത സാഹചര്യത്തിലാണു പര്യടനം ഒഴിവാക്കുന്നത് എന്നാണു വിവരം. പ്രധാനമന്ത്രി പാലായിൽ എത്തുമെന്നു നേരത്തെ ബിജെപി ഘടകങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. എന്നാൽ, പാലായിലോ കോട്ടയത്തോ എത്തില്ലെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.
ശനിയാഴ്ച പ്രധാനമന്ത്രി തിരുവനന്തപുരത്തും തിരുവല്ലയിലും തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകരുടെ സംഗമമാണ് ഉച്ചയ്ക്ക് 1.30ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടത്തുക.
തിരുവനന്തപുരത്തു കിള്ളിപ്പാലം മുതൽ കരമന വരെ ഒന്നര കിലോമീറ്റർ ദൂരം നടത്തുന്ന റോഡ്ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും.
കേരളത്തിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് മാർച്ച് 29ന് പാലക്കാട്ടു നടന്ന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: ഏപ്രിൽ നാലിനു പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. തിരുവനന്തപുരത്ത് റോഡ്ഷോയിലും തിരുവല്ലയിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ അടക്കം സമീപത്തെ പ്രധാന പത്ത് നിയമസഭാ മണ്ഡങ്ങളിൽ നിന്നുള്ള പ്രവർത്തകർ തിരുവല്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും.
തിരുവനന്തപുരത്ത് നഗരമധ്യത്തിലെ കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ്ഷോ. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മുപ്പതിനായിരം പേർ പങ്കെടുക്കുന്ന പരിപാടി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുഴുവൻ പ്രവർത്തകർക്കും ആവേശമായി മാറുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി അറിയിച്ചു.
തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയിൽ തിരുവനന്തപുരം റവന്യു ജില്ലയിലെ മുഴുവൻ പ്രവർത്തകരും അണിനിരക്കും.
Kerala
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി. സ്വരാജ് ഗ്രൗണ്ടിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സി.സി. മുകുന്ദൻ, പത്മജ, കെ.കെ. അനീഷ് എന്നിവർ മോദിക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്.
പാലക്കാട്ടെ പൊതു സമ്മേളനത്തിനുശേഷമാണ് മോദി തൃശൂരിലെത്തിയത്. തൃശൂർ ജനറൽ ആശുപത്രി പരിസരത്ത് നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. കുട്ടനല്ലൂരിലെ അച്യുതമേനോൻ കോളജ് ഹെലിപാട് ഗ്രൗണ്ടിൽനിന്ന് കാർ മാർഗമാണ് ഗ്രൗണ്ടിലേക്ക് എത്തിയത്.
മോദിയെ കാണാനായി പതിനായിരക്കണക്കിന് ആളുകളാണ് രാവിലെ മുതൽ ജില്ലയിൽ എത്തിച്ചേർന്നിട്ടുള്ളത്.
Kerala
പാലക്കാട്: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ എ ടീം ബിജെപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇത്തവണം മാറ്റത്തിന്റെ സൂചനകൾ കാണിച്ച് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
ഇത്തവണന കേരളത്തിൽ ബിജെപി അല്ലെങ്കിൽ എൻഡിഎ എന്നാണ് ഇവിടുത്തെ സ്ത്രീകളും യുവാക്കളും കർഷകരും അടങ്ങിയ ആളുകൾ പുറയുന്നത്. പതിറ്റാണ്ടുകളായി കേരളം എൽഡിഎഫ്, യുഡിഎഫ് എന്നിങ്ങനെ രണ്ട് മുന്നണികൾ മാറിമാറി ഭരിച്ചു. ഒരു മുന്നണി അഴിമിതക്കാരെങ്കിൽ അടുത്ത മുന്നണി കൊടും അഴിമതിക്കാരാണ്. എൽഡിഎഫ് അധികാരത്തിലിരുന്ന് കീശ വീർപ്പിച്ചതിന് ശേഷം പിന്നെ അധികാരം യുഡിഎഫിന് കൈമാറും. ഇവർക്കിടയിൽ പതിറ്റാണ്ടുകളായി ഇതായിരുന്നു ധാരണയെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഈ അടുത്ത കാലത്തായി കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന് ആരോപിക്കുന്പോൾ കോൺഗ്രസുകാർ ആരോപിക്കുന്നത് കമ്മ്യൂണിസ്റ്റുകാർ ബിജെപിയുടെ ബി ടീമാണെന്നാണ്. ഇതിലൂടെ ഇരു മുന്നണികളും പറയാതെ പറയുന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയാണ് എ ടീം എന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി ഇത്തവണ അധികാരത്തിൽ വരികയാണെങ്കിൽ ഇരു മുന്നണികളുടെും അഴിമതികളെല്ലാം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രതിഭയെയും വിഭവങ്ങളെയും പ്രയോജനപ്പെടുത്താന്‍ ഇവിടുത്തെ മുന്നണികൾത്ത് കഴിഞ്ഞിട്ടില്ല. എന്നാൽ എൻഡിഎ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നും സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാലക്കാട് 22 വർഷം എൽഡിഎഫ് എംഎൽഎയും അഞ്ച് വർഷത്തോളം കോൺഗ്രസ് എംഎൽയുമാണ് ഭരിച്ചത്. എന്നാൽ ബിജെപി കേന്ദ്രത്തിൽ എത്തിയതിന് ശേഷം മാത്രമാണ് പാലക്കാടിന് കേരളത്തിലെ ആദ്യത്തെ ഐഐടി, സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റി എന്നിവ ലഭിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ടെത്തി. പാലക്കാട്ടെത്തിയ മോദി കോട്ടമൈതാനത്തെ എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുന്നത്.
തുടര്‍ന്ന് തൃശൂരിലേക്ക് പോകും. വൈകുന്നേരം തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. തൃശൂരില്‍ ജില്ലാ ആശുപത്രിക്ക് മുന്‍വശത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോ നഗരം ചുറ്റി ബിനി ഹെറിറ്റേജിന് മുന്‍വശം സമാപിക്കും.
ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ റോഡ് ഷോയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഇരുജില്ലകളിലും ഒരുക്കിയിരിക്കുന്നത്.
അതേസമയം, പൊതുസമ്മേളനം നടക്കുന്ന പാലക്കാട് കോട്ടമൈതാനത്തെ വേദിയില്‍ സുരക്ഷ വീഴ്ച ഉണ്ടായി. വേദിയിലെ ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നു. ഉടന്‍ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. ഓവർലോഡാണ് പുക ഉയരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ അവിടെ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹകരിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന 'മൻ കി ബാത്തിന്റെ' 132-ാം പതിപ്പിലൂടെയാണ് അദ്ദേഹം തന്റെ നന്ദിയറിയിച്ചത്. ഒരുകോടിയിലധികം വരുന്ന പ്രവാസികൾക്ക് എല്ലാവിധ സൗകര്യങ്ങളും സംരക്ഷണവും നൽകുന്നതിൽ ഗൾഫ് ഭരണകൂടങ്ങൾ കാണിക്കുന്ന താത്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ആഗോളതലത്തിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്ന ഈ ഘട്ടത്തിൽ ഇന്ത്യയുടെ ശക്തമായ നയതന്ത്രബന്ധങ്ങൾ പ്രതിസന്ധികളെ നേരിടാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെയും പ്രധാനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ താത്പര്യങ്ങൾക്കും പൗരന്മാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകേണ്ട ഈ സമയത്ത് സ്വാർത്ഥ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴിയും മറ്റും വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും, ഇത്തരം കുപ്രചരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സർക്കാരിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Kerala
പാലക്കാട്/തൃശൂർ: എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പാലക്കാട്ടും തൃശൂരുമെത്തും. ഇന്ന് ഉച്ചയ്ക്ക് 1.30നു പാലക്കാട് കോട്ടമൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പ്രസംഗിക്കും.
സുരക്ഷാപരിശോധനയ്ക്കു ശേഷം ഉച്ചയ്ക്ക് 12 മുതൽ പ്രവർത്തകരെയും പൊതുജനങ്ങളെയും സമ്മേളനവേദിയിലേക്കു കടത്തിവിടും. 12 മണ്ഡലങ്ങളിൽനിന്നുള്ള എൻഡിഎ സ്ഥാനാർഥികളും ദേശീയ - സംസ്ഥാനനേതാക്കളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
ഉച്ചയ്ക്കു രണ്ടുമണിയോടെ പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗം സമ്മേളനനഗരിയിലെത്തും. പൊതുസമ്മേളനത്തിനുശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ തൃശൂരിലേക്കു പോകും.
തൃശൂരിലെത്തുന്ന പ്രധാനമന്ത്രി റോഡ്ഷോയിൽ പങ്കെടുക്കും. വൈകിട്ട് നാലിന് ജില്ലാ ആശുപത്രിക്കു മുൻവശത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി ബിനി ഹെറിറ്റേജിനു മുൻവശം സമാപിക്കും.
കുട്ടനല്ലൂർ ഹെലിപ്പാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് റോഡ് മാർഗമാണ് അദ്ദേഹം ജില്ലാ ആശുപത്രിക്കു മുൻവശം എത്തിച്ചേരുക. ജില്ലയിലെ എൻഡിഎ സ്ഥാനാർഥികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
Kerala
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് തൃശൂർ നഗരത്തിൽ ഞായറാഴ്ച കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രാവിലെ 11 മുതൽ വൈകുന്നേരം ആറര വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശന മേഖലകളിൽ ഡ്രോണ്‍ ഉപയോഗത്തിനു സമ്പൂർണ നിരോധനം ഏർപ്പെടുത്തി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കർശന സുരക്ഷയൊരുക്കാനുള്ള തീരുമാനം.
അത്യാവശ്യങ്ങൾക്കൊഴികെ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നതു പൊതുജനം ഒഴിവാക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. വൈകുന്നേരം പ്രധാനമന്ത്രിയുടെ റോഡ് ഷോ കഴിയും വരെ സ്വരാജ് റൗണ്ട്, സമീപ റോഡുകൾ, വടക്കുന്നാഥ ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല.
കുട്ടനെല്ലൂർ ഹെലിപാഡ് മുതൽ നടത്തറ, മണ്ണുത്തി, തൃശൂർ റോഡിന്റെ ഇരുവശത്തും പാർക്കിംഗ് നിരോധിച്ചു. മുനിസിപ്പൽ ഓഫീസ് റോഡ്, കുറുപ്പം റോഡ്, നടുവിലാൽ, ഷൊർണൂർ റോഡ്, പ്രസ് ക്ലബ് റോഡ് എന്നിവിടങ്ങളിലൂടെ മാത്രമാണ് പൊതുജനത്തിന് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പേന, ബാഗ്, വെള്ളക്കുപ്പികൾ തുടങ്ങിയവ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ല.
International
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു. രാമ നവമി ദിവസം 12.34ന് മുഹൂർത്തം നിശ്ചയിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്.
15 അംഗ മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ ഇന്ന് നടന്നു. മാർച്ച് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ ബലേന്‍ ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വിജയിച്ചത് മൂന്നില്‍ രണ്ട് സീറ്റുകളുടെ വന്‍ ഭൂരിപക്ഷവുമായി ആയിരുന്നു.
നേപ്പാൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ റാപ്പറും രാഷ്ട്രീയ നേതാവുമായ ബലേന്ദ്ര ഷാ രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) മികച്ച വിജയം നേടിയിരുന്നു. ജെൻ സി പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിലാണ് ആർഎസ്പി രാജ്യത്തെ വൻകിട പാർട്ടികളെയെല്ലാം അട്ടിമറിച്ചത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള യോഗം ഇന്ന് നടക്കും. രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായാണ് ഇന്ന് വൈകുന്നേരം യോഗം ചേരുന്നത്.
വീഡിയോ കോൺഫറൻസിലൂടെയാകും യോഗം ചേരുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള തയാറെടുപ്പുകൾ യോഗം വിലയിരുത്തും. ഊർജ പ്രതിസന്ധിയിലടക്കം സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും.
ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടാനുള്ള ചർച്ചകൾ നടത്തുകയാണ് യോഗത്തിന്റെ അജണ്ട. മുൻകരുതലായി സ്വീകരിക്കേണ്ട നടപടികളും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യത്തിലും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ചയിൽ തീരുമാനമുണ്ടാകും.
ഇന്ധന ലഭ്യത, വളം ലഭ്യത, അവശ്യ വസ്തു വിതരണം, ക്രമസമാധാനം ഉറപ്പാക്കൽ, വിലക്കയറ്റ നിരീക്ഷണം എന്നീ കാര്യങ്ങളിലും വിശദമായ ചർച്ച നടക്കും. അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാതൃക പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല. ഈ സാഹചര്യത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ പ്രത്യേക യോഗം ചേരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
National
ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ മാർക്കാപുരത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചത്.
തെലങ്കാനയിലെ നിർമ്മലിൽ നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്ന ഹരികൃഷ്ണ ട്രാവൽസിന്റെ സ്വകാര്യ ബസ് ഒരു ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്ലാബ് ക്വാറികൾക്ക് സമീപം നടന്ന അപകടത്തിൽ 13 പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂട്ടിയിടിക്ക് പിന്നാലെ ബസിന് തീപിടിക്കുകയും പൂർണമായും കത്തിനശിക്കുകയും ചെയ്തു.
അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ 20 പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
International
കോപ്പൻഹേഗൻ: പാർലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ രാജി സമർപ്പിച്ചു.
ഫെഡറിക്സണിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും 21.9 ശതമാനം വോട്ടാണു ലഭിച്ചത്.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഉൾപ്പെടുന്ന ഇടതുസഖ്യത്തിന് ഭൂരിപക്ഷത്തിനു വേണ്ട 90 സീറ്റുകൾ ലഭിച്ചില്ല. രണ്ടുവട്ടം പ്രധാനമന്ത്രിയായ ഫ്രെഡറിക്സണിന്റെ സാധ്യത ഇവിടെ അവസാനിക്കുന്നില്ല.
കൂടുതൽ കക്ഷികളുടെ പിന്തുണയോടെ ഇനിയും സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങൾ അവർ നടത്തിയേക്കും.
National
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് വൈകുന്നേരം നടക്കും. അഞ്ചിന് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷത വഹിക്കും.
വിദേശകാര്യ, ആഭ്യന്തര മന്ത്രിമാര്‍ പങ്കെടുക്കും. വിവിധ മന്ത്രാലയ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിക്കും. ആഗോള വ്യാപാരത്തെയും ഊര്‍ജ വിതരണത്തെയും ബാധിക്കുന്ന തരത്തില്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രനീക്കം.
ഇറാന്- ഇസ്രയേല്‍- യുഎസ് സംഘര്‍ഷത്തെ തുടർന്നു രാജ്യം നേരിടുന്ന പ്രതിസന്ധികള്‍, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയെല്ലാം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് യോഗത്തില്‍ വിശദീകരിക്കും.
യോഗത്തില്‍ സംബന്ധിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സോണിയാഗാന്ധിയുടെ അനാരോഗ്യം കാരണം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഊർജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 53 ലക്ഷം മെട്രിക് ടൺ പെട്രോളിയം ശേഖരവും 41 രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഇറക്കുമതി ശൃംഖലയും ഇതിനു പിന്നിലുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഊർജ ഇറക്കുമതിയുടെ ഉറവിടങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിലൂടെ കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യ ദൗർലഭ്യം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ ഊർജ ആവശ്യകതകൾ വൈവിധ്യവൽക്കരിച്ചു. നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഇന്ന് 41 രാജ്യങ്ങളിൽ നിന്ന് ഊർജം ഇറക്കുമതി ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി സേവനമനുഷ്ഠിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തിലേക്ക്. 8,930 ദിവസം സിക്കിം മുഖ്യമന്ത്രിയായി അധികാരമേറ്റ പവൻ കുമാർ ചാംലിംഗിനെ മറികടന്ന് പ്രധാനമന്ത്രി മോദി, സംസ്ഥാനത്തും കേന്ദ്രത്തിലുമായി സർക്കാർ തലവനായി 8,931 ദിവസം പൂർത്തിയാക്കി 25-ാം വർഷത്തിലേക്ക് പ്രവേശിച്ചു.
ഗുജറാത്തിലെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി, മുഖ്യമന്ത്രി എന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം മുൻപരിചയമുള്ള പ്രധാനമന്ത്രി എന്നീ റിക്കാർഡുകളും മോദിക്ക് സ്വന്തം. സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം.
2014, 2019, 2024 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വിജയം നേടി. 2001 ഒക്ടോബർ ഏഴിന് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു, 2014 മേയ് 21 വരെ ആ സ്ഥാനത്ത് തുടർന്നു, ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് 13 വർഷത്തിലേറെ സംസ്ഥാനത്തെ നയിച്ചു.
2014 മേയ് 26 ന് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭയിൽ പൂർണ ഭൂരിപക്ഷം നേടിയ ആദ്യത്തെ കോൺഗ്രസ് ഇതര നേതാവായി. പിന്നീട് അദ്ദേഹം രണ്ട് പൂർണ കാലാവധി പൂർത്തിയാക്കി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി.
National
ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ പെട്രോളിയം, പ്രകൃതിവാതകം, വൈദ്യുതി, വളം എന്നീ മേഖലകളുടെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അവശ്യ വിഭവങ്ങളുടെ തടസമില്ലാത്ത വിതരണവും സുസ്ഥിരമായ ചരക്കുനീക്കവും ഉറപ്പാക്കുന്നതിനാണ് യോഗം മുൻഗണന നൽകിയത്.
പാചകവാതകത്തിന്റെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന പരിശോധനകൾ തുടരാനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ പങ്കെടുത്തു.
ആഗോള സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉപഭോക്താക്കളുടെയും വ്യവസായ മേഖലയുടെയും താത്പര്യങ്ങൾ സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിന് ശേഷം അറിയിച്ചു. അടിയന്തര നടപടിയെന്ന നിലയിൽ വാണിജ്യ എൽപിജി വിഹിതം വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കുമാണ് മുൻഗണന നൽകുക. ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ വേഗത്തിൽ നൽകാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ ലഭ്യതയും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേരുന്നു. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതാവസ്ഥയും ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങളും യോഗം വിശദമായി ചർച്ച ചെയ്യും.
ഇറാൻ-യുഎസ് തർക്കം മൂലം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസപ്പെടാൻ സാധ്യതയുള്ളതിനാൽ, രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും ഉറപ്പാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നത് ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ യോഗം വിലയിരുത്തും. പെട്രോളിയം മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
International
കാഠ്മണ്ഡു: നേപ്പാളിൽ അധികാരം പിടിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടിക്ക് (ആർഎസ്പി) 182 സീറ്റ്. നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന 165 സീറ്റിൽ 125 എണ്ണം ആർഎസ്പി നേടിയിരുന്നു.
ആനുപാതിക പ്രാതിനിധ്യ പ്രകാരമുള്ള 110 സീറ്റുകളിൽ 57 എണ്ണംകൂടി ആർഎസ്പി നേടി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 138 പേരുടെ പിന്തുണയാണ്.
ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയാകുമെന്ന് ആർഎസ്പി പാർട്ടി നേതൃത്വം നേരത്തേ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
Movies
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മോഹൻലാൽ. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്റെ പ്രശംസ.
കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ മോഹൻലാൽ മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി രാജ്യത്തെ അമ്മയെപ്പോലെ കാണുന്നു. അദ്ദേഹം ഒരു യോഗിയാണെന്നും വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല മോദിയുടേതെന്നും മോഹൻലാൽ പറഞ്ഞു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ മോദി രാജ്യത്തെ നയിക്കുന്നത് കണ്ടുപഠിക്കേണ്ടതാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കേരളത്തിന് പുതിയ തുടക്കം ആവശ്യമായ സമയമാണിതെന്നും അതുകൊണ്ട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാരിനെ അധികാരത്തിലേറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ എൻഡിഎ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് പ്രകൃതിയും സംസ്കാരവും വിശാലമായ സമുദ്രതീരവുമുണ്ട്. എന്നാൽ വളർച്ച ഉണ്ടാകുന്നില്ല. അതിന് കാരണം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളാണ്. കേരളത്തിലെ ജനത ഇടത്-വലത് അവിശുദ്ധ കൂട്ടുക്കെട്ടിൽ നിന്ന് പുറത്തുവരുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെ ജനങ്ങൾ, തിരുവനന്തപുരത്തെ ജനങ്ങൾ കേരളത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനങ്ങൾ ബിജെപിയിലും എൻഡിയിലും അർപ്പിച്ച വിശ്വാസം പോലെ മുഴുവൻ കേരളവും എൻഡിഎയിൽ വിശ്വാസം അർപ്പിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വർഷം എൻഡിഎയ്ക്ക് അവസരം നൽകിയാൽ വികസിത കേരളം എന്ന അത്ഭുതകരമായ കാഴ്ച കാണാൻ സാധിക്കും. ഇനി കേരളവും മാറും, മാറാത്തതും മാറും കേരളവും വളരും. മാനസിക ശാരീരിക സൗഖ്യത്തിനും വിനോദ സഞ്ചാരത്തിനും കേരളത്തെ ഒന്നാമതെത്തിക്കുകയാണ് എൻഡിഎയുടെ ലക്ഷ്യം. വിവാഹ പാർട്ടികളുടെ ഒന്നാമത്തെ ലക്ഷ്യകേന്ദ്രമായി കേരളം മാറണം. വലിയ വലിയ സമ്മേളനങ്ങൾക്കായി ലോകം കേരളത്തിലെത്തുന്ന സ്ഥിതിയുണ്ടാകാണം. ഇതിന് കേരളത്തിന്റെ അടിസ്ഥാനസൗകര്യമേഖല ആധുനികവത്കരിക്കപ്പെടണം.
പ്രസംഗത്തിൽ കോൺഗ്രസിനെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ യുവാക്കൾക്ക് ഡ്രോൺ നിർമാണത്തിൽ എത്രമാത്രം വൈദഗ്ധ്യമുണ്ടെന്ന് കോൺഗ്രസിന്റെ യുവരാജാവിന് അറിയില്ല. ഡ്രോൺ നിർമിക്കുന്ന നിരവധി കമ്പനികൾ ഭാരതത്തിലുണ്ടെന്ന് ഈ കോൺഗ്രസ് നേതാവിന് അറിയില്ല. കൂപമണ്ഡൂകങ്ങളായ ചിലർക്ക് ഈ രാജ്യത്ത് നടക്കുന്ന പരിവർത്തനം കാണാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിൽ നിക്ഷേപം കൊണ്ടുവരാനുള്ള അന്തരീക്ഷം എൻഡിഎ സർക്കാരുണ്ടാക്കും. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ സർക്കാരുകൾ അവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
ഇത്രയും വലിയൊരു ആഗോള പ്രതിസന്ധിയുടെ സമയത്തും കോൺഗ്രസ് പാർട്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. ബോധപൂർവം പ്രകോപനപരമായ പ്രസ്താവനകൾ നടത്തി സ്ഥിതിഗതികൾ വഷളാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രവാസികളുടെ സുരക്ഷയേക്കാൾ ഉപരിയായി രാഷ്ട്രീയ നേട്ടങ്ങൾക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും അത്യന്തം നിർഭാഗ്യകരമായ രീതിയിലാണ് അവർ പെരുമാറുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
Kerala
കൊച്ചി: കേരളം നേരിട്ട മഹാപ്രളയകാലത്ത് ജീവൻ പണയപ്പെടുത്തി പതിനായിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ധീവര സമുദായത്തെ 'കേരളത്തിന്റെ സ്വന്തം സൈന്യം' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയസമയത്ത് സൈന്യത്തിന് പോലും എത്തിപ്പെടാൻ കഴിയാത്ത ദുർഘടമായ ഇടങ്ങളിൽ സ്വന്തം വള്ളങ്ങളുമായി എത്തിയ ധീവര യുവാക്കളുടെ ധീരതയെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. "കടലിന്റെ മക്കൾ കരയുടെ കാവൽക്കാരായി മാറിയ കാഴ്ചയാണ് നമ്മൾ കണ്ടത്. ആ സേവനമനോഭാവം ഇന്ത്യക്കാകെ മാതൃകയാണ്," അദ്ദേഹം പറഞ്ഞു.
പ്രസംഗത്തില്‍ പണ്ഡിറ്റ് കറുപ്പനെയും അമൃതാനന്ദമയിയെയും അടക്കം പ്രധാനമന്ത്രി ഉള്‍പ്പെടുത്തി.
'നമ്മുടെ സംസ്ഥാനത്തിന്റെ കേരള എന്ന പേര് മാറ്റി കേരളം എന്ന് ആയിരിക്കുകയാണ്. കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. നിങ്ങള്‍ എല്ലാവരുടെയും മുഖത്ത് അതിന്റെ സന്തോഷം കാണാം. എല്ലാ കേരളം നിവാസികള്‍ക്കും ഞാന്‍ ആശംസകള്‍ അറിയിക്കുന്നു.'- മോദി പറഞ്ഞു.
കേന്ദ്ര സർക്കാർ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. കേരളത്തിലെ മത്സ്യമേഖലയുടെ പുരോഗതിക്കായി മാത്രം 1400 കോടി രൂപയാണ് കേന്ദ്ര സർക്കാർ നീക്കിവച്ചിരിക്കുന്നത്.
ഫിഷർമാൻ കോപ്പറേറ്റീവ് സൊസൈറ്റികൾ വഴിയും മത്സ്യ ഉത്പാദന സഹകരണ സംഘങ്ങൾ വഴിയും ലക്ഷക്കണക്കിന് രൂപയുടെ ധനസഹായം ധീവര സമുദായത്തിന് ലഭ്യമാക്കും.
സമുദ്രവിഭവങ്ങളെ ഉപയോഗപ്പെടുത്തിയുള്ള 'ബ്ലൂ ഇക്കണോമി' എന്ന ആശയത്തിലേക്ക് കേരളത്തിലെ യുവാക്കൾ കടന്നുവരണമെന്നും അത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സ്യത്തൊഴിലാളികൾ കടലിൽ നേരിടുന്ന അപകടങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ഉപഗ്രഹ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ വഴി കടലിൽ പോകുന്ന ഓരോ തൊഴിലാളിയുടെയും സുരക്ഷ ഉറപ്പാക്കുമെന്നും കരയിലിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശങ്കയകറ്റാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നും വ്യക്തമാക്കി.
Kerala
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ സുരക്ഷ ഒരുക്കുന്നത് 2,500 പോലീസ് ഉദ്യോഗസ്ഥര്‍. സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) മേല്‍നോട്ടത്തിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്.
ആറു എസ്പിമാര്, 26 ഡിവൈഎസ്പിമാര്‍, 2300ല്‍ അധികം പോലീസ് ഉദ്യോഗസ്ഥരും കേന്ദ്ര അന്വേഷണ ഏജന്‍സികളും പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും ഉന്നത ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് കൊച്ചിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോകുന്ന ഭാഗങ്ങളില്‍ സിസിടിവി അടക്കം സ്ഥാപിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മടങ്ങുംവരെ കടുത്ത ഗതാഗത നിയന്ത്രണവുമുണ്ട്.
അതേസമയം, പ്രധാനമന്ത്രിയുടെ പരിപാടി സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്കരിക്കും. മുഖ്യമന്ത്രി പിണറായി വിജയന് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണന്‍കുട്ടിയും അറിയിച്ചിട്ടുണ്ട്. ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ നിന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിന് അതൃപ്തിയുണ്ട്.
Kerala
കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ നെടുമ്പാശേരി മുതൽ മുട്ടം വരെയുള്ള ഭാഗങ്ങളിൽ റൂറൽ പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
അങ്കമാലി ഭാഗത്തുനിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും അങ്കമാലി - കാലടി എംസി റോഡ് വഴി പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് ഒന്നു മുതൽ ഇട റോഡുകളിൽ നിന്നും സർവീസ് റോഡ് നിന്നും ഹൈവേയിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല. മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ആലുവ മുതൽ മുട്ടം വരെ യാത്രകൾക്ക് രാവിലെ 10നും വൈകിട്ട് നാലിനും ഇടക്കുള്ള സമയം നിയന്ത്രണം ഉണ്ടാകും.
Kerala
കൊച്ചി: എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. രാവിലെ 11.30 ന് നെടുമ്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി നേവൽ ബേസിൽ എത്തി റോഡ് മാർഗം ആദ്യ പരിപാടിക്ക് എത്തും.
മറൈൻഡ്രൈവിൽ ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷമാണ് മോദിയുടെ ആദ്യ പരിപാടി. 12ന് കലൂർ സ്റ്റേഡിയത്തിൽ റോഡ് ഷോ. 12.30 ന് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ 10,000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഉച്ചകഴിഞ്ഞ് ഒന്നോടുകൂടി കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് കൺവൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങൾക്കും തുടക്കമാകും.
തുടർന്ന് 2.30ന് പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും. വൈകിട്ട് തിരുച്ചിറപ്പള്ളിയിൽ എത്തുന്ന മോദി 5.45ന് വിവിധ വികസന പദ്ധതികളുടെ ഉദ്ഘടനവും ശിലാസ്ഥപനവും നിർവഹിക്കും. ആകെ 5650 കോടി രൂപയുടെതാണ് പദ്ധതികൾ. തുടർന്ന് എൻഡിഎ പൊതുയോഗത്തിലും മോദി പ്രസംഗിക്കും. ബിജെപിയുടെ വർധിച്ചു വരുന്ന സ്വീകര്യതയിൽ ഡിഎംകെ അസ്വസ്ഥരാണെന്ന് മോദി എക്സിൽ കുറിച്ചു. ഈ മാസം മോദിയുടെ രണ്ടാമത്തെ തമിഴ്നാട് സന്ദർശനമാണിത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക ക്ഷാമവും ഇന്ധനവില വർധനയും ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നു. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആഗോള സാഹചര്യങ്ങൾ നിരീക്ഷിച്ചുകൊണ്ട് ഇന്ധന പ്രതിസന്ധി മറികടക്കാൻ ഇന്ത്യ സജ്ജമാണെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
യുദ്ധം കാരണം ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി. റഷ്യ ഉൾപ്പെടെയുള്ള ഇതര രാജ്യങ്ങളിൽ നിന്ന് എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നതിനുള്ള സാധ്യതകൾ വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു വരികയാണെന്ന് യോഗത്തിന് ശേഷം അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, രാജ്യത്തെ സാധാരണക്കാരെ ബാധിക്കാത്ത രീതിയിൽ വില പിടിച്ചുനിർത്താനുള്ള സാമ്പത്തിക പാക്കേജുകളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. സബ്സിഡികൾ തുടരുന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം മന്ദഗതിയിലായതിനാൽ, ലഭ്യമായ എൽപിജി സ്റ്റോക്ക് ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നൽകി വിതരണം ചെയ്യാൻ പെട്രോളിയം മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ട്. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ മുൻകൂട്ടി കണ്ട് തന്ത്രപ്രധാനമായ എണ്ണശേഖരം ഫലപ്രദമായി ഉപയോഗിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു.
Kerala
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് കൊച്ചി നഗരത്തിൽ നഗരത്തിൽ ഇന്നും ബുധനാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കലൂർ, മറൈൻ ഡ്രൈവ് മേഖലകളിലാണ് പ്രധാനമായും പരിശോധനകൾ നടക്കുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
800 ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിർദേശവും പോലീസുകാർക്ക് നൽകിയിട്ടുണ്ട്.
സിറ്റി പോലീസിന് ഇന്നും ബുധനാഴ്ചയും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ നിർബന്ധിത ഡ്യൂട്ടിയും നൽകിയിട്ടുണ്ട്. നഗരത്തിൽ ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം മൂന്ന് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ് അറിയിപ്പ്.
National
കോൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബംഗാള്‍ സന്ദര്‍ശനത്തില്‍ ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം. സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ലെന്ന അമര്‍ഷം പരസ്യമാക്കി രാഷ്ട്രപതി ദ്രൗപതി മുർമു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തനിക്ക് സഹോദരിയെ പോലെയാണ്. അവർക്ക് തന്നോട് പിണക്കമുണ്ടോ എന്ന് അറിയില്ലെന്നും രാഷ്ട്രപതി പറഞ്ഞു. സിലിഗുഡിയിലെ പരിപാടിയിലാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താതിരുന്നത്. രാഷ്ട്രപതി പങ്കെടുക്കാനിരുന്ന അന്താരാഷ്ട്ര സാന്താൾ കോൺഫറൻസ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പശ്ചിമ ബംഗാളിലെ ബിധാൻനഗറിൽ നിന്ന് ബഗ്ദോഗ്ര വിമാനത്താവളത്തിന് സമീപത്തെ ഗോഷായ്പുറിലെ വേദിയിലേക്ക് മാറ്റിയിരുന്നു.
വേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഷ്ട്രപതി അമര്‍ഷം പരസ്യമാക്കിയത്. "രാഷ്ട്രപതി ഒരു സ്ഥലം സന്ദർശിക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വരണം. എന്നാൽ, അവർ (മമതാ ബാനർജി) വന്നില്ല. ഞാനും ബംഗാളിന്റെ മകളാണ്. മമത എന്റെ സഹോദരിയാണ്, എന്റെ ഇളയ സഹോദരി. അവർക്ക് എന്നോട് ദേഷ്യമായതിനാലാണോ ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല" ഇങ്ങനെയായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
സംഭവത്തിൽ തൃണമൂല്‍ സർക്കാർ എല്ലാ പരിധികളും ലംഘിച്ചുവെന്നും അപമാനകരമായ സംഭവമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ ടിഎംസി സർക്കാർ ശരിക്കും എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നുവെന്നും രാഷ്ട്രപതിക്കുണ്ടായ അപമാനത്തിന് ഉത്തരവാദികൾ ബംഗാൾ സർക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു. യുഎഇ പ്രസിഡന്റുമായി സംസാരിച്ച നരേന്ദ്ര മോദി യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് നന്ദി അറിയിച്ചു. ഇറാൻ - ഇസ്രയേൽ - അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണമാണിത്.
ഇന്നലെ ഇറാൻ - ഇസ്രയേൽ- യുഎസ് സംഘർഷം രൂക്ഷമായെങ്കിലും പക്ഷം പിടിക്കാതെ കരുതലോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ഈ സംഘർഷത്തിൽ രാജ്യം ആദ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത് യുഎഇയ്ക്കാണ്.
മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് രണ്ട്, മൂന്ന്, നാലി തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, 12-ാം ക്ലാസ് ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം' അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ ഭരണകൂടം അറിയിച്ചു. ദുബായ് ഗ്ലോബൽ വില്ലേജ് അടക്കം താത്ക്കാലികമായി അടച്ചിട്ടുണ്ട്.
ഇനിയും ആക്രമണം ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി മുന്നറിയിപ്പ് നൽകി. സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യുഎഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഗൾഫ് മേഖലയിലെ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇന്നലെ മുതൽ ഇറാൻ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് യുഎഇയുടെ പ്രതികരണം.
National
ചെന്നൈ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെത്തും. പുതുച്ചേരിയിലും തമിഴ്നാട്ടിലുമായി ഏകദേശം 6,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
രാജസ്ഥാൻ, ഗുജറാത്ത് സന്ദർശനങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ഒൻപത് മണിയോടെ പ്രധാനമന്ത്രി ചെന്നൈയിലെത്തും. ഇന്ന് അദ്ദേഹം ചെന്നൈ രാജ്ഭവനിൽ തങ്ങും.
ഞായറാഴ്ച രാവിലെ 11:45-ന് പുതുച്ചേരിയിലെത്തുന്ന പ്രധാനമന്ത്രി 2,700 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ഇ-ബസ് സർവീസ്, 750 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കരസൂർ-സെഡരപ്പെട്ട ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മധുരയിലെത്തുന്ന അദ്ദേഹം 4,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. മധുര എയിംസ് ആശുപത്രിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നവീകരിച്ച എട്ട് റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. മധുരയിലെ ചരിത്രപ്രസിദ്ധമായ തിരുപ്പറങ്കുണ്ഡ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും.
2026-ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമായും ഈ സന്ദർശനം വിലയിരുത്തപ്പെടുന്നു. സന്ദർശനത്തോടനുബന്ധിച്ച് ചെന്നൈയിലും മധുരയിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
National
ന്യൂഡൽഹി: ഇരുകൂട്ടർക്കും സമ്മതമെങ്കിൽ യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യാക്കോബായ യാക്കോബായ സഭാതലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുൾപ്പെടെയുള്ള സഭാ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് ബാവ, ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസേബിയോസ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ട്വന്റി 20 പാർട്ടി കോ-ഓർഡിനേറ്റർ സാബു എം ജേക്കബ് തുടങ്ങിയവർക്കൊപ്പമായിരുന്നു കൂടിക്കാഴ്ച.
ന്യൂനപക്ഷ അവകാശങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയുടെ ഭാഗമായി. സഭാതർക്കത്തിൽ സമാധാനപരമായ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയതായാണു സൂചന.
കൂടിക്കാഴ്ചയ്ക്കു പ്രധാനമന്ത്രി താത്പര്യപ്പെട്ടതുപ്രകാരം ഓസ്ട്രേലിയൻ സന്ദർശനം വെട്ടിച്ചുരുക്കിയാണ് പാത്രിയർക്കീസ് ബാവ ഡൽഹിയിലെത്തിയത്. സഭൈക്യത്തിനായുള്ള എല്ലാ നീക്കങ്ങളെയും യാക്കോബായ സഭ എന്നും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് പാത്രിയർക്കീസ് ബാവ വ്യക്തമാക്കി.
National
ന്യൂഡല്‍ഹി സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരള' എന്നതില്‍ നിന്നും 'കേരളം'എന്നാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് നന്ദി അറിയിക്കാന്‍ കേരളത്തിലെ പ്രമുഖ സാംസ്കാരിക നായകര്‍ ഡല്‍ഹിയിലെത്തി. മലയാളത്തിന്റെ പ്രിയ കവി വി. മധുസൂദനന് നായര്‍, ശ്രീകുമാരന്‍ തമ്പി, ജോര്‍ജ് ഓണക്കൂര്‍ എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് നന്ദി അറിയിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ പേര് മലയാളത്തനിമയോടെ 'കേരളം' എന്ന് പുനര്‍നാമകരണം ചെയ്തതില്‍ ഇവര്‍ പ്രധാനമന്ത്രിയോട് കേരളത്തിന്റെ നന്ദി അറിയിച്ചു.
സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിയമസഭയില്‍ ഐകകണ്ഠേന പ്രമേയം പാസാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഈ പ്രമേയത്തിന് പിന്തുണയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭ ഇതിന് ഔദ്യോഗിക അംഗീകാരം നല്‍കിയത്.
'മലയാള ഭാഷയ്ക്കും സംസ്കാരത്തിനും അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ട് 'കേരളം' എന്ന പേര് ഔദ്യോഗികമാക്കിയത് ചരിത്രപരമായ തീരുമാനമായാണ് സാംസ്കാരിക കേരളം വിലയിരുത്തിയത്.
Movies
വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും വിവാഹമംഗള ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചടങ്ങിലേയ്ക്ക് ക്ഷണിച്ചതിന് നന്ദിയുണ്ടെന്ന് പറഞ്ഞാണ് ആശംസ തുടങ്ങുന്നത്.
വിജയ്യുടെ മാതാപിതാക്കളായ മാധവിയേയും ഗോവർധൻ റാവു ദേവരകൊണ്ടയേയും അഭിസംബോധനചെയ്തുകൊണ്ടുള്ള കത്ത് സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
'വ്യാഴാഴ്ച നടക്കുന്ന വിജയ്- രശ്മിക വിവാഹത്തിലേക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ട്. സന്തോഷകരവും മംഗളകരവുമായ അവസരത്തിൽ ദേവരകൊണ്ട- മന്ദാന കുടുംബത്തിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും.
വിജയ്യുടേയും രശ്മികയുടേയും ജീവിതത്തിലെ മനോഹരമായ പുതിയ അധ്യായത്തിന്റെ തുടക്കമാണിത്. ഏഴ് ചുവടുകൾ ഒന്നിച്ചുവെക്കുമ്പോൾ ജീവിതകാലം മുഴുവൻ സുഹൃത്തുക്കളായി തീരുന്നുവെന്ന ഉദാത്തചിന്ത ഉൾക്കൊണ്ടുകൊണ്ട് ദമ്പതികൾ ജീവിതം തുടങ്ങട്ടെ.
സ്നേഹവും അടുപ്പവുംകൊണ്ട് ദൈവികമായി എഴുതപ്പെട്ട ജീവിതത്തിന്റെ അധ്യായം വെള്ളിത്തരയിൽ അവർ സൃഷ്ടിച്ച മാന്ത്രികതയെ മറികടക്കുമെന്നതിൽ സംശയമില്ല.
വരും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും അവരുടെ സ്വപ്നങ്ങളാലും അവയുടെ സഫലീകരണത്താലും നിറയട്ടെ. പരസ്പരം തിരിച്ചറിഞ്ഞ് സ്നേഹത്തോടെ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കാനും, പോരായ്മകളെ സ്വീകരിക്കാനും, ശക്തികളിൽനിന്ന് പഠിക്കാനും, യഥാർഥ പങ്കാളികളായി ജീവിതത്തിലുടനീളം യാത്ര ചെയ്യാനും അവർക്ക് കഴിയട്ടെ. ഈ സുപ്രധാന അവസരത്തിൽ ദമ്പതിമാർക്കും കുടുംബങ്ങൾക്കും എന്റെ അനുഗ്രഹങ്ങളും ആശംസകളും. മോദിയുടെ കുറിപ്പ് ഇങ്ങനെ.
രാജസ്ഥാനിലെ ഉദയ്പൂരിനടുത്തുള്ള പ്രശസ്തമായ ഐടിസി മെമന്റോസ് എമ്മ ആഡംബര റിസോർട്ടാണ് ഈ താരവിവാഹത്തിന് വേദിയാകുന്നത്.
ആയിരക്കണക്കിന് അതിഥികളെ പങ്കെടുപ്പിച്ചുള്ള ആഘോഷങ്ങൾക്ക് പകരം, അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന തികച്ചും സ്വകാര്യമായ ചടങ്ങാണ് ഇരുവരും ആസൂത്രണം ചെയ്തിരിക്കുന്നത്.
നൂറോളം അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക. ഉദയ്പൂർ നഗരത്തിൽ നിന്നും 30 കിലോമീറ്റർ മാറി ആരവല്ലി കുന്നുകൾക്ക് മുകളിലാണ് ഈ ആഡംബര റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
International
സിഡ്നി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ വസതിക്ക് നേരെ ബോംബ് ഭീഷണി. കാൻബറയിലെ ഔദ്യോഗിക വസതിയായ ദ ലോഡ്ജിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതേ തുടർന്ന് ആന്റണി ആൽബനീസിനെ വസതിയിൽ നിന്ന് ഒഴിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെ ആയിരുന്നു പ്രധാനമന്ത്രിയെ സുരക്ഷാ പരിശോധനകൾക്കായി ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചത്. തുടർന്ന് പാർലമെന്റ് ഹൗസിന് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് പരിശോധന നടത്തി.
പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് രാത്രി ഒൻപതോടെ ആൽബനീസിന് വസതിയിലേക്ക് മടങ്ങിയെത്താൻ അനുമതി നൽകി. ആൽബനീസും നിരവധി ഫെഡറൽ എംപിമാരും സമീപ മാസങ്ങളിൽ ഭീഷണികൾ നേരിട്ടിരുന്നു. പിന്നാലെ ആന്റണി ആൽബനീസ് ഉൾപ്പെടുന്ന പൊതുപരിപാടികളിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് ആദ്യവാരം കൊച്ചിയിലെത്തും.
സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയും വികസന രേഖയുടെ പ്രകാശനവും മോദിയുടെ കൂടിക്കാഴ്ചയുടെ ഭാഗമായി നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. മാര്‍ച്ച് അഞ്ച്, ആറ് തീയതികളിലായിരിക്കും പ്രധാനമന്ത്രി കൊച്ചിയിലെത്തുക.
കേരളത്തിന്റെ ബിജെപിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നേതാക്കളുടെ ഓൺലൈൻ യോഗം നടക്കുന്നുണ്ട്. അതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുക.
ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും പ്രചാരണത്തിന് ഉള്ള തുടക്കവും പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ഉണ്ടാകും.
കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സാമുദായിക നേതാക്കളുമായിട്ട് കൂടിക്കാഴ്ച നടത്തിയേക്കും. നേതാക്കളുമായിട്ട് പ്രത്യേകം ചർച്ച നടത്തും. കേരളത്തില്‍ ഇത്തവണ 30 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്.
National
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മീററ്റ് മെട്രോയും നമോ ഭാരത് സർവീസുകളും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മെട്രോ സർവീസായ 'മീററ്റ് മെട്രോയും' ഡൽഹി-മീററ്റ് നമോ ഭാരത് ആർആർടിഎസ് ഇടനാഴിയുടെ പൂർണരൂപവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിലുള്ള ശതാബ്ദി നഗർ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തത്.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള നമോ ഭാരത്, ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമാണ്. 82 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മീററ്റ് പാത പൂർണമായും പ്രവർത്തനസജ്ജമായതോടെ, ഡൽഹിയിൽ നിന്ന് മീററ്റിലേക്കുള്ള യാത്രാസമയം ഒരു മണിക്കൂറിൽ താഴെയായി കുറയും.
രാജ്യത്തെ ഏറ്റവും വേഗമേറിയ മെട്രോയാണിത്. മണിക്കൂറിൽ 120 കിലോമീറ്ററാണ് ഇതിന്റെ വേഗത. മീററ്റ് സൗത്ത് മുതൽ മോദിപുരം വരെയുള്ള 21 കിലോമീറ്റർ ദൂരം വെറും 30 മിനിറ്റിനുള്ളിൽ മെട്രോ പിന്നിടും. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി മീററ്റ് സൗത്ത് സ്റ്റേഷൻ വരെ മെട്രോയിൽ യാത്ര ചെയ്യുകയും ചെയ്തു. ഏകദേശം 12,930 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇതോടൊപ്പം തുടക്കം കുറിച്ചത്.
National
ന്യൂഡൽഹി: അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിനെയും കുടുംബത്തെയും മൻകി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിന്റെ പേര് എന്നെന്നും ഓർമിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയത്. എല്ലാമായ കുഞ്ഞിനെ നഷ്ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. എന്തൊരു വലിയ തീരുമാനമാണത്. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണമെന്നും മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തിൽ പ്രതിഫലിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അവയവദാനം മഹത് കൃത്യമാണ്. ആവശ്യമുള്ളവർക്ക് ദാനം ചെയ്യണം. അവയവദാനത്തിൽ ഇന്ത്യ മുന്നിലാണ്. മെഡിക്കൽ ഗവേഷണ രംഗവും മുൻപന്തിയിലാണ്. അവയവങ്ങൾ സ്വീകരിച്ച പലരും ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ട്. അവയവദാനത്തെ എന്നും പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
International
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി അധികാരമേറ്റ താരിഖ് റഹ്മാൻ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇനിമുതൽ സ്വന്തം വാഹനമായിരിക്കും ഉപയോഗിക്കുക.
തനിക്കു സർക്കാർ വാഹനം നൽകേണ്ടതില്ലെന്ന് പ്രധാനമന്ത്രി നിർദേശിച്ചതായി ബിഎൻപി മീഡിയ സെൽ മെംബർ അതിഖുർ റഹ്മാൻ റുമൻ പറഞ്ഞു.
നിലവിലുള്ള ഡ്രൈവറെയാകും അദ്ദേഹം ഉപയോഗപ്പെടുത്തുകയെന്നും വാഹനത്തിന്റെ ഇന്ധനച്ചെലവ് സ്വന്തം നിലയിൽ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിഖുർ റഹ്മാൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങളുടെ നന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ നടക്കുന്ന "എഐ ഇംപാക്ട് സമ്മിറ്റ് 2026' ന്റെ രണ്ടാം ദിവസമാണു നിർമിത ബുദ്ധി സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞത്.
ബുദ്ധിശക്തിയും യുക്തിയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും സാങ്കേതികവിദ്യയെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. കേൾക്കാനുള്ള ആഗ്രഹം, ശ്രദ്ധയോടെയുള്ള ശ്രവണം, ഗ്രഹണം, ഓർത്തുവയ്ക്കൽ, യുക്തിചിന്ത, വിവേചനബുദ്ധി, അർഥം ഗ്രഹിക്കൽ, തത്വങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവയാണ് ബുദ്ധിയുടെ ഗുണങ്ങളെന്നും ഇവയാണ് അടിത്തറയെന്നും അർഥം വരുന്ന സംസ്കൃത ശ്ലോകം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.
ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ എക്സ്പോ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, ഉത്തരവാദിത്തമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എഐ വികസനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരുമായി പ്രധാനമന്ത്രി ആശയവിനിമയവും നടത്തി.
ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും വിശ്വാസയോഗ്യവും വികസനോന്മുഖവുമായ എഐ എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, യുകെ, ഫ്രാൻസ്, ജർമനി തുടങ്ങി നിരവധി രാജ്യങ്ങളുടെ സാന്നിധ്യം ഉച്ചകോടിയിലുണ്ട്. പീപ്പിൾ, പ്ലാനറ്റ്, പ്രോഗ്രസ് എന്നിങ്ങനെ മൂന്നു പ്രധാന വിഭാഗങ്ങളിലായി 300-ലധികം പ്രദർശനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: വഖഫ്, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മുതലായ വിഷയങ്ങളിൽ പ്രധാനമന്ത്രിയോട് ആശങ്ക അറിയിച്ചെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. എന്നാൽ മുസ്ലിംങ്ങൾ ഇന്ത്യയിൽ പ്രതിസന്ധികൾ നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യ പുരോഗതിക്കായി ഒന്നിച്ചുള്ള പ്രവർത്തനമാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തത്. ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിൽ കാന്തപുരത്തിന്റെ സംഭാവനകൾ ശ്രദ്ധേയമെന്ന് മോദി എക്സിൽ കുറിച്ചിരുന്നു.