പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സ്മാർട്ട്ഫോൺ ഉപയോക്താക്കൾ നേരിട്ടിരുന്ന വലിയൊരു പരിമിതിക്ക് പരിഹാരവുമായി ആപ്പിൾ. ഒരൊറ്റ ഫോൺ നമ്പർ ഉപയോഗിച്ച് ഒരേസമയം രണ്ട് ഐഫോണുകൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന പുതിയ 'ഐഫോൺ ഹാൻഡ്ഓഫ്' ഫീച്ചർ കമ്പനി അവതരിപ്പിക്കുന്നതായി റിപ്പോർട്ട്.
സിം കാർഡുകൾ മാറ്റിയിടുകയോ, കോൾ ഫോർവേഡ് ചെയ്യുകയോ, രണ്ടാമതൊരു സെല്ലുലാർ കണക്ഷനായി അധിക തുക നൽകുകയോ ചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും.
വരാനിരിക്കുന്ന പുതിയ ഐഒഎസ് 27 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫീച്ചർ ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന ഡബ്ല്യൂഡബ്ല്യൂഡിസി 2026 ചടങ്ങിൽ ഈ ഫീച്ചറിനെക്കുറിച്ച് സൂചനകൾ നൽകിയിരുന്നെങ്കിലും, പ്രവർത്തനം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ 'മാക്റൂമേഴ്സ്'ആണ് പുറത്തുവിട്ടിരിക്കുന്നത്.
ഐഫോണിലെ Settings > Cellular മെനു വഴി വളരെ എളുപ്പത്തിൽ 'ഐഫോൺ ഹാൻഡ്ഓഫ്' സെറ്റ് ചെയ്യാം. ക്രമീകരണ വേളയിൽ ഒരു ഐഫോണിനെ പ്രൈമറി ഫോണായും രണ്ടാമത്തേതിനെ കോംപാനിയൻ ഫോണായും തെരഞ്ഞെടുക്കണം.
പ്രധാന ഫോണിൽ നിലവിലുള്ള ഇ-സിം അടിസ്ഥാനമാക്കി രണ്ടാമത്തെ ഫോണിനായി ഒരു 'ലിങ്ക്ഡ് കോംപാനിയൻ ഇ-സിം' നിർമിക്കപ്പെടും. ഉപയോക്താവ് ഏത് ഫോണാണോ നിലവിൽ ഉപയോഗിക്കുന്നത്, അതിൽ അതേ നമ്പർ സജീവമായിരിക്കും.
ലൊക്കേഷൻ ഷെയറിംഗ് സവിശേഷത നിലവിൽ കൈവശമുള്ള ഫോണിലേക്ക് സ്വയം മാറും. അതിനാൽ ' ഫൈൻഡ് മൈ' ആപ്പ് വഴി നിങ്ങളെ തിരയുന്നവർക്ക് നിലവിൽ ഉപയോഗിക്കുന്ന ഫോണിന്റെ കൃത്യമായ ലൊക്കേഷൻ ലഭ്യമാകും.അക്കൗണ്ട് ക്രമീകരണങ്ങളും സെല്ലുലാർ പ്ലാനുകളും നിയന്ത്രിക്കുന്നത് പ്രധാന ഐഫോൺ വഴിയായിരിക്കും.
രണ്ട് ഫോണുകളിലും ഐഒഎസ് 27 ഉണ്ടെന്നതുകൊണ്ട് മാത്രം ഈ ഫീച്ചർ ഉപയോഗിക്കാനാകില്ല. ആപ്പിൾ വാച്ചുകളിൽ സെല്ലുലാർ സേവനം നൽകുന്നത് പോലെ ടെലികോം ഓപ്പറേറ്റർമാരുടെ സാങ്കേതിക പിന്തുണ ഇതിന് അത്യാവശ്യമാണ്. അമേരിക്കയിലെ ടി- മൊബൈൽ, ജർമ്മനിയിലെ ഡൂഷേ ടെലികോം എന്നീ കമ്പനികളാവും ഈ സേവനം ആദ്യം ലഭ്യമാക്കുകയെന്നാണ് വിവരങ്ങൾ.
വർക്കൗട്ടുകൾക്കോ, യാത്രകൾക്കോ, മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി വിലകൂടിയ പ്രധാന ഫോണിന് പകരം രണ്ടാമതൊരു ഫോൺ ഉപയോഗിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ പുതിയ മാറ്റം. ഈ മാസം അവസാനം iOS 27 ഔദ്യോഗികമായി പുറത്തിറങ്ങുന്നതോടെ കൂടുതൽ വിവരങ്ങൾ ആപ്പിൾ വ്യക്തമാക്കും.
Tags : technology apple ios27 iphone handoff