സെൽഫി വീഡിയോ വെരിഫിക്കേഷൻ
കാലിഫോർണിയ: ഗൂഗിൾ അക്കൗണ്ടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും അക്കൗണ്ട് റിക്കവറി എളുപ്പമാക്കുന്നതിനുമായി പുതിയ 'സെൽഫി വീഡിയോ വെരിഫിക്കേഷൻ' ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ.
പാസ്വേഡ് മറന്നുപോകുകയോ, ഫോൺ നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് തിരികെ പ്രവേശിക്കാൻ ഈ സംവിധാനം ഉപയോക്താക്കളെ സഹായിക്കും.
സെൽഫി വീഡിയോ വെരിഫിക്കേഷൻ പ്രവർത്തിക്കുന്നത് എങ്ങനെ?
ഈ സെക്യൂരിറ്റി ഓപ്ഷൻ എനേബിൾ ചെയ്യുമ്പോൾ, ഫോണിന്റെ ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് ഉപയോക്താവ് ഒരു ഹ്രസ്വ സെൽഫി വീഡിയോ റെക്കോർഡ് ചെയ്യേണ്ടതുണ്ട്.
ക്യാമറയ്ക്ക് മുന്നിൽ തല വശങ്ങളിലേക്ക് തിരിക്കാൻ ഗൂഗിൾ നിർദ്ദേശിക്കും. ഇതുവഴി മുഖത്തിന്റെ വിവിധ കോണുകൾ സിസ്റ്റം സുരക്ഷിതമായി റിക്കാർഡ് ചെയ്യും. പിന്നീട് അക്കൗണ്ട് ലോക്കാകുന്ന ഘട്ടത്തിൽ പുതിയൊരു സെൽഫി വീഡിയോ റിക്കാർഡ് ചെയ്ത് നൽകണം. എഐ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും തടയാൻ തത്സമയ ചലനങ്ങൾ പരിശോധിക്കുന്ന പ്രത്യേക സുരക്ഷാ പാളികൾ ഈ ഫീച്ചറിലുണ്ട്.
പാസ്വേഡുകളേക്കാൾ സുരക്ഷിതമാണോ?
പ്രധാനമായും അക്കൗണ്ട് റിക്കവറി ഓപ്ഷൻ എന്ന നിലയിലാണ് ഗൂഗിൾ ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള പാസ്വേഡ്, പാസ്കീ സംവിധാനങ്ങൾക്ക് പകരമല്ലിത്.
എസ്എംഎസ് വഴി വരുന്ന ഒടിപികളും പാസ്വേഡുകളും തട്ടിപ്പുകാർ ചോർത്താൻ സാധ്യതയുള്ളപ്പോൾ, തത്സമയ ബയോമെട്രിക് വെരിഫിക്കേഷൻ ഹാക്ക് ചെയ്യുന്നത് അത്യന്തം പ്രയാസകരമാണ്.
ഉപയോക്താക്കളുടെ സെൽഫി വീഡിയോകൾ എൻക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുകയെന്നും, അക്കൗണ്ട് റിക്കവറി അല്ലാതെ മറ്റൊന്നിനും ഇത് ഉപയോഗിക്കില്ലെന്നും ഗൂഗിൾ വ്യക്തമാക്കുന്നു. എപ്പോൾ വേണമെങ്കിലും ഇത് ഡിലീറ്റ് ചെയ്യാനും സൗകര്യമുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, കൂടുതൽ സുരക്ഷിതമായ ബയോമെട്രിക് സംവിധാനങ്ങളിലേക്ക് മാറുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഗൂഗിളിന്റെ ഈ നീക്കം.
Tags : technology google videoverification selfievideoverification