പ്രോജക്റ്റ് സൺക്യാച്ചർ
ബഹിരാകാശത്ത് എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനുള്ള ഗൂഗിളിന്റെ ദീർഘകാല പദ്ധതിയായ 'പ്രൊജക്റ്റ് സൺകാച്ചറിന്റെ ' ആദ്യ പ്രോട്ടോടൈപ്പ് സാറ്റലൈറ്റ് ഭ്രമണപഥത്തിൽ വിജയകരമായി പരീക്ഷിച്ചു.
ഒക്ടോബർ 1ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ച സാറ്റലൈറ്റ്, ഭൂമിയിൽ നിന്ന് അയച്ച നിർദ്ദേശത്തിന് അനുസരിച്ച് ഒരു എഐ കവിത (ഹൈക്കു) തയാറാക്കി തിരികെ അയച്ചാണ് ആദ്യ ദൗത്യം പൂർത്തിയാക്കിയത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.
ഗൂഗിളിന്റെ എഐ ചിപ്പുകളായ നാല് 'ടെൻസർ പ്രൊസസിംഗ് യൂണിറ്റുകൾ', ഗൂഗിൾ ഡീപ്മൈൻഡിന്റെ 'ജെമ്മ 4' എഐ മോഡൽ എന്നിവയാണ് സാറ്റലൈറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്.
സാറ്റലൈറ്റിന് ഏകദേശം 1 കിലോവാട്ട് വൈദ്യതി ഉത്പാദിപ്പിക്കാൻ മാത്രമേ ശേഷിയുള്ളൂ. അതിനാൽ ഒരേസമയം നാല് എഐ ചിപ്പുകൾ പ്രവർത്തിപ്പിക്കാൻ കഴിയില്ല.നിലവിൽ ഒരു സമയത്ത് ഒരു TPU മാത്രമാണ് ഏകദേശം 20 മിനിറ്റ് നേരം പ്രവർത്തിപ്പിക്കാനാകുക.
വികിരണങ്ങളും കടുത്ത താപനിലയും എ.ഐ ചിപ്പുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് ഈ ദൗത്യത്തിലൂടെ ഗൂഗിൾ പഠിക്കും. കൂടുതൽ ശേഷിയുള്ള അടുത്ത രണ്ട് സാറ്റലൈറ്റുകൾ 2027ൽ വിക്ഷേപിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
ഭൂമിയെക്കാൾ എട്ടിരട്ടി ഊർജ്ജം സൗരോർജ്ജ പാനലുകൾ വഴി ബഹിരാകാശത്ത് ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നതിനാൽ, 2030ഓടെ വലിയ എഐ ഡാറ്റാ സെന്ററുകൾ ബഹിരാകാശത്ത് സ്ഥാപിക്കാൻ കഴിയുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടൽ.
Tags : ProjectSuncatcher google electricityscarcity datacentre spacebased