ഓംറോൺ
ജാപ്പനീസ് ഹെൽത്ത് കെയർ കമ്പനിയായ 'ഓംറോൺ' (Omron) ചെന്നൈയ്ക്ക് സമീപം തങ്ങളുടെ ആദ്യത്തെ ബ്ലഡ് പ്രഷർ മോണിറ്റർ നിർമാണ ഫാക്ടറിയിൽ പൂർണതോതിലുള്ള ഉത്പാദനം ആരംഭിച്ചു.
പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ചെന്നൈയെ അന്താരാഷ്ട്ര വിപണികളിലേക്കുള്ള ഒരു വിതരണ കേന്ദ്രമാക്കി മാറ്റാനും കമ്പനിക്ക് പദ്ധതിയുണ്ട്. 2028ഓടെ ഫാക്ടറിയുടെ ഉത്പാദന ശേഷി പത്തിമടങ്ങ് വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ചെന്നൈയിലെ ഒറിജിൻസ് ബൈ മഹീന്ദ്ര എന്ന സ്ഥലത്ത് ഏകദേശം 24,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. നിലവിൽ HEM-7090, HEM-7181, HEM-7183T എന്നീ മൂന്ന് സീരീസുകളിലുള്ള ബ്ലഡ് പ്രഷർ മോണിറ്ററുകളാണ് ഇവിടെ നിർമിക്കുന്നത്. ജപ്പാനിലെയും വിയറ്റ്നാമിലെയും നിലവാരത്തിലുള്ള ഉയർന്ന ഗുണനിലവാരവും കൃത്യതയുമാണ് ഈ ഉത്പന്നങ്ങൾക്കുള്ളത്.
ഇന്ത്യയിൽ ഹൈപ്പർടൻഷൻ (ഉയർന്ന രക്തസമ്മർദ്ദം) ബാധിതരായ ഏകദേശം 30 കോടി ജനങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ അഞ്ച് ശതമാനത്തിൽ താഴെ വീടുകളിൽ മാത്രമാണ് ബി.പി മോണിറ്ററുകൾ ഉപയോഗിക്കുന്നത്. അതിനാൽ ആരോഗ്യ പരിശോധനകൾ കൂടുതൽ ലഭ്യമാക്കാനും സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് പിന്തുണ നൽകാനും ഈ നിർമ്മാണ യൂണിറ്റ് സഹായിക്കും.
2028ഓടെ ഉത്പാദന ശേഷി പത്തിമടങ്ങ് ഉയർത്തുന്നതിനൊപ്പം ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന നെബുലൈസറുകളുടെ നിർമാണവും ഫാക്ടറിയിൽ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
Tags : omron japan bloodpressure monitor monitorfactory chennai exportmachines