പ്രതീകാത്മക ചിത്രം
ഹനോയ്: കുട്ടികളുടെ മാനസികാരോഗ്യവും ഇന്റർനെറ്റ് സുരക്ഷിതത്വവും മുൻനിർത്തി 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നതിനും കമന്റുകൾ കുറിക്കുന്നതിനും വിലക്കേർപ്പെടുത്താൻ വിയറ്റ്നാം ഒരുങ്ങുന്നു.
ഇതുസംബന്ധിച്ച കരട് നിർദ്ദേശം വിയറ്റ്നാം സർക്കാർ പുറത്തിറക്കി.കൗമാരക്കാർക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആഗോളതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ് വിയറ്റ്നാമിന്റെയും ഈ പുതിയ പദ്ധതി.
കരട് നിർദ്ദേശത്തിലെ പ്രധാന വിവരങ്ങൾ:
16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രക്ഷിതാക്കളുടെയോ നിയമപരമായ രക്ഷാധികാരിയുടെയോ വിവരങ്ങൾ ഉപയോഗിച്ച് വേണം രജിസ്റ്റർ ചെയ്യാൻ. കുട്ടികൾ കാണുന്ന ഉള്ളടക്കവും അവ ഉപയോഗിക്കുന്ന സമയവും നിയന്ത്രിക്കേണ്ട പൂർണ ചുമതല രക്ഷിതാക്കൾക്കായിരിക്കും.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികളുടെ അക്കൗണ്ടുകൾ തിരിച്ചറിയാനും അവർക്ക് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രം പ്രദർശിപ്പിക്കാനുമുള്ള സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തണം.അക്രമം, അശ്ലീലം, ചൂതാട്ടം, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യാ പ്രേരണ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ തടയാൻ പ്ലാറ്റ്ഫോമുകൾ മുൻകൈ എടുക്കണം.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പൂർണ്ണമായി നിരോധിക്കുകയല്ല ലക്ഷ്യം. മറിച്ച് അവരുടെ വയസ്സിന് അനുയോജ്യമായതും അപായസാധ്യതകൾ ഇല്ലാത്തതുമായ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ്, വിയറ്റ്നാം ഡെപ്യൂട്ടി സാംസ്കാരിക മന്ത്രി ഫാൻ താം.
സോഷ്യൽ മീഡിയയ്ക്ക് പുറമേ ഓൺലൈൻ ഗെയിമിംഗിലും കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കരടിൽ നിർദ്ദേശമുണ്ട്. ഗെയിമിംഗ് കമ്പനികൾ ഉപയോക്താക്കളുടെ പ്രായം കർശനമായി പരിശോധിച്ച് ഉറപ്പുവരുത്തണം. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഒരേ കമ്പനിയുടെ ഗെയിം ദിവസവും പരമാവധി 60 മിനിറ്റ് മാത്രമേ കളിക്കാൻ അനുവാദമുള്ളൂ.
കഴിഞ്ഞ ദിവസമാണ് ഫ്രാൻസിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പാർലമെന്റ് വിലക്കേർപ്പെടുത്തിയത്. ഓസ്ട്രേലിയയും സമാനമായ നിരോധനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിയറ്റ്നാമിന്റെ ഈ കരട് നിർദ്ദേശം അന്തിമ അംഗീകാരത്തിന് ശേഷം ഉടൻ പ്രാബല്യത്തിൽ വരും.
Tags : technology socialmeda vietnam under16 ban