മേരികോമില്‍ നിന്ന് മാഗ്‌നിഫിസന്‌റ് മേരിയിലേക്ക്! ഈ ജീവിതകഥ ഏവര്‍ക്കും പ്രചോദനം


മാഗ് നിഫിസന്‌റ് മേരി, അങ്ങനെയാണ് അവള്‍ ഇന്നു വിളിക്കപ്പെടുന്നത്. ഇന്ത്യന്‍ ബോക്‌സിങ് റിങ്ങിലെ പെണ്‍കരുത്ത്, ജീവിത പ്രതിസന്ധികളില്‍ തളരാത്ത പോരാട്ടവീര്യത്തിന്‌റെ സുന്ദര മുഖം... ഈ വിശേഷണങ്ങളൊക്കെ ഏറ്റവുമധികം ചേരുന്നത് ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ മേരി കോമിന് അല്ലെങ്കില്‍ മറ്റാര്‍ക്ക്? ഏവര്‍ക്കും പ്രചോദനമാകുന്ന ഒന്നാണ് മേരി കോമിന്‌റെ ജീവിതകഥ.

മേരി കോം എന്ന വ്യക്തിയില്‍ നിന്ന് മാഗ്നിഫിസന്‌റ് മേരിയിലേക്കുള്ള വളര്‍ച്ചയില്‍ മേരി കോം അനുഭവിച്ച നിന്ദനങ്ങളും പീഡകളും കുടിച്ച കയ്പുനീരും കണ്ണീരും ചെറുതല്ല. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ അവള്‍ക്ക് കൈമുതലായുണ്ടായിരുന്നത് ദൃഡനിശ്ചയവും ആത്മവിശ്വാസവും മാത്രം. അഗ്നിയില്‍ ശോധന ചെയ്യപ്പെടുന്ന വസ്തുക്കള്‍ക്ക് ബലമേറുമെന്നാണ് പ്രമാണം. ഇത് അക്ഷരാര്‍ഥത്തില്‍ ശരിയെന്നു തെളിയിക്കുകയാണ് ഇന്ത്യയുടെ പെണ്‍സിംഹം മേരി കോമിന്‌റെ ജീവിതം.

ഡല്‍ഹിയില്‍ നടന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെ ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം മെഡലുകള്‍ നേടുന്ന താരമായി മേരി കോം മാറി. ആറു സ്വര്‍ണമടക്കം ഏഴു ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍ നേടിയാണ് മേരി ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തിയത്.

യൂക്രെയ്‌ന്‌റെ ഹന ഒഖോട്ടയെയാണ് ഫൈനലില്‍ മേരി നിലംപരിശാക്കിയത്. ഈ നേട്ടത്തോടെ ഇന്ത്യയിലെന്നല്ല ലോകമെമ്പാടുമുള്ള ബോക്‌സിങ് ആരാധകരുടെ മനസില്‍ സ്ഥാനം നേടിക്കഴിഞ്ഞിരിക്കുകയാണ് മേരി.

ഒരു ട്രൈബല്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മേരിക്ക് കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല. പട്ടിണിയോടും സാമൂഹിക വെല്ലുവിളികളോടും പടവെട്ടിയാണ് കൊച്ചു മേരി കോം ഇന്ന് മാഗ്നിഫിസെന്‌റ് മേരി ആയത്.

മാങ്ക്‌തേ ചുങ്‌നെയ്ജങ് മേരി കോം എന്നാണ് മുഴുവന്‍ പേര്. മണിപ്പൂരിലെ കാംഗാതെയ് എന്ന സ്ഥലത്ത് കോം ട്രൈബല്‍ കമ്മ്യൂണിറ്റിയില്‍ 1983 മാര്‍ച്ച് ഒന്നിനാണ് മേരി കോമിന്‌റെ ജനനം.

കര്‍ഷക ദമ്പതികളായ മാങ്ക്‌തെ ടോണ്‍പ കോം - മാങ്ക്‌തെ അഖാം കോം എന്നിവരുടെ പുത്രിയായി പിറന്ന മേരി മോരിയാംഗിലാണ് എട്ടാം ക്ലാസു വരെ പഠിച്ചത്. ഇംഫാലില്‍ നിന്നു 9-10 ക്ലാസുകള്‍ പഠിച്ച മേരി പക്ഷേ പരീക്ഷയില്‍ പരാജയപ്പെട്ടു.

പിന്നീട് എന്‍ഐഒഎസിലൂടെ പഠിച്ച് പരീക്ഷ പാസായ അവര്‍ ചുട്ചാന്ദ്പുര്‍ കോളജില്‍ നിന്നു ബിരുദം നേടി. പഠനത്തില്‍ വലിയ സമര്‍ഥയായിരുന്നില്ല മേരി. എന്നാല്‍ ഒരിക്കലും തളരാത്ത മനസിന് ഉടമയായിരുന്നു അവള്‍. ഈ തളരാത്ത മനസാണ് അവളെ ബോക്‌സിങ്ങില്‍ വലിയ ഉയരങ്ങള്‍ കൈയടക്കാന്‍ പ്രേരിപ്പിച്ചത്.

ശാരീരിക ക്ഷമത കൊണ്ടും ആരോഗ്യം കൊണ്ടും മാത്രം ബോക്‌സിങ് റിങ്ങില്‍ വിജയങ്ങള്‍ നേടാനാവില്ല. അതിന് കരുത്തുറ്റ ഒരു ഹൃദയം കൂടെ വേണം. ചില സ്ത്രീകള്‍ ശാരീരികമായി ഏറെ കരുത്തുറ്റവരാണ്. എന്നാല്‍ മനക്കരുത്ത് ഇത്തരക്കാരില്‍ കാണാറില്ല.

വിജയങ്ങള്‍ നേടാനുള്ള ഉത്സാഹവും ശരിയായ സ്പിരിറ്റും കൂടെയുണ്ടെങ്കില്‍ മാത്രമേ ബോക്‌സിങ് റിങ്ങില്‍ വിജയിക്കാനാകു. പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ അദ്ധ്വാനിച്ചാണ് ഓരോ സ്ത്രീയും ഭാരതത്തിന്‌റെ യശസ് വാനോളമുയര്‍ത്തുന്നത്. എനിക്കു ദൈവം നല്‍കിയ കഴിവുകള്‍ കഠിനാദ്ധ്വാനത്തിലൂടെയും ആത്മസമര്‍പ്പണത്തിലൂടെയും വര്‍ധിപ്പിക്കുന്നതിന് എനിക്കു സാധിച്ചിട്ടുണ്ട്. മേരി കോമിന്‌റെ ഈ വാക്കുകള്‍ അവരുടെ അചഞ്ചലമായ ദൃഢവിശ്വാസത്തെ അല്ലാതെ മറ്റെന്തിനെയാണ് സൂചിപ്പിക്കുന്നത്?

ചെറുപ്പം മുതലേ സ്‌പോര്‍ട്‌സില്‍ താല്‍പര്യമുള്ളയാളായിരുന്നു മേരി. മണിപ്പൂര്‍കാരനായ ഡിങ്കോ സിങ്ങ് 1998-ലെ ഏഷ്യന്‍ ഗെയിംസില്‍ നേടിയ വിജയം മേരിയെ ബോക്‌സിങ് റിങ്ങിലേക്കാകര്‍ഷിച്ചു. തുടര്‍ന്ന് 2000-ല്‍ മണിപ്പൂര്‍ സംസ്ഥാന ബോക്‌സിങ് കോച്ചായിരുന്നു നര്‍ജിത്ത് സിങ്ങിന്‌റെ കീഴില്‍ മേരി പരിശീലനം തുടങ്ങി.


സ്ത്രീകള്‍ക്കു പറ്റിയ മേഖലയല്ല ബോക്‌സിങ് എന്നു വിശ്വസിച്ചിരുന്നവരായിരുന്നു മേരി കോമിന്‌റെ വീട്ടുകാര്‍. അതിനാല്‍ത്തന്നെ തന്‌റെ ഇഷ്ടം വീട്ടുകാരുടെ മുന്നില്‍ അവള്‍ മറച്ചുവെച്ചു. മണിപ്പൂര്‍ സംസ്ഥാന ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ വാര്‍ത്ത പത്രത്തില്‍ വായിച്ചാണ് അവര്‍ മേരി കോമിന്‌റെ താല്‍പര്യത്തെക്കുറിച്ച് അറിയുന്നത്.

18-ാം വയസിലാണ് മേരി കോം അന്താരാഷ്ട്ര ബോക്‌സിങ് മല്‍സരത്തിലേക്കു തിരിയുന്നത്. അന്ന് പ്രായം കവിഞ്ഞുവെന്ന് വിധിയെഴുതിയവര്‍ കുറവല്ല. പലരും വിധിയെഴുതുകയും അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും മേരി കോം തളരാന്‍ തയാറായിരുന്നില്ല.

വിഖ്യാത എഴുത്തുകാരന്‍ സി.എസ് ലൂയിസ് പറഞ്ഞിട്ടുള്ളതു പോലെ പുതിയൊരു സ്വപ്നം കാണാന്‍, പുതിയൊരു ജീവിതലക്ഷ്യം ആഗ്രഹിക്കാന്‍ നിങ്ങളുടെ പ്രായം കടുന്നുപോയിട്ടില്ല. അഭിനിവേശം, കഠിന പ്രയത്‌നം, ആത്മസമര്‍പ്പണം എന്നിവയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിക്കുക തന്നെ ചെയ്യും.

2014ല്‍ സൗത്ത് കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടി ബോക്‌സിങ് റിങ്ങില്‍ ആദ്യമായി സ്വര്‍ണം നേടുന്ന ഇന്ത്യന്‍ വനിതയായി മാറിയ മേരികോം, 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടി ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ വനിതാ ബോക്‌സര്‍ എന്ന നേട്ടവും സ്വന്തമാക്കി.

സമൂഹം കളിയാക്കുമെന്നു പേടിച്ചു സ്വന്തം സ്വപ്നങ്ങള്‍ വേണ്ടെന്നു വയ്ക്കുന്ന ഇന്നത്തെ യുവതലമുറയ്ക്കു പഠിക്കാന്‍ ഏറെയുണ്ട് മേരി കോമിന്‌റെ ജീവിതത്തില്‍ നിന്നും. പേടിയില്‍ നിന്ന് വിജയം ഉണ്ടാവില്ല. മറിച്ച്, ഓരോരുത്തരും സ്വന്തം കഴിവുകളും താല്‍പര്യവും മനസിലാക്കി പ്രയത്‌നിച്ചാല്‍ ജീവിതത്തില്‍ വിജയം സുനിശ്ചിതമായി നേടാനാകും.

അതിനാല്‍ തന്നെ വെല്ലുവിളികളെ സധൈര്യം നേരിട്ട് ലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കുക തന്നെ വേണം. ഇതിലൂടെ മാത്രമേ വിജയ പടവുകള്‍ ചവിട്ടിക്കയറാന്‍ സാധിക്കൂ.

തന്‌റെ കഠിന പ്രയത്‌നത്തിലൂടെ വയസെന്നതു വെറും സംഖ്യകള്‍ മാത്രമാണെന്നു തെളിയിച്ചിരിക്കുകയാണ് മേരി കോം. 2012 ഒളിംബിക്‌സില്‍ നേടിയ വെങ്കലമെഡലടക്കം മേരി കോം ഇടിച്ചുനേടിയ മെഡലുകള്‍ ഇതിനു സാക്ഷ്യം നല്‍കുന്നു.

ഇന്ത്യന്‍ കായികലോകത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ നല്‍കി ഭാരത സര്‍ക്കാര്‍ 2003 ല്‍ അര്‍ജുന അവാര്‍ഡും 2006ല്‍ പദ്മശ്രീയും നല്‍കി ആദരിച്ചു. 2013ല്‍ പദ്മഭൂഷണ്‍ പുരസ്‌കാരത്തിനും മേരി കോം അര്‍ഹയായി.

2016 ഏപ്രില്‍ 26നു രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2017 മാര്‍ച്ചില്‍ കേന്ദ്ര കായിക മന്ത്രാലയം രാജ്യത്തെ ബോക്‌സിങ്ങിന്‌റെ മേല്‍നോട്ട ചുമതലയും മേരിയെ ഏല്‍പ്പിച്ചു.

സഞ്ജയ് ലീല ബന്‍സാലി മേരി കോമിന്‌റെ ജീവിതകഥ ആസ്പദമാക്കി ഒരു ബോളിവുഡ് ചിത്രവും മേരി കോം എന്ന പേരില്‍ ഒരുക്കിയിരുന്നു. പ്രിയങ്ക ചോപ്രയാണ് ഈ ചിത്രത്തില്‍ മേരി കോമിനെ അവതരിപ്പിച്ചത്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിച്ച ഈ ചിത്രത്തിലൂടെ മേരി കോമിന് ആയിരങ്ങള്‍ക്കു പ്രചോദനമായി മാറാനും സാധിച്ചു.

കരോങ് ഒങ്‌ഗോളര്‍ കോം ആണ് ഭര്‍ത്താവ്. 2000ല്‍ ആദ്യം കണ്ടുമുട്ടിയ ഇരുവരും നാലു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം 2005ലാണ് വിവാഹിതരാകുന്നത്. ഇവര്‍ക്ക് ഇരട്ടകുട്ടികളടക്കം മൂന്നു കുട്ടികളാണുള്ളത്.

വളരെ പരിമിതമായ സാഹചര്യങ്ങളില്‍, കനത്ത വെല്ലുവിളികള്‍ക്കു മുന്നിലും പതറാതെ ആത്മധൈര്യത്തോടെ പോരാടിയ മേരി കോം വരും തലമുറയ്ക്കും പ്രചോദനമാണ്. ഇനിയും ഏറെ ഉയരങ്ങള്‍ കീഴടക്കാന്‍ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ മാഗ്‌നിഫിസന്‌റ് മേരിക്ക് സാധിക്കട്ടെ.