ജനങ്ങൾ വീടിനു പുറത്തിറങ്ങാൻ മടിക്കുന്നു, വിദ്യാലയങ്ങളും പാർക്കുകളും അടച്ചുപൂട്ടിയിരിക്കുന്നു, പുൽനാമ്പുകളിലേക്കു പോലും നോക്കാൻ ആളുകൾ ഭയപ്പെടുന്നു. ദക്ഷിണ ഫ്രാൻസിലെ കാസ്റ്റൽജിനെസ്റ്റ് എന്ന ശാന്തസുന്ദരമായ കൊച്ചു നഗരം ഇപ്പോൾ ഒരു വിഷപ്പാമ്പ് വിതച്ച ഭയത്തിന്റെ കരിനിഴലിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പ്രദേശത്ത് മൂർഖനെ കണ്ടെത്തിയതോടെയാണ് ശാന്തമായിരുന്ന ഈ നഗരം ഭീതിയുടെ മുൾമുനയിലായത്. സാധാരണയായി ഇവിടങ്ങളിൽ കാണാത്ത മാരകവിഷമുള്ള മൂർഖനാണു മേഖലയിൽ വിലസുന്നത്.
പ്രദേശവാസി പകർത്തിയ പാമ്പിന്റെ ചിത്രം വിദഗ്ധർ പരിശോധിച്ച് മൂർഖൻ തന്നെയെന്നു സ്ഥിരീകരിച്ചതോടെയാണ് നഗരസഭയും പോലീസും ഫയർഫോഴ്സും അടിയന്തരനടപടികളിലേക്കു കടന്നത്.
വിഷപ്പാമ്പിനെ കണ്ടെത്താൻ വ്യാപക തെരച്ചിലാണ് ഫ്രഞ്ച് അധികൃതർ നടത്തുന്നത്. പറമ്പുകളും കുറ്റിക്കാടുകളുമുൾപ്പെടെ നാടാകെ അരിച്ചുപെറുക്കുകയാണു സുരക്ഷാസേന. നിരീക്ഷണത്തിന് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. പ്രദേശവാസികൾക്കു ജാഗ്രതാനിർദേശവും അധികൃതർ നൽകി.
സാഹചര്യം അതീവ ഗുരുതരമാണെന്നും കുട്ടികൾ പുറത്തിറങ്ങുന്നതു പരമാവധി ഒഴിവാക്കണമെന്നും നഗരസഭാ അധികൃതർ മുന്നറിയിപ്പു നൽകി. അപകടസാധ്യത മുന്നിൽക്കണ്ടു പ്രദേശത്തെ പ്രധാന ആശുപത്രിയിൽ ആന്റിവെനം ഉൾപ്പെടെയുള്ള അടിയന്തര ചികിത്സാസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
നഗരത്തിലിപ്പോൾ അപ്രഖ്യാപിത ലോക്ക്ഡൗൺ അവസ്ഥയാണ്. കുട്ടികൾ വീടിനു പുറത്തിറങ്ങുന്നതു മാതാപിതാക്കൾ വിലക്കിയിരിക്കുകയാണ്. വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണ്. വീടിനുള്ളിലേക്ക് പാമ്പ് ഇഴഞ്ഞെത്തുമോ എന്നാണു നാട്ടുകാരുടെ ഭയം.
ഉറങ്ങാൻ കിടക്കുന്നതിനു മുന്പു കട്ടിലിനടിയിൽ പാമ്പുണ്ടോ എന്നു പരിശോധിക്കുമെന്നു പ്രദേശവാസികൾ ആശങ്കയോടെ പറയുന്നു. അതേസമയം, പാമ്പ് എവിടെനിന്നു വന്നു എന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും വ്യക്തതയില്ല.
നിയമവിരുദ്ധമായി പാമ്പിനെ വളർത്തിയ ആരെങ്കിലും ഉപേക്ഷിച്ചതാണോ, അതോ വളർത്തുകേന്ദ്രത്തിൽനിന്നു ചാടിപ്പോയതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ശാന്തമായ ഒരു നഗരത്തിന്റെ താളം തെറ്റിച്ച അതിഥി-യെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതർ.
Tags : FrenchTownCobra TrendingNews WorldNews SnakeTerror BreakingNews