വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയായ റൺവേയിൽ വെച്ച് പരസ്യമായി സിഗരറ്റ് വലിക്കുകയും അത് തടയാൻ ശ്രമിച്ച ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഉത്കർഷ് ഗൗതം എന്ന യാത്രക്കാരനാണ് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് വിമാനത്തിന് അരികിൽ വെച്ച് സിഗരറ്റ് വലിക്കുകയും ഗ്രൗണ്ട് സ്റ്റാഫിനെ വെല്ലുവിളിക്കുകയും ചെയ്തത്.
വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ടാർമാക്കിൽ വെച്ച് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഇത് വിലക്കിയെങ്കിലും, അവിടെ പുകവലിക്കാൻ പാടില്ലെന്ന് എവിടെയാണ് എഴുതിവെച്ചിരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ഇയാൾ അവരോട് തട്ടിക്കയറുകയായിരുന്നു.
പ്രകോപിതനായി സംസാരിച്ച ഇയാൾ ഒരു ഘട്ടത്തിൽ ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ മുഖത്തേക്ക് പുക ഊതിവിടുകയും അവരെ പുറത്തേക്ക് വരാൻ വെല്ലുവിളിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം തന്നെ വൈറലാവുകയും യാത്രക്കാരന്‍റെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു. വിമാനത്താവളം പോലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഒരിടത്ത് ഇത്തരത്തിൽ പെരുമാറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം അതിവേഗം തീപിടിക്കുന്ന സ്വഭാവമുള്ളതായതിനാൽ റൺവേയ്ക്ക് സമീപം പുകവലിക്കുന്നത് അതീവ അപകടകരമാണ്. ഇത്രയും കർശനമായ പരിശോധനകൾ നടക്കുന്ന വിമാനത്താവളത്തിനുള്ളിൽ പുകയില ഉൽപ്പന്നങ്ങളും ലൈറ്ററും എങ്ങനെ എത്തി എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പലരും ആവശ്യപ്പെട്ടു.
വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും നിയമങ്ങൾ ലംഘിച്ചതിനും ഇയാൾക്കെതിരെ ആജീവനാന്ത യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ വിമാനത്താവള അധികൃതർ ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : ViralVideo ShockingNews SocialMediaOutrage CaughtOnCamera BreakingNews