എംബിഎ പഠനത്തിനു ശേഷം ലഭിച്ച തന്റെ ആദ്യ ശമ്പളം മാതാപിതാക്കൾക്ക് നൽകാൻ അശ്വജീത് കാംബ്ലെ തിരഞ്ഞെടുത്ത വഴി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്.
പണം ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായി അയച്ചു കൊടുക്കുന്ന ഇന്നത്തെ രീതിക്ക് പകരം, തുക മുഴുവൻ പണമായി പിൻവലിച്ച് പുണെയിലുള്ള വീട്ടിലെത്തി മാതാപിതാക്കൾക്ക് നേരിട്ട് കൈമാറുകയാണ് ഈ യുവാവ് ചെയ്തത്.
പണ്ടുകാലത്ത് ആദ്യ ശമ്പളം കിട്ടുമ്പോൾ മാതാപിതാക്കളുടെ കൈകളിൽ പണമായി വച്ചുകൊടുത്തിരുന്ന അച്ഛന്റെ പഴയൊരു ഓർമ്മപ്പെടുത്തലാണ് അശ്വജീതിനെ ഇതിന് പ്രേരിപ്പിച്ചത്.
ഡിജിറ്റൽ ഇടപാടുകൾ കാര്യങ്ങൾ എളുപ്പമാക്കുമെങ്കിലും ഇത്തരം നിമിഷങ്ങളിലെ വൈകാരികമായ അനുഭൂതി അവ നൽകില്ലെന്ന് യുവാവ് തിരിച്ചറിഞ്ഞു.
വീട്ടിൽ ആരുമറിയാതെ സർപ്രൈസായി എത്തി മാതാപിതാക്കളുടെ കണ്ണുകൾ പൊത്തി കറൻസി കെട്ടുകൾ കൈകളിൽ വെച്ചുകൊടുക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
മകന്റെ കഠിനാധ്വാനത്തിന്റെ ഫലം കൈകളിൽ തൊട്ടറിഞ്ഞ മാതാപിതാക്കളുടെ സന്തോഷവും കണ്ണീരും ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ്.
മാതാപിതാക്കളുടെ വർഷങ്ങളായുള്ള ത്യാഗത്തിന് മകൻ നൽകിയ ഏറ്റവും വലിയ ആദരവാണിതെന്നും ഡിജിറ്റൽ യുഗത്തിലും കുടുംബബന്ധങ്ങളുടെ മൂല്യം ചോർന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ പ്രവൃത്തിയെന്നും സോഷ്യൽ മീഡിയ വിലയിരുത്തുന്നു.
Tags : HeartwarmingMoments FirstSalary FamilyFirst IIMAlumnus ViralVideo