ക്രിക്കറ്റ് മൈതാനത്തെ അപ്രതീക്ഷിത നിർഭാഗ്യങ്ങൾ പോലും വമ്പൻ അവസരങ്ങളായി മാറാം എന്ന് തെളിയിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശൻ.
ഐപിഎൽ പ്ലേഓഫ് മത്സരങ്ങളിൽ തുടർച്ചയായി രണ്ട് തവണ ബാറ്റ് കൈയിൽ നിന്ന് വഴുതിവീണ് ഹിറ്റ് വിക്കറ്റായ താരത്തെ, ആരാധകരുടെ ട്രോളുകൾ ഏറ്റെടുത്തുകൊണ്ട് പ്രമുഖ ബ്രാൻഡായ ഫെവിക്കോൾ തങ്ങളുടെ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.
കളിയിലെ വിചിത്രമായ ആ പുറത്താകലുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന മീമുകളും ആവശ്യങ്ങളും ഒടുവിൽ യാഥാർഥ്യമായതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെയുള്ള ആദ്യ ക്വാളിഫയറിലും, തൊട്ടടുത്ത മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയുമാണ് ഷോട്ട് പൂർത്തിയാക്കിയ ശേഷം സായ് സുദർശന്റെ കൈയിൽ നിന്നും ബാറ്റ് സ്റ്റമ്പിൽ ചെന്ന് ഇടിച്ചത്.
കായിക ചരിത്രത്തിൽ തന്നെ അപൂർവമായ ഈ സംഭവത്തെ മുൻനിർത്തി, ബാറ്റ് കൈയിൽ നിന്ന് വഴുതിപ്പോകാതിരിക്കാൻ താരത്തിന് ഫെവിക്കോൾ നൽകണമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള തമാശകൾ പ്രചരിച്ചിരുന്നു. ഈ ജനപ്രീതിയും ട്രെൻഡും കൃത്യമായി വിനിയോഗിച്ചാണ് കമ്പനി ഇപ്പോൾ താരത്തെ തങ്ങളുടെ പരസ്യ മുഖമാക്കി മാറ്റിയിരിക്കുന്നത്.
ഈ പുതിയ കൂട്ടുകെട്ട് പുറത്തുവന്നതോടെ ആരാധകരും സോഷ്യൽ മീഡിയയും വലിയ രീതിയിൽ പ്രതികരിക്കുന്നുണ്ട്. ഇതിലും വലിയ പ്രൊമോഷൻ വേറെ കിട്ടാനില്ലെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.
എന്നാൽ ഇത്രയും വലിയ പരസ്യത്തിന് ശേഷവും സായ് സുദർശന്റെ കൈയിൽ നിന്നും ബാറ്റ് ഊരിപ്പോയാൽ പശയില്ലാത്ത ഗം എന്ന് വിളിച്ച് കമ്പനിക്ക് ട്രോളന്മാരുടെ വക 'പൊങ്കാല' കിട്ടുമെന്നും ആരാധകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കൊളാബൊറേഷൻ എന്ന് പറഞ്ഞാൽ ഇതാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് പലരുടെയും പ്രതികരണങ്ങൾ. കളിക്കളത്തിലെ ഒരു അബദ്ധത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും ക്രിയേറ്റീവുമായ ഒരു വിപണന തന്ത്രമാക്കി മാറ്റാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകരും ബ്രാൻഡും.
Tags : IPL2026 Fevicol HitWicket GujaratTitans CricketMemes