ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ജർമൻ മോഡലിന്റെ ചിത്രം ലൈക്ക് ചെയ്ത ശേഷം പിൻവലിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ജർമൻ ഇൻഫ്ളുവൻസറായ ലിസ്ലാസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനു കോഹ്ലിയുടെ ലൈക്ക് കണ്ടതോടെയാണു സംഭവം ആരാധകർക്കിടയിൽ പ്രചരിച്ചത്.
നിമിഷങ്ങൾക്കകം ഇതിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായെങ്കിലും പിന്നാലെ ലൈക്ക് അപ്രത്യക്ഷമാവുകയായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി മോഡൽ ലിസ്ലാസ് രംഗത്തെത്തി. സംഭവം, ഇത്ര വലിയ വാർത്തയാക്കി മാറ്റിയതിൽ കോഹ്ലിയോടു തനിക്കു സഹതാപം തോന്നുന്നുവെന്നാണ് ലിസ്ലാസിന്റെ പ്രതികരണം.
കോഹ്ലി ചിത്രം ലൈക്ക് ചെയ്തതിൽ സന്തോഷമുണ്ടെന്നും എന്നാൽ അതു പിൻവലിക്കേണ്ടി വന്ന സാഹചര്യം തന്നെ വിഷമിപ്പിച്ചുവെന്നും ലിസ്ലാസ് പറഞ്ഞു. ഇത്ര പെട്ടെന്ന് ആളുകൾ ഇതു ശ്രദ്ധിക്കുമെന്നോ വാർത്തയാക്കുമെന്നോ താൻ കരുതിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വാർത്തകളിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്ന് ലിസ്ലാസ് പറയുന്നു. കഴിഞ്ഞ ഐപിഎൽ സീസൺ മുതൽ താൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ആരാധികയാണെന്നും ടീമിലെ ഏറ്റവും മികച്ച താരമായ കോഹ്ലി തന്റെ ചിത്രം ലൈക്ക് ചെയ്തതിനെ പോസിറ്റീവായാണു കാണുന്നതെന്നും ലിസ്ലാസ് വ്യക്തമാക്കി.
സമാനമായ രീതിയിൽ മുന്പും കോഹ്ലിയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ ചർച്ചയായിട്ടുണ്ട്. അവ്നീത് കൗറിന്റെ ചിത്രം ലൈക്ക് ചെയ്തപ്പോഴും ആരാധകർക്കിടയിൽ വലിയ സംസാരമുണ്ടായിരുന്നു. അന്ന് അബദ്ധത്തിൽ സംഭവിച്ചതാണെന്ന വിശദീകരണവുമായി താരം തന്നെ നേരിട്ടു രംഗത്തെത്തിയിരുന്നു.
Tags : ViratKohli SocialMediaControversy CricketNews ViralNews CelebrityNews