സ്‌കൂൾ അസംബ്ലികളിലെ കണിശമായ അച്ചടക്കത്തിനിടയിൽ നിന്നും നിഷ്കളങ്കമായ ഒരു കുസൃതി ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
യൂണിഫോം ധരിച്ച് വരിവരിയായി നിന്ന്, കൈകൾ കൂപ്പി കണ്ണുകളടച്ച് പ്രാർഥനയിൽ മുഴുകിയിരിക്കുന്ന ഒരു കൂട്ടം കുട്ടികൾക്കിടയിൽ വേറിട്ടുനിൽക്കുന്ന ഒരു കൊച്ചു മിടുക്കനാണ് ഈ വീഡിയോയിലെ താരം.
എല്ലാവരും പ്രാർഥനയിലായിരിക്കുമ്പോൾ, അതീവ ജാഗ്രതയോടെ ലോലിപോപ്പ് നുണയുന്ന തിരക്കിലാണ് ഈ കുട്ടി. താൻ കണ്ണുകൾ ഇറുക്കിയടച്ചാൽ ചുറ്റുമുള്ളവർ ആരും തന്നെ കാണില്ലെന്ന കുട്ടിത്തം നിറഞ്ഞ ഭാവവുമാണ് കാണികളെ ഏറെ ചിരിപ്പിക്കുന്നത്.
മിഠായി കഴിച്ചു തീർത്ത ശേഷം അതിന്‍റെ കോൽ അലക്ഷ്യമായി വലിച്ചെറിയാതെ സ്വന്തം പോക്കറ്റിൽ തന്നെ സൂക്ഷിക്കുന്ന അവന്‍റെ ശീലം സോഷ്യൽ മീഡിയയിൽ വലിയ പ്രശംസ നേടിക്കഴിഞ്ഞു.
ശുഭം റാണ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയത്. ഇതിന് പിന്നാലെ ഇതേ കുട്ടിയുടെ മറ്റൊരു വീഡിയോ കൂടി പ്രചരിക്കുന്നുണ്ട്.
അതിലും സമാനമായ രീതിയിൽ പ്രാർഥനയ്ക്കിടയിൽ പോക്കറ്റിൽ നിന്നും എന്തോ എടുത്ത് കഴിക്കുന്ന കുട്ടിയെ കാണാം. തന്‍റെ കുഞ്ഞു ലോകത്ത് മറ്റാരും കാണുന്നില്ലെന്ന ഉറച്ച വിശ്വാസത്തോടെയുള്ള അവന്‍റെ ഈ പ്രവൃത്തികൾ പലർക്കും സ്വന്തം കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു.
കണ്ണടച്ചാൽ ലോകം ഇരുട്ടിലാകുമെന്ന നിഷ്കളങ്കമായ ചിന്താഗതികളെയാണ് ഈ വീഡിയോ വീണ്ടും ഓർമ്മിപ്പിക്കുന്നത്. 'അച്ചടക്കമുള്ള കള്ളത്തരം' എന്ന് വിശേഷിപ്പിക്കാവുന്ന ഈ വീഡിയോയ്ക്ക് താഴെ സ്നേഹം നിറഞ്ഞ കമന്‍റുകളുമായി പതിനായിരങ്ങളാണ് എത്തുന്നത്.
Tags : ViralVideo TrendingNow InternetGold WholesomeContent MustWatch