x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാശിന്‍റെ അഹങ്കാരമോ അതോ ഭ്രാന്തോ? ഗുരുഗ്രാമിൽ എസ്‌യുവികൾ പരസ്പരം ഇടിച്ചുതകർത്ത് യുവാക്കളുടെ അഴിഞ്ഞാട്ടം


Published: April 7, 2026 07:43 PM IST | Updated: April 7, 2026 07:43 PM IST

ഹരിയാനയിലെ ഗുരുഗ്രാമിൽ പട്ടാപ്പകൽ അരങ്ങേറിയ അക്രമാസക്തമായ 'റോഡ് റേജ്' സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്‍റർനെറ്റിൽ വൻ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്. ധൻവാപൂർ പ്രദേശത്ത് രണ്ട് യുവാക്കൾ തങ്ങളുടെ എസ്‌യുവികൾ പരസ്പരം ഇടിപ്പിച്ചു തകർക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് പുറത്തുവന്നത്.

റോഡിൽ നേർക്കുനേർ വന്ന രണ്ട് മഹീന്ദ്ര സ്കോർപ്പിയോ കാറുകൾ സിനിമ സ്റ്റണ്ട് രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം പലതവണ കൂട്ടിയിടിപ്പിക്കുകയായിരുന്നു. കാർ ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങൾ അതിവേഗത്തിൽ മുന്നോട്ടും പിന്നോട്ടും എടുത്ത് ബോധപൂർവം പരസ്പരം കൂട്ടിയിടിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

ഇതിനിടയിൽ ഒരു യുവാവ് വാഹനത്തിൽ നിന്നിറങ്ങി കല്ലുമായി ആക്രമിക്കാൻ മുതിരുന്നതും പ്രദേശവാസികൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിലുണ്ട്. മുൻപരിചയമുള്ള സുഹൃത്തുക്കൾ തമ്മിലുണ്ടായ നിസാരമായ തർക്കമാണ് ഇത്തരമൊരു ക്രൂര പെരുമാറ്റത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

വീഡിയോ സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നതോടെ ഗുരുഗ്രാം പോലീസ് ഉടനടി ഇടപെടുകയും സംഭവത്തിൽ ഉൾപ്പെട്ട രണ്ട് യുവാക്കളെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.

പ്രാദേശിക കൗൺസിലർ ദിനേഷ് ദഹിയ ഇടപെട്ട് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തെങ്കിലും ഇരുവിഭാഗവും ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറായില്ല.

തുടർന്ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പ് കരാർ ഒപ്പിടുകയും പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തതോടെ കേസ് എടുക്കാതെ ഇവരെ വിട്ടയക്കുകയായിരുന്നു. എന്നാൽ പോലീസിന്‍റെ ഈ നിലപാടിനെതിരെ ജനങ്ങളിൽ നിന്ന് കടുത്ത വിമർശനമാണ് ഉയരുന്നത്.

നടുറോഡിൽ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ വാഹനം ഓടിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാത്തത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

വെറും ഈഗോയ്ക്ക് വേണ്ടി സ്വന്തം വാഹനങ്ങൾ തകർക്കുന്ന ഇത്തരം പ്രവണതകൾ കാശിന്‍റെ അഹങ്കാരമാണെന്നും ഇവർക്കെതിരെ കേസെടുത്ത് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ ഗുരുഗ്രാം ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുന്നുണ്ട്.

പണമോ സ്വാധീനമോ ഉള്ളവർക്ക് നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനുള്ള ലൈസൻസായി ഇത്തരം ഒത്തുതീർപ്പുകൾ മാറരുതെന്നാണ് പൊതുവികാരം.

 

Tags : GurugramRoadRage ViralVideo SUVBattle RoadSafety GurugramPolice

Recent News

Corehub Up