ബിഹാറിലെ ഹാജിപൂരിന് സമീപമുള്ള ചക്മക്രാന്ദ് റെയിൽവേ സ്റ്റേഷനിൽ വലിയൊരു ട്രെയിൻ ദുരന്തം ഒഴിവായത് ഒരു യുവാവിന്റെ സമയോചിതമായ ഇടപെടൽ മൂലം മാത്രമാണ്.
റെയിൽവേ ട്രാക്കിൽ കല്ലുകൾ നിരത്തിവെച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒരു യുവാവ് ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാൽ കുട്ടിയെ തിരുത്തുന്നതിന് പകരം, ചോദ്യം ചെയ്ത യുവാവിനോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമാണ് കുട്ടിയുടെ അമ്മ ചെയ്തത്. ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ ശ്രമിച്ച സ്ത്രീ, ക്യാമറ മാറ്റിവെച്ച് അവിടെനിന്ന് പോകാൻ ആക്രോശിച്ചുകൊണ്ട് വളരെ മോശമായ രീതിയിലാണ് പെരുമാറിയത്.
ട്രാക്കിൽ കല്ലുകൾ വെക്കുന്നത് മൂലമുണ്ടാകുന്ന വലിയ അപകടസാധ്യതകളെക്കുറിച്ച് യുവാവ് ആവർത്തിച്ച് ഓർമ്മിപ്പിച്ചിട്ടും, തന്റെ കുട്ടിയുടെ തെറ്റിനെ ന്യായീകരിക്കാനാണ് ആ സ്ത്രീ ശ്രമിച്ചത്.
ഇൻസ്റ്റാഗ്രാലൂടെ പുറത്തുവന്ന ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോ വൈറലായതോടെ ഈ സ്ത്രീയുടെ പൊതുബോധമില്ലായ്മയ്ക്കും മോശം രക്ഷാകർതൃത്വത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം ഉയരുകയാണ്.
ഇത് കേവലമൊരു കുട്ടിക്കളിയല്ലെന്നും ട്രെയിൻ അട്ടിമറിക്കാനും പൊതുമുതൽ നശിപ്പിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമമായി കാണണമെന്നും പലരും അഭിപ്രായപ്പെടുന്നു.
ട്രെയിൻ മറിഞ്ഞില്ലെങ്കിൽ പോലും വേഗതയിൽ വരുന്ന ട്രെയിൻ തട്ടി കല്ലുകൾ തെറിച്ചുപോയി സമീപത്തു നിൽക്കുന്നവർക്ക് ഗുരുതരമായി പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തിൽ റെയിൽവേ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അപകടകരമായ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുകയും ചോദ്യം ചെയ്തയാളെ ഭീഷണിപ്പെടുത്തുകയും ചെയ്ത സ്ത്രീക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആവശ്യം.
Tags : TrainSafety ViralVideo SocialMediaOutrage HajipurNews RailwaySecurity