ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ലോഞ്ചിൽ തെരുവുനായ മേശപ്പുറത്തിരുന്ന ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വിമാനത്താവളം പോലെയുള്ള അതീവ സുരക്ഷാ മേഖലകളിൽ യാത്രക്കാരുടെ സുരക്ഷയെയും ശുചിത്വത്തെയും ഇത് ബാധിക്കുമെന്ന ആശങ്കയോടെ ഒരു യാത്രക്കാരൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി വിമാനത്താവള അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. മൃഗ നിയന്ത്രണത്തിനായി ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനുമായി ചേർന്ന് വിമാനത്താവള പരിസരത്ത് പതിവ് പരിശോധനകൾ നടത്താറുണ്ടെന്നും, ഈ വർഷം ജനുവരി മുതൽ ഇതുവരെ ഇരുപത്തിയൊന്നോളം തെരുവുനായ്ക്കളെ ഇത്തരത്തിൽ നീക്കം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഭക്ഷണാവശിഷ്ടങ്ങൾ കൃത്യമായി മൂടിയ ബിന്നുകളിൽ മാത്രമേ നിക്ഷേപിക്കാവൂ എന്ന് വിമാനത്താവളത്തിലെ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജീവനക്കാർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയതായും അധികൃതർ അറിയിച്ചു.
സ്കൂളുകൾ, ആശുപത്രികൾ, വിമാനത്താവളങ്ങൾ തുടങ്ങിയ പൊതുവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണമെന്ന മുൻ ഉത്തരവിൽ മാറ്റം വരുത്താൻ സുപ്രീം കോടതി വിസമ്മതിച്ച് കൃത്യം ഒരാഴ്ച പിന്നിടുമ്പോഴാണ് ഈ സംഭവം പുറത്തുവരുന്നത്.
വാക്സിനേഷനും വന്ധ്യംകരണവും കഴിഞ്ഞാൽ പോലും നായ്ക്കളെ ഇത്തരം സ്ഥാപനങ്ങളുടെ പരിസരങ്ങളിലേക്ക് തിരികെ വിടരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിമാനത്താവളങ്ങളും ജനവാസ മേഖലകളും ഉൾപ്പെടെയുള്ള പ്രധാന പൊതുവിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു എന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തെ ശരിവെക്കുന്നതാണ് ഹൈദരാബാദിൽ നിന്നുള്ള ഈ പുതിയ ദൃശ്യങ്ങൾ.
Dog Eating on Table at Shamshabad Airport
— Siraj Noorani (@sirajnoorani) May 26, 2026
Conditions at #Shamshabad #Hyderabad
International Airport have been exposed. Passengers were shocked to see a dog climbing onto a restaurant table and eating leftover food. This has sparked severe criticism over cleanliness at an… pic.twitter.com/zMK76CliZ4
Tags : HyderabadAirport RGIA StrayDogMenace PassengerSafety ViralVideo