മധ്യപ്രദേശിലെ നഴ്സിംഗ് വിദ്യാഭ്യാസ മേഖലയെ വീണ്ടും വിവാദത്തിലാക്കിക്കൊണ്ട് രജിസ്ട്രേഷൻ പോർട്ടലിലെ ഗുരുതര സുരക്ഷാവീഴ്ച പുറത്തുവന്നു.
മുൻപ് നടന്ന നഴ്സിംഗ് കോളേജ് ക്രമക്കേടുകൾക്ക് പിന്നാലെ, യഥാർഥ രേഖകൾ പരിശോധിക്കാതെ വ്യാജ അപേക്ഷകളിൽ പോലും സർട്ടിഫിക്കറ്റ് അനുവദിക്കുന്നതായി തെളിഞ്ഞിരിക്കുകയാണ്.
സംസ്ഥാന നഴ്സസ് രജിസ്ട്രേഷൻ കൗൺസിലിന്റെ ഓൺലൈൻ സംവിധാനം രേഖകളുടെ യഥാർഥ വശം കൃത്യമായി പരിശോധിക്കുന്നുണ്ടോയെന്നറിയാൻ എൻഎസ്യുഐ സംസ്ഥാന വൈസ് പ്രസിഡന്റ് രവി പർമാർ നടത്തിയ പരീക്ഷണമാണ് ഈ വീഴ്ച വെളിച്ചത്തുകൊണ്ടുവന്നത്.
കഴുതയുടെ ഫോട്ടോയും അടിസ്ഥാന വിവരങ്ങളും വ്യാജ രേഖകളും നൽകി ആവശ്യമായ ഫീസ് അടച്ചപ്പോൾ, പോർട്ടൽ കഴുതയുടെ പേരിൽ പ്രൊവിഷണൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നു.
സംഭവം വൻ വിവാദമായതോടെ പോർട്ടലിന്റെ പ്രവർത്തനം നിലവിൽ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും 'ഡിജിലോക്കർ' അധിഷ്ഠിതമായ പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നതിനുമാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ, പുറത്തുവന്ന സർട്ടിഫിക്കറ്റ് താൽക്കാലിക സ്വഭാവമുള്ളത് മാത്രമാണെന്നാണ് കൗൺസിൽ പ്രസിഡന്റ് ഡോ. വേണു കുശ്വാഹയുടെ വിശദീകരണം.
രണ്ടാം ഘട്ടത്തിൽ നടക്കുന്ന വിശദമായ ഓൺലൈൻ പരിശോധനയ്ക്ക് ശേഷമേ സ്ഥിരം രജിസ്ട്രേഷൻ നൽകുകയുള്ളൂവെന്നും വ്യാജ വിവരങ്ങൾ നൽകുന്നത് വഞ്ചനാക്കുറ്റമായതിനാൽ ഇത്തരം അപേക്ഷകൾ പൂർണമായും റദ്ദാക്കുമെന്നും അവർ വ്യക്തമാക്കി.
എങ്കിലും മുൻകൂട്ടിയുള്ള പ്രാഥമിക പരിശോധന പോലുമില്ലാതെ ഔദ്യോഗിക രേഖകൾ നൽകുമ്പോൾ അത് നഴ്സിംഗ് മേഖലയുടെ വിശ്വാസ്യതയെ സാരമായി ബാധിക്കുമെന്നും രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന പരീക്ഷാ മുടക്കവും അംഗീകാരം റദ്ദാക്കലും കാരണം ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
കൃത്യമായ അടിസ്ഥാന സൗകര്യങ്ങളോ സ്വന്തമായി ആശുപത്രികളോ ഇല്ലാത്ത നിരവധി നഴ്സിംഗ് കോളേജുകൾക്ക് മുൻപ് അനധികൃതമായി അംഗീകാരം നൽകിയിരുന്നു.
ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സിബിഐ നടത്തിയ പരിശോധനയിൽ പരിശോധിച്ച കോളേജുകളിൽ പകുതിയോളം എണ്ണവും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പോർട്ടലിലെ പുതിയ ക്രമക്കേടും പുറത്തുവന്നിരിക്കുന്നത്.
Tags : MadhyaPradesh NursingScam NursingRegistration MPNews NSUI