x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലൂട്ടോയുടെ 'ഗ്രഹപദവി' പോയ കഥ: സോളാർ സിസ്റ്റത്തിലെ വൻ ട്വിസ്റ്റ്!

മാത്യു ആന്‍റണി
Published: August 24, 2026 03:46 PM IST | Updated: August 24, 2026 03:46 PM IST

പ്രതീകാത്മക എഐ ചിത്രം.

"ഞാൻ ഗ്രഹമാണോ അതോ വെറും പാറക്കഷണമാണോ?" സ്വയം ശപിച്ചു കണ്ണീർവാർക്കുന്ന കുഞ്ഞൻ പ്ലൂട്ടോ മനസിൽ വിചാരിച്ച കാര്യം ഇതായിരിക്കാം ! പാഠപുസ്തകങ്ങളിൽ കുട്ടികൾ നവഗ്രഹങ്ങളുടെ പട്ടിക പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശാസ്ത്രജ്ഞന്മാർ പെട്ടെന്ന് വന്ന് "സോറി മക്കളേ, ഇനി മുതൽ 8 എണ്ണമേ ഉള്ളൂ, പ്ലൂട്ടോ ഔട്ട്!" എന്ന് പ്രഖ്യാപിച്ചത്. അതുവരെ സൗരയൂഥത്തിലെ ഒൻപതാം ഗ്രഹമായി കരുതിയിരുന്ന പ്ലൂട്ടോയ്ക്കു ഗ്രഹപദവി നഷ്ടമായി. 2006 ഓഗസ്റ്റ് 24നാണ് ശാസ്ത്രലോകത്ത് ഏറെ ചർച്ചകൾക്ക് വഴിവച്ച ആ സംഭവം നടന്നത്. ഇന്ന് ആ പ്രഖ്യാപനത്തിനു രണ്ടു പതിറ്റാണ്ട് തികയുകയാണ്!

പ്ലൂട്ടോ പുറത്തായ ആ ഡിസിഷൻ!

എന്തുകൊണ്ട് പ്ലൂട്ടോ ഗ്രഹം അല്ലാതായി?. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ വെച്ച് നടന്ന അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര യൂണിയന്‍റെ (IAU) സമ്മേളനത്തിലാണ് ഗ്രഹം (Planet) എന്നാൽ എന്താണെന്ന് കൃത്യമായി നിർവചിക്കാൻ ശാസ്ത്രജ്ഞർ തീരുമാനിച്ചത്. അവർ ഗ്രഹങ്ങൾക്ക് ഒരു 'പെർഫോമൻസ് റിവ്യൂ' വച്ചു. ഒരു ബഹിരാകാശ വസ്തു ഗ്രഹമാകാൻ മൂന്നു നിബന്ധനകൾ പാലിക്കണം:

സൂര്യനെ ചുറ്റണം (It must orbit a star (in our cosmic neighborhood, the Sun)). പ്ലൂട്ടോ പറഞ്ഞു, "ഞാൻ ചുറ്റുന്നുണ്ട് സർ!"

ഉരുണ്ട് സുന്ദരനായിരിക്കണം (It must be big enough to have enough gravity to force it into a spherical shape). പ്ലൂട്ടോ പറഞ്ഞു, "ഞാൻ അത്യാവശ്യം നല്ല ഗോളാകൃതിയാണ് സർ!"

റൂട്ടിലെ തെമ്മാടികളെ അടിച്ചോടിക്കണം (It must be big enough that its gravity has cleared away any other objects of a similar size near its orbit around the Sun) അതായത്, സ്വന്തം ഭ്രമണപഥത്തിൽ വേറെ അനാവശ്യ മഞ്ഞുകട്ടകളോ പാറകളോ വരാൻ പാടില്ല. ഇവിടെയാണ് പാവം പ്ലൂട്ടോ തോറ്റുപോയത്! പ്ലൂട്ടോയുടെ പരിക്രമണ പാതയിലെ 'കൈപ്പർ ബെൽറ്റ്' (Kuiper Belt) എന്ന മേഖലയിൽ മറ്റ് നിരവധി വസ്തുക്കളും സ്ഥിതിചെയ്യുന്നുണ്ട്. പ്ലൂട്ടോയ്ക്ക് അവയെ മാറ്റിനിർത്താൻ കഴിഞ്ഞില്ല. ഇതോടെ പ്ലൂട്ടോയെ 'കുള്ളൻ ഗ്രഹം' (Dwarf Planet) എന്ന പുതിയ വിഭാഗത്തിലേക്ക് മാറ്റി.

11 വയസുകാരിയിട്ട പേര്

1930ൽ ക്ലൈഡ് ടോംബോ (Clyde Tombaugh) എന്ന ശാസ്ത്രജ്ഞനാണ് പ്ലൂട്ടോയെ കണ്ടെത്തിയത്. ഇതിന് പേരുനിർദേശിച്ചത് ഓക്സ്ഫഡിലെ വെനീഷ്യ ബെർണി (Venetia Burney) എന്ന 11 വയസുകാരി പെൺകുട്ടിയായിരുന്നു! ഗ്രീക്ക് പുരാണത്തിലെ പാതാളലോകത്തിന്‍റെ ദൈവത്തിന്‍റെ പേരാണ് പ്ലൂട്ടോ. ഡിസ്നിയുടെ ആ പ്രശസ്ത കാർട്ടൂൺ നായയ്ക്കു പേര് കിട്ടിയതും അങ്ങനെയാണ്.

ചന്ദ്രനേക്കാൾ ചെറിയ ഗ്രഹം!

പ്ലൂട്ടോയുടെ വലിപ്പം വളരെ ചെറുതാണ്. നമ്മുടെ ചന്ദ്രനേക്കാൾ ചെറിയ ഭൂവിസ്തൃതിയാണ് പ്ലൂട്ടോയ്ക്കുള്ളത്! അമേരിക്കൻ ഐക്യനാടുകളുടെ (USA) വിസ്തൃതിയേ പ്ലൂട്ടോയ്ക്കുള്ളൂ.

സൂര്യനെ ഒരു തവണ പോലും വലം വച്ചില്ല!

1930-ൽ കണ്ടെത്തി 2006ൽ ഗ്രഹപദവി നഷ്ടപ്പെടുന്നത് വരെ പ്ലൂട്ടോ സൂര്യനു ചുറ്റും ഒരു വട്ടം പോലും പൂർത്തിയാക്കിയിരുന്നില്ല! പ്ലൂട്ടോയ്ക്ക് ഒരു വർഷം എന്നാൽ ഭൂമിയിലെ 248 വർഷങ്ങളാണ്! (അതായത് പ്ലൂട്ടോയുടെ ആദ്യത്തെ പൂർണ പരിക്രമണം ഇനി 2178ൽ മാത്രമേ നടക്കൂ).

സ്നേഹം ഉള്ളിൽ ഒളിപ്പിച്ച ഗ്രഹം

ഗ്രഹപദവിയിൽനിന്നു പുറത്താക്കിയെങ്കിലും, 2015ൽ നാസയുടെ 'ന്യൂ ഹൊറൈസൺസ്' (New Horizons) ഉപഗ്രഹം പ്ലൂട്ടോയുടെ അടുത്ത് പോയപ്പോൾ കണ്ടത് അതിശയകരമായ കാഴ്ചയാണ്—അതിന്‍റെ നെഞ്ചത്ത് കൂറ്റൻ ഒരു 'ഹൃദയാകൃതിയിലുള്ള' മഞ്ഞുപാളി! "നിങ്ങൾ എന്നെ പുറത്താക്കിയാലും എനിക്ക് നിങ്ങളോട് സ്നേഹം മാത്രമേയുള്ളൂ" എന്നു പ്ലൂട്ടോ പറയുന്നതു പോലെ!

പ്ലൂട്ടോയെ പുറത്താക്കിയ ദിനം (Pluto Demoted Day)

പ്ലൂട്ടോയെ ഒഴിവാക്കിയതിൽ ലോകമെമ്പാടുമുള്ള ശാസ്ത്ര പ്രേമികൾക്കും കുട്ടികൾക്കും വലിയ സങ്കടമായിരുന്നു. പലരും പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും "Save Pluto" കാമ്പെയ്‌നുകൾ നടത്തുകയും ചെയ്തു. പ്ലൂട്ടോ ഗ്രഹമല്ലാതായി മാറിയെങ്കിലും ജ്യോതിശാസ്ത്ര ചരിത്രത്തിൽ പ്ലൂട്ടോയ്ക്കുള്ള സ്ഥാനം മാഞ്ഞുപോയിട്ടില്ല. സൗരയൂഥത്തിന്‍റെ അതിരുകളിലെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത് പ്ലൂട്ടോയായിരുന്നു!

ഇന്ന് 'Pluto Demoted Day' ഓർക്കുമ്പോൾ നമ്മൾ ഓർക്കേണ്ടത് ശാസ്ത്രം എന്നത് മാറ്റമില്ലാത്ത ഒരു സത്യമല്ല, പുതിയ അറിവുകൾക്കനുസരിച്ചു തിരുത്തപ്പെടുന്ന ഒന്നാണ്!

Tags : Pluto SolarSystem planet Science Twist

Recent News

Corehub Up