x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേദിയിൽ പല്ല് തെറിച്ചു വീണു, പരിഹസിച്ചവർക്ക് മുന്നിൽ തലയുയർത്തി നിന്ന് കമൽവാൻ ചനാഗോ


Published: March 29, 2026 11:46 PM IST | Updated: March 29, 2026 11:46 PM IST

സൗന്ദര്യമത്സര വേദികളിൽ സാധാരണയായി കണ്ടുവരാറുള്ള കൃത്രിമമായ ചിരികൾക്കും ചമയങ്ങൾക്കും ഇടയിൽ, തന്‍റെ പരിമിതിയെ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തുറന്നുകാട്ടി കൈയടി നേടുകയാണ് തായ്‌ലൻഡിൽ നിന്നുള്ള സുന്ദരി കമൽവാൻ ചനാഗോ.

മിസ് ഗ്രാൻഡ് തായ്‌ലൻഡ് 2026 മത്സരത്തിൽ പതും താനി പ്രവിശ്യയെ പ്രതിനിധീകരിച്ചെത്തിയ കമൽവാൻ, തനിക്കുണ്ടായ ഒരു അപ്രതീക്ഷിത വീഴ്ചയെ ആത്മവിശ്വാസം കൊണ്ട് എങ്ങനെ വിജയമാക്കി മാറ്റാം എന്ന് തെളിയിച്ചിരിക്കുകയാണ്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന പ്രാഥമിക മത്സരത്തിനിടെ വേദിയിൽ വെച്ച് കമൽവാന്‍റെ കൃത്രിമപ്പല്ലുകൾ അബദ്ധത്തിൽ പുറത്തേക്ക് തെറിച്ചിരുന്നു.

കാണികൾക്ക് മുന്നിൽ വെച്ച് ഇത്തരമൊരു സംഭവം നടന്നാൽ ഏതൊരാളും തകർന്നുപോകാമെങ്കിലും, യാതൊരു ഭാവവ്യത്യാസവുമില്ലാതെ അത് തിരികെ വെച്ച് മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് അവർ പ്രകടനം തുടരുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലാവുകയും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു.

എന്നാൽ ഇതിനെക്കാൾ വിസ്മയിപ്പിച്ചത് കഴിഞ്ഞ ശനിയാഴ്ച ബാങ്കോക്കിലെ എംജിഐ ഹാളിൽ നടന്ന മിസ് ഗ്രാൻഡ് തായ്‌ലൻഡ് ഗ്രാന്‍റ് ഫിനാലെയിൽ അവർ സ്വീകരിച്ച നിലപാടാണ്.

തന്നെ പരിഹസിച്ചവർക്കും ബുദ്ധിമുട്ടിച്ചവർക്കും മുന്നിൽ തന്‍റെ കുറവുകൾ ഒളിച്ചുവെക്കേണ്ട ഒന്നല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്, മത്സരത്തിനിടെ വേദിയിൽ വെച്ച് തന്നെ അവർ തന്‍റെ കൃത്രിമപ്പല്ലുകൾ ധരിക്കുന്നത് കാണികളെ അത്ഭുതപ്പെടുത്തി.

തന്‍റെ ബലഹീനതയെ മറ്റുള്ളവർക്ക് പരിഹസിക്കാനുള്ള ആയുധമാക്കാൻ വിട്ടുകൊടുക്കാതെ, അതിനെ സ്വന്തം കരുത്താക്കി മാറ്റുകയാണ് അവർ ചെയ്തത്. വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ ഈ ധീരമായ നീക്കത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ഒരാളുടെ സൗന്ദര്യമെന്നത് ശാരീരികമായ പൂർണതയിലല്ല, മറിച്ച് താൻ ആരാണെന്ന് ലോകത്തിന് മുന്നിൽ ധൈര്യത്തോടെ വെളിപ്പെടുത്തുന്നതിലാണ് എന്ന് കമൽവാൻ ഇതിലൂടെ തെളിയിച്ചു.

അതേസമയം ചോൻബുരിയിൽ നിന്നുള്ള പത്തമ ജിത്സാവത് ആണ് മിസ് ഗ്രാൻഡ് തായ്‌ലൻഡ് 2026 കിരീടം സ്വന്തമാക്കിയത്. ഇക്കൊല്ലം ഒക്ടോബറിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന മിസ് ഗ്രാൻഡ് ഇന്‍റർനാഷണൽ മത്സരത്തിൽ പത്തമ തായ്‌ലൻഡിനെ പ്രതിനിധീകരിക്കും.

മത്സരത്തിൽ വിജയിച്ചില്ലെങ്കിലും തന്‍റെ നിശ്ചയദാർഢ്യം കൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കാൻ കമൽവാൻ ചനാഗോയ്ക്ക് സാധിച്ചു.

പരിഹാസങ്ങളെയും വിമർശനങ്ങളെയും നേരിടാൻ ആത്മവിശ്വാസം മാത്രം മതിയെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ യുവതിയുടെ വേറിട്ട പോരാട്ടം. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ പങ്കുവെക്കുകയും കമൽവാന്‍റെ ഈ 'സീസിങ് ദ മൊമെന്‍റ്' രീതിയെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.

Tags : MissGrandThailand2026 KamolwanChanago MissGrandThailand ViralNews Confidence

Recent News

Corehub Up