മൈക്രോവേവ് ഓവൻ പോലെയുള്ള അടുക്കള ഉപകരണത്തെ പണ്ട് കാലങ്ങളിൽ ഒരു ദീർഘകാല നിക്ഷേപമായാണ് പലരും കണ്ടിരുന്നത്. വീട്ടിലെ മുതിർന്നവരുമായി ആലോചിച്ചും വിപണിയിലെ മികച്ച ബ്രാൻഡുകളെക്കുറിച്ച് പഠിച്ചും ഏറ്റവും ലാഭകരമായ വില ലഭിക്കുന്ന കടകൾ തേടി നടന്നുമൊക്കെയായിരുന്നു അക്കാലത്തെ വാങ്ങലുകൾ.
എന്നാൽ ആധുനിക കാലത്തെ ഓൺലൈൻ ഡെലിവറി ആപ്പുകളുടെ കടന്നുവരവ് നമ്മുടെ ഷോപ്പിംഗ് ശീലങ്ങളെ അപ്പാടെ മാറ്റിമറിച്ചിരിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ 10 മിനിറ്റിനുള്ളിൽ വീട്ടുമുറ്റത്ത് സാധനങ്ങളെത്തിക്കുന്ന ബ്ലിങ്കിറ്റും സെപ്റ്റോയും ഇൻസ്റ്റാമാർട്ടും ഇന്ന് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു.
ഇത്തരത്തിൽ അതിവേഗ ഷോപ്പിംഗ് സംസ്കാരം അതിരുവിട്ടപ്പോൾ ഉണ്ടായ രസകരമായ ഒരു സംഭവമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ ചർച്ചാവിഷയമായിരിക്കുന്നത്. രാത്രി 12 മണിക്ക് തന്‍റെ ഭക്ഷണം ചൂടാക്കാൻ മറ്റുവഴികളില്ലാതെ വന്നപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കാതെ ഇൻസ്റ്റാമാർട്ടിലൂടെ ഒരു മൈക്രോവേവ് തന്നെ ഓർഡർ ചെയ്ത യുവതിയുടെ കഥ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുകയാണ്.
ഭക്ഷണം ചൂടാക്കണമെന്ന ചെറിയ ആഗ്രഹത്തിന് പരിഹാരമായി വിലകൂടിയ ഒരു ഇലക്ട്രോണിക് ഉപകരണം തന്നെ അർദ്ധരാത്രിയിൽ വാങ്ങിയ ആവേശത്തെ 'അഡൾട്ട് മണി' അഥവാ സ്വന്തമായി സമ്പാദിക്കുന്ന പണം നൽകുന്ന സ്വാതന്ത്ര്യം എന്ന തമാശയോടെയാണ് യുവതി വിശേഷിപ്പിച്ചത്. ഓർഡർ ചെയ്ത സാധനം മിനിറ്റുകൾക്കുള്ളിൽ കയ്യിലെത്തുന്നതും പെട്ടി പൊട്ടിച്ച് സെറ്റ് ചെയ്യുന്നതുമായ ദൃശ്യങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ആളുകളിൽ നിന്നും ഉണ്ടാകുന്നത്. കൈയ്യിൽ പണമുള്ളവർക്ക് ഇത്തരം ഇൻസ്റ്റന്‍റ് ഡെലിവറി ആപ്പുകൾ ഒരു ചതിക്കുഴിയാണെന്നും മുൻപിൻ നോക്കാതെയുള്ള ഇത്തരം വാങ്ങലുകൾ തങ്ങളെ പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലാക്കാറുണ്ടെന്നും പലരും കമന്‍റ് ചെയ്തു.
എങ്കിലും യുവതിയുടെ ഈ പ്രവർത്തി തങ്ങൾക്ക് തികച്ചും മനസിലാക്കാൻ സാധിക്കുന്ന ഒന്നാണെന്നും പലപ്പോഴും സമാനമായ സാഹചര്യങ്ങളിലൂടെ തങ്ങളും കടന്നുപോകാറുണ്ടെന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നു. ഈ വിചിത്രമായ പർച്ചേസിനോട് സാക്ഷാൽ ഇൻസ്റ്റാമാർട്ട് തന്നെ തമാശരൂപേണ പ്രതികരിച്ചു എന്നതാണ് മറ്റൊരു കൗതുകം.
വലിയ നഗരങ്ങളിൽ ഇങ്ങനെയുള്ള ചെറിയ പർച്ചേസുകൾ സ്വാഭാവികമാണെന്ന സിനിമ ഡയലോഗിലൂടെയാണ് കമ്പനി ഇതിനെ വരവേറ്റത്. അത്യാവശ്യ ഘട്ടങ്ങളിൽ ഷോപ്പിംഗ് എത്രത്തോളം ലളിതവും വേഗമേറിയതുമായി മാറിയിരിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.
Tags : MidnightCravings AdultMoney Instamart ImpulseBuy QuickCommerce