മുത്തൂറ്റ് ഫിനാൻസ് പണിമുടക്ക് ഒത്തുതീർപ്പായി
Friday, October 11, 2019 1:28 AM IST
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മുത്തൂറ്റ് ഫിനാൻസിൽ 52 ദിവസമായി തൊഴിലാളികൾ നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ലേബർ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാനേജ്മെന്റ്, തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്.
ഒത്തുതീർപ്പു വ്യവസ്ഥയിൽ മാനേജ്മെന്റ് പ്രതിനിധികളും മുത്തൂറ്റ് ഫിനാൻസ് നോണ്‍ ബാങ്കിംഗ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ പ്രതിനിധികളും ഒപ്പുവച്ചു. വേതന വർധന സംന്പന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മിനിമം വേജസ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വിധേയമായി നടപ്പിലാക്കാമെന്നു മാനേജ്മെന്റ് സമ്മതിച്ചു.
ഒത്തുതീർപ്പ് പ്രകാരം ഇടക്കാല വർധനയായി 500 രൂപ പ്രതിമാസം എല്ലാ ജീവനക്കാർക്കും ഒക്ടോബർ മാസം മുതൽ ലഭിക്കും. തടഞ്ഞുവച്ചിരുന്ന വാർഷിക ഇൻക്രിമെന്റ് ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ കൊടുത്തുതീർക്കും. നിയമപ്രകാരമുള്ള വാർഷിക ബോണസ് ലഭ്യമാക്കും.
തൊഴിലാളികൾക്ക് ലഭിക്കാനുള്ള ഓഹരി ആനുകൂല്യം ഒറ്റതവണയായി നൽകണമെന്ന ലേബർ കമ്മീഷണറുടെ നിർദേശം പരിഗണിക്കും. പിരിച്ചുവിട്ടവരും സസ്പെൻഡ് ചെയ്യപ്പെട്ടവരുമായ എല്ലാ ജീവനക്കാരെയും തിരികെ പ്രവേശിപ്പിക്കും. അനിശ്ചിതകാല പണിമുടക്ക് പിൻവലിക്കാൻ യൂണിയൻ സമ്മതിച്ചതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ 611 ബ്രാഞ്ചുകളും ഇന്നു മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.