തെലുങ്കാനയിൽ മൂന്നു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
Monday, June 9, 2025 2:31 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ മൂന്ന് മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. കോൺഗ്രസ് എംഎൽഎമാരായ ജി. വിവേക് വെങ്കട്ട സ്വാമി, അഡ്ലൂരി ലക്ഷ്മൺകുമാർ, വാകിതി ശ്രീഹരി എന്നിവരാണ് ഇന്നലെ ഗവർണർ ജിഷ്ണു ദേവ് വർമയ്ക്കു മുന്പാകെ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. രാമചന്ദർ നായിക്കിനെ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുത്തു.
രേവന്ത് റെഡ്ഢി മന്ത്രിസഭയുടെ ആദ്യ വികസനമാണിത്. മൂന്നു മന്ത്രിമാരെ ഉൾപ്പെടുത്തിയതോടെ തെലുങ്കാന മന്ത്രിസഭയുടെ അംഗബലം 15 ആയി. മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാർ വരെയാകാം.
സാമൂഹ്യനീതി ലക്ഷ്യമിട്ടാണു മന്ത്രിസഭാ വികസനം. വിവേക് വെങ്കട്ട സ്വാമി പട്ടികജാതിയിലെ മാല വിഭാഗക്കാരനും ലക്ഷ്മൺ കുമാർ പട്ടികജാതിയിലെ മഡിഗ വിഭാഗക്കാരനുമാണ്. ശ്രീഹരി പിന്നാക്ക വിഭാഗക്കാരനാണ്.
പട്ടികവർഗക്കാരനാണ് ഡെപ്യൂട്ടി സ്പീക്കർ രാമചന്ദർ നായിക്. മുതിർന്ന കോൺഗ്രസ് നേതാവ് ജി. വെങ്കടസ്വാമിയുടെ മകനാണ് വിവേക്. ഇദ്ദേഹത്തിന്റെ സഹോദരൻ ജി. വിനോദ് കോൺഗ്രസ് എംഎൽഎയാണ്. വിവേകിന്റെ മകൻ വംശി കൃഷ്ണ ലോക്സഭാംഗമാണ്.