ഡയറി ക്വീൻ ഇന്ത്യയിലേക്ക്
Thursday, June 19, 2025 12:23 AM IST
മുംബൈ: യുഎസ് ആസ്ഥാനമായുള്ള ഡയറി ക്വീൻ (ഡിക്യൂ) എന്ന ഫാസ്റ്റ്ഫുഡ് ശൃംഖല ഇന്ത്യയിൽ ആരംഭിക്കാൻ നീക്കങ്ങൾ നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ കെഎഫ്സി, പിസ ഹട്ട്, കോസ്റ്റ കോഫി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ നടത്തുന്ന ദേവയാനി ഇന്റർനാഷണൽ ആണ് ഡയറി ക്വീനിനെയും എത്തിക്കുക. ഇന്ത്യയിലെ ബർഗറിന്റെയും മറ്റ് ഫാസ്റ്റ്ഫുഡ് ഉപഭോക്താക്കളുടെയും വലിയൊരു പങ്കിനെ പിടിച്ചെടുക്കുന്നതിനായാണ് ഈ നീക്കം.
പ്രമുഖ നിക്ഷേപകനും ബെർക്ക്ഷെയർ ഹാത്തവേയുടെ സിഇഒയുമായ വാറൻ ബഫറ്റിന്റെ നിയന്ത്രണത്തിലുള്ള ഫാസ്റ്റ് ഫുഡ്, ഐസ്ക്രീം ശൃംഖലയാണ് ഡയറി ക്വീൻ അടുത്തിടെ ബിരിയാണി ബൈ കിലോ എന്ന ബ്രാൻഡിനെയും ദേവയാനി ഏറ്റെടുത്തിരുന്നു.
1940ൽ ആരംഭിച്ച ഡയറി ക്വീനിനെ 1997ൽ വാറൻ ബഫറ്റിന്റെ ബെർക്ക് ഷെയർ ഹാത്തവേ 585 മില്യണ്‍ ഡോളറിന് കാഷ് ആൻഡ് സ്റ്റോക്ക് ഡീലിലൂടെ ഏറ്റെടുത്തു.
അതിനുശേഷം, ബഫറ്റിന് ആ ബ്രാൻഡിനോടുള്ള ഇഷ്ടം പലമടങ്ങ് വർധിച്ചു. തന്റെ സ്വന്തം സംസ്ഥാനമായ നെബ്രാസ്കയിലെ ഒമാഹയിലുള്ള ഡയറി ക്വീനിന്റെ ഒൗട്ട്ലെറ്റിലേക്ക് സെലിബ്രിറ്റികളും ബിസിനസ് അസോസിയേറ്റുകളും ഉൾപ്പെടെയുള്ള സന്ദർശകരെ കൊണ്ടുപോകുന്നതിൽ അദ്ദേഹം പ്രശസ്തനാണ്.
20 രാജ്യങ്ങളിലായി 7,700ഓളം സ്റ്റോറുകളുള്ള ഡിക്യൂ നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളിൽ ഒന്നാണ്.