വെള്ളറട ഡിപ്പോയിൽ ബ്രത്തലൈസർ ചതിച്ചു ; കെഎസ്ആർടിസി ഡ്രൈവർ കുത്തിയിരുന്നു പ്രതിഷേധിച്ചു
Tuesday, July 22, 2025 2:26 AM IST
വെ​ള്ള​റ​ട: ജീ​വി​ത​ത്തി​ല്‍ മ​ദ്യ​പി​ക്കാ​ത്ത കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​നെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മ​ദ്യ​പാ​നി​യാ​യി ക​ണ്ടെ​ത്തി. വെ​ള്ള​റ​ട കെ​എ​സ് ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ഡ്യൂ​ട്ടി​ക്കെ​ത്തി​യ വി. ​സു​നി​ല്‍ എ​ന്ന ഡ്രൈ​വ​ർ​ക്കാ​ണ് ബ്ര​ത്ത് അ​​ലൈ​സ​ര്‍ പ​ണി കൊ​ടു​ത്ത​ത്. ജീ​വി​ത​ത്തി​ല്‍ നാ​ളി​തു​വ​രെ മ​ദ്യ​പാ​ന​ശീ​ലം ഇ​ല്ല എ​ന്നു വാ​ദി​ക്കു​ന്ന വ്യ​ക്തി​യാ​ണ് മ​ല​യ​ങ്കാ​വ് സ്വ​ദേ​ശി​യാ​യ സു​നി​ല്‍.

2013 മു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​നാ​യി ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴു​മാ​സ​മാ​യി വെ​ള്ള​റ​ട ഡി​പ്പാ​യി​ലാ​ണ് ജോ​ലി നോ​ക്കു​ന്ന​ത്.

പ​തി​വു​പോ​ലെ രാ​വി​ലെ അ​ഞ്ചു​മ​ണി​ക്കു പു​റ​പ്പെ​ടേ​ണ്ട വെ​ള്ള​റ​ട കോ​വി​ല​വി​ള ബ​സി​ന്‍റെ
ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ​പ്പോ​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു യ​ന്ത്രം വി​ല്ല​നാ​യ​ത്. പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 10 പോ​യി​ന്‍റു കാ​ണി​ച്ച​തോ​ടെ സു​നി​ല്‍ ഡ്യൂ​ട്ടി​ക്ക് അ​യോ​ഗ്യ​നാ​യി. താ​ന്‍ ജീ​വി​ത​ത്തി​ല്‍ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നും, ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ല്‍ ഗ്രാ​മ്പു ഇ​ട്ടു തി​ള​പ്പി​ച്ച വെ​ള്ളം രാ​വി​ലെ കു​ടി​ച്ചു എ​ന്നും സു​നി​ല്‍ പ​റ​യു​ന്നു. തു​ട​ര്‍​ന്നു സു​നി​ല്‍ വെ​ള്ള​റ​ട സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സു​കാ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​വി​ടു​ത്തെ ബ്ര​ത്ത​ലൈ​സ​റി​ല്‍ സീ​റോ കാ​ണി​ച്ചു. യ​ന്ത്രം ച​തി​ച്ച​തു കാ​ര​ണം വെ​ള്ള​റ​ട കോ​വി​ല​വി​ള സ​ര്‍​വീ​സും മു​ട​ങ്ങി.

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ല്‍ പൂ​വ്വാ​ര്‍ ഡി​പ്പോ​യി​ലും സ​മാ​ന​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യി​രു​ന്നു, മാ​ത്ര​മ​ല്ല ച​ക്ക ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്നു പ​ന്ത​ളം കെ​എ​സ് ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നാ​ലു ജീ​വ​ന​ക്കാ​ര്‍​ക്കും ഇ​ത്ത​രം പ​ണി കി​ട്ടി​യി​രു​ന്നു.

ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വ​ത്തി​ല്‍ പ​രി​ഹാ​രം കാ​ണാ​ന്‍ മേ​ല​ധി​കാ​രി​ക​ള്‍​ക്ക് പ​രാ​തി ന​ല്‍​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് സു​നി​ല്‍ എ​ന്ന 52 കാ​ര​ന്‍. ഡ്യൂ​ട്ടി ഓ​ഫീ​സി​നു മു​ന്നി​ല്‍ ഇ​രു​ന്ന് സു​നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.