മു​ട്ട​ട​യി​ലെ എ​സ്ബി​ഐ എ​ടി​എം പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു
Sunday, August 10, 2025 6:46 AM IST
പേ​രൂ​ര്‍​ക്ക​ട: മു​ട്ട​ട ജം​ഗ്ഷ​നി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ടി​എം കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. ഒ​രാ​ഴ്ച മു​മ്പാ​ണ് കൗ​ണ്ട​റി​നു​ള്ളി​ലെ മെ​ഷീ​ന്‍ ഇ​ള​ക്കി​ക്കൊ​ണ്ടു​പോ​യ​ത്. ക​രാ​ര്‍ പു​തു​ക്കാ​ത്ത​താ​ണ് കൗ​ണ്ട​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നാ​ണു സൂ​ച​ന. ബാ​ങ്കു​ക​ള്‍​ക്കു​വേ​ണ്ടി എ​ടി​എം കൗ​ണ്ട​റു​ക​ള്‍ സ്ഥാ​പി​ച്ചു​വ​രു​ന്ന​ത് സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ളാ​ണ്.

മു​ട്ട​ട​യി​ലെ എ​ടി​എം കൗ​ണ്ട​റി​നോ​ടു കു​റ​ച്ചു​നാ​ളാ​യി അ​ധി​കൃ​ത​ര്‍​ക്ക് നി​സ്സ​ഹ​ക​ര​ണ മാ​നോ​ഭാ​വ​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. കൗ​ണ്ട​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നോ കൃ​ത്യ​മാ​യി പ​ണം മെ​ഷീ​നു​ള്ളി​ല്‍ നി​റ​യ്ക്കു​ന്ന​തി​നോ അ​ധി​കൃ​ത​ര്‍ താ​ല്‍​പ്പ​ര്യം കാ​ണി​ക്കാ​റി​ല്ലാ​യി​രു​ന്നു. പൊ​ടി​യും വ​ല​യും കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു കു​റ​ച്ചു​നാ​ളാ​യി എ​ടി​എ​മ്മും പ​രി​സ​ര​വും.

മു​ട്ട​ട​യി​ലെ എ​ടി​എം കൗ​ണ്ട​ര്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പ​ല​പ്പോ​ഴും കൗ​ണ്ട​റി​ന​ടു​ത്ത് എ​ത്തു​മ്പോ​ഴാ​ണ് ഇ​വി​ടെ പ്ര​വ​ര്‍​ത്ത​ന​മി​ല്ലെ​ന്നു പൊ​തു​ജ​ന​ങ്ങ​ള്‍ അ​റി​യു​ന്ന​ത്. കൗ​ണ്ട​റി​നു സ​മീ​പം ഇ​പ്പോ​ള്‍ ര​ണ്ടു​മൂ​ന്നു ക​സേ​ര​ക​ള്‍ നി​ര​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്- ജ​ന​ങ്ങ​ള്‍​ക്കു വി​ശ്ര​മി​ക്കാ​ന്‍. എ​ടി​എ​മ്മി​ന്‍റെ സേ​വ​നം ല​ഭി​ക്കു​ന്ന​തി​ന് പ​രു​ത്തി​പ്പാ​റ ജം​ഗ്ഷ​നി​ലോ പേ​രൂ​ര്‍​ക്ക​ട ജം​ഗ്ഷ​നി​ലോ എ​ത്ത​ണം.