കൽപ്പറ്റ: ക്ഷീര മേഖലയുടെ ശക്തീകരണത്തിന് ശ്രദ്ധേയ ഇടപെടലുകൾ നടത്തി മീനങ്ങാടി ക്ഷീരസംഘം. പഞ്ചായത്തിലെ 250 കേന്ദ്രങ്ങളിൽനിന്നായി പ്രതിദിനം ശരാശരി 17,500 ലിറ്റർ പാലാണ് സംഘം ശേഖരിക്കുന്നത്.
സ്വന്തമായി മൃഗാശുപത്രിയും വെറ്ററിനറി ഡോക്ടറുമുള്ള ജില്ലയിലെ ഏക ക്ഷീരസംഘമാണ് മീനങ്ങാടിയിലേത്. വെറ്ററിനറി മെഡിക്കൽ ഷോപ്പ്, വിശാലമായ ഓഫീസ്, കോണ്‍ഫറൻസ് ഹാൾ, പൂർണമായി ഡിജിറ്റലൈസ് ചെയ്ത ഡയറി ലബോറട്ടറി, ബൾക്ക് മിൽക്ക് കൂളർ(ബിഎംസി) എന്നിവ സംഘത്തിനുണ്ട്. രോഗനിർണയ ലാബിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്.
സംസ്ഥാനത്ത് പൂർണമായും കംപ്യൂട്ടർവത്കരിച്ച ആദ്യ ക്ഷീരസംഘങ്ങളിൽ ഒന്നാണ് മീനങ്ങാടിയിലേത്. ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയാണ് പാൽ ശേഖരണവും ശീതീകരണവും. 15,000 ലിറ്റർ ശേഷിയുള്ള പാൽ ശീതീകരണ ടാങ്കും മിൽക്ക് സൈലോയുമാണ് സംഘത്തിനുള്ളത്. 20 കിലോവാട്ട് ശേഷിയുള്ള സൗരനിലയവും 20,000 ലിറ്റർ ശേഷിയുള്ള മലിനജല സംസ്കരണ കേന്ദ്രവും സംഘത്തിനുണ്ട്. മീനങ്ങാടി നഗരത്തിൽ രണ്ട് മിൽക്ക് പാർലർ നടത്തുന്നുണ്ട്.
പാലിന്റെ അളവ്, ഗുണനിലവാരം, ലിറ്റർ വില, മൊത്തം തുക എന്നിവ ദിവസേന എസ്എംഎസ് മുഖേന കർഷകർക്ക് ലഭ്യമാക്കുന്ന സംഘം വർഷം മുഴുവൻ പാൽ അളക്കുന്ന കർഷകർക്ക് ഓരോ ലിറ്ററിനും 1.30 രൂപ ഇൻസെന്റീവ് നൽകുന്നുണ്ട്. ദിവസം 50 ലിറ്ററിലധികം പാൽ അളക്കുന്ന കർഷകർക്ക് ഫാം സപ്പോർട്ട് എന്ന പേരിൽ ലിറ്ററിന് 50 പൈസ അധിക സഹായം അനുവദിക്കുന്നുണ്ട്.
പ്രതിമാസം 2,500 രൂപ വരെ പശുക്കളുടെ ചികിത്സയ്ക്കു ലഭ്യമാക്കുന്നുണ്ട്. മെഡിക്കൽ സ്റ്റോറിൽ 20 ശതമാനം വരെ സബ്സിഡി നിരക്കിലാണ് മരുന്നുകൾ നൽകുന്നത്. പലിശരഹിത വായ്പ, സബ്സിഡിയോടെ പച്ചപ്പുല്ല്, ഇൻഷ്വറൻസ്, മെഡിക്ലെയിം, വിദ്യാഭ്യാസ സഹായധനം, അവാർഡുകൾ, വാർഷിക ബോണസ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സംഘത്തിന്റെ മികവ് ദേശീയ തലത്തിൽവരെ അടയാളപ്പെടുത്തിയിട്ടുണ്ട്. പി.പി. ജയൻ പ്രസിഡന്റും കെ.ബി. മാത്യു സെക്രട്ടറിയുമായ ഒന്‍പതംഗ ഭരണസമിതിയാണ് മീനങ്ങാടി സംഘത്തിന്.