കൽപ്പറ്റ: കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ(ഡിഇഐസി) ഇതിനകം 123 കുട്ടികൾക്ക് ക്ലബ് ഫൂട്ടിന് ചികിത്സ നൽകി. കുട്ടികളുടെ കാലിന്റെ പാദം ഉള്ളിലേക്ക് തിരിഞ്ഞു മടങ്ങിയ അവസ്ഥയാണ് ക്ലബ് ഫൂട്ട്.
ബാല്യകാല അസുഖങ്ങൾ, വളർച്ചയിലെ കാലതാമസം തുടങ്ങി 30 ഓളം അസുഖങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണ് ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിന്റെ ലക്ഷ്യം. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ആർബിഎസ്കെ പദ്ധതിയുടെ ഭാഗമായി 10 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്ഥാപനം ഇതുവരെ 10,000 ഓളം കുട്ടികൾക്ക് ആശ്രയമായി.
സൈക്കോളജി, ശ്രവണ-സംസാര വൈകല്യ വിഭാഗം, ഒപ്റ്റോമെട്രി, ഫിസിയോ തെറാപ്പി, സ്പെഷൽ എഡ്യുക്കേഷൻ, ദന്തരോഗം തുടങ്ങിയ വിഭാഗങ്ങളാണ് ഇവിടെ. സൈക്കോളജി വിഭാഗത്തിൽ ബുദ്ധിക്കുറവ്, ശ്രദ്ധക്കുറവ്, സ്വഭാവ വൈകൃതങ്ങൾ, ഓട്ടിസം എന്നിവയ്ക്ക് ചികിത്സയ്യും രക്ഷിതാക്കൾക്കടക്കം കൗണ്സലിംഗും നൽകുന്നുണ്ട്.
ശ്രവണൃ-സംസാര വൈകല്യ വിഭാഗത്തിൽ സംസാരിക്കുന്നതിനും കേൾക്കുന്നതിനുമുള്ള പ്രശ്നങ്ങൾ, സെറിബ്രൽ പാഴ്സി, വിക്ക്, കൊഞ്ഞിപ്പ് തുടങ്ങിയവയ്ക്കാണ് ചികിത്സ. ഒപ്റ്റോമെട്രി വിഭാഗത്തിൽ കാഴ്ച സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പ്രാരംഭ പരിശോധനകളും തുടർപരിചരണങ്ങളും ലഭ്യമാണ്.
ചലന പ്രശ്നങ്ങളുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം, വ്യായാമ മുറകൾ, ഇലക്ട്രോ ഹൈഡ്രോ ഫിസിയോതെറാപ്പി എന്നിവ ലഭ്യമാണ്. സ്പെഷൽ എഡ്യുക്കേഷൻ വിഭാഗത്തിൽ ഓർമക്കുറവുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.
മുച്ചിറി, മുറി അണ്ണാക്ക് തുടങ്ങിയ അസുഖങ്ങൾക്കുള്ള സൗജന്യ ചികിത്സാ സഹായവും ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് ശ്രവണ സഹായി സൗജന്യമായി നൽകുന്ന പദ്ധതിയും ഏകോപിപ്പിക്കുന്നത് പ്രാരംഭ ഇടപെടൽ കേന്ദ്രം മുഖേനയാണ്.
മാനന്തവാടി ഗവ.മെഡിക്കൽ കോളജ്, ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികൾ, തരിയോട്, മീനങ്ങാടി, പുൽപ്പള്ളി, പേര്യ, പനമരം സാമൂഹികാരോഗകേന്ദ്രങ്ങൾ, തൊണ്ടർനാട്, പൊഴുതന, അന്പലവയൽ, പൂതാടി, വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് മുഖേന സേവനം നൽകുന്നത്.