കൽപ്പറ്റ:അന്പലവയലിൽ മേഖല കാർഷിക ഗവേഷണ കേന്ദ്രം, വയനാട് ഹിൽസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി, കിസാൻ സർവീസ് സൊസൈറ്റി എന്നിവ സംയുക്തമായി ദ്വിദിന അവൊക്കാഡോ ഫെസ്റ്റ് നടത്തി. കൃഷി മന്ത്രി പി. പ്രസാദ് ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്തു.
അന്പലവയലിനെ അവൊക്കാഡോ നഗരമായി അദ്ദേഹം പ്രഖ്യാപിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ബി. അശോക് ഓണ്‍ലൈനിൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, വൈസ് പ്രസിഡന്റ് കെ. ഷമീർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജസി ജോർജ്, വാർഡ് അംഗം എം.എ. ഷിഫാനത്ത്, കിസാൻ സർവീസ് സൊസൈറ്റി നാഷണൽ ജനറൽ സെക്രട്ടറി സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഒ.വി. വർഗീസ് എന്നിവർ പ്രസംഗിച്ചു.
സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ബിനോ പി. ബോണി സ്വാഗതവും കാർഷിക ഗവേഷണ കേന്ദ്രം എഡിആർ ആൻഡ് ഡീൻ ഡോ.സി.കെ. യാമിനി വർമ നന്ദിയും പറഞ്ഞു. സെമിനാറുകൾ, കർഷകരും ശാസ്ത്രജ്ഞരും പങ്കെടുത്ത ചർച്ചകൾ, മത്സരങ്ങൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമായിരുന്നു.
കൃഷി, സംസ്കരണം, മൂല്യവർധനവ്, വിപണനം എന്നീ മേഖലകളിൽ നൂതന സാധ്യതകൾ പ്രയോജനപ്പെടുത്തി വയനാടൻ അവൊക്കാഡോ ലോകശ്രദ്ധയിൽ എത്തിക്കുന്നതിനുള്ള കർമപദ്ധതികൾക്ക് രൂപം നൽകി.
അവൊക്കാഡോ ഫെസ്റ്റിനെതിരേ ബിജെപി; കേന്ദ്ര ഫണ്ട് തട്ടാൻ ശ്രമമെന്ന് ആരോപണം
കൽപ്പറ്റ: അന്പലവയലിൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രം, പഞ്ചായത്ത്, ഹിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കന്പനി എന്നിവ സംയുക്തമായി സംഘടിപ്പിച്ച അവൊക്കാഡോ ഫെസ്റ്റിനെതിരേ ബിജെപി.
കേന്ദ്ര കൃഷി മന്ത്രാലയത്തിൽ പദ്ധതികൾ സമർപ്പിച്ച് കോടികൾ തട്ടാനുള്ള ശ്രമമാണ് ഫെസ്റ്റിനു മറവിൽ നടത്തുന്നതെന്നു ബിജെപി ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് എ.എസ്. കവിത, അന്പലവയൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. പുരുഷോത്തമൻ, എം.ടി. അനിൽ, എൻ. പ്രദീപ്, കെ.ആർ. ഷിനോജ്, സിന്ധു ഇലഞ്ഞിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ജില്ലയിൽ സുലഭമായ ചക്ക, എത്തക്ക എന്നിവയിൽനിന്നു മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കി വിപണനം ചെയ്യുന്നതിന് പദ്ധതി നടപ്പാക്കിയിരുന്നു. ഇപ്പോൾ യന്ത്രങ്ങളടക്കം നാശം നേരിടുകയാണ്.
മേഖലാ ഗവേഷണ കേന്ദ്രത്തിൽ നടത്തിയിരുന്ന ചക്ക മഹോത്സവം രണ്ടുവർഷമായി നടത്തുന്നില്ല. ഗവേഷണ കേന്ദ്രം മുഖേന ജില്ലയിൽ പൂക്കൃഷി പദ്ധതിയും നടപ്പാക്കിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി കർഷകരെ പൂക്കൃഷിയിലേക്ക് കൊണ്ടുവന്നെങ്കിലും പദ്ധതിക്ക് തുടർച്ചയുണ്ടായില്ല.
പൂക്കൃഷിക്ക് ഇറങ്ങിത്തിരിച്ചവർക്കെല്ലാം തിക്താനുഭവമാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് അവൊക്കാഡോ ഫെസ്റ്റ് നടത്തുന്നത്. അവൊക്കാഡോ കൃഷി, സംസ്കരണം, വിപണനം എന്നിവയുടെ പേരിൽ കേന്ദ്ര ഫണ്ട് തട്ടിയെടുക്കാൻ അനുവദിക്കില്ല. ഫണ്ട് തട്ടിയെടുക്കാൻ നടക്കുന്ന നീക്കം സംബന്ധിച്ച് കേന്ദ്ര കൃഷി മന്ത്രാലയത്തിന് ബിജെപി കത്ത് നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.