APSEZ, AB Ports
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ഓപ്പറേറ്ററായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി പോർട്ട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ്‍ (APSEZ) യുകെയിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായ അസോസിയേറ്റഡ് ബ്രിട്ടീഷ് പോർട്ട്സിന്റെ (ABP) ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.
വലിയ വിദേശ കരാർ: 1000 കോടി പൗണ്ടിലധികം (10 ബില്യണ്‍ പൗണ്ട്) മൂല്യം പ്രതീക്ഷിക്കുന്നതാണ് ഈ ഇടപാട്. കരാർ പൂർത്തിയായാൽ, ഇത് അദാനി ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലായി മാറും.
ഏറ്റെടുക്കൽ ലക്ഷ്യം: കനേഡിയൻ പെൻഷൻ ഫണ്ടുകളുടെ കൈയിലുള്ള എബിപിയുടെ 63.9 % ഓഹരികളാണ് അദാനി പോർട്സ് സ്വന്തമാക്കാൻ ലക്ഷ്യമിടുന്നത്.
എബിപിയുടെ പ്രസക്തി: ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 21 തുറമുഖങ്ങളാണ് എബിപി നിയന്ത്രിക്കുന്നത്. ഇതിൽ യുകെയിലെ ഏറ്റവും വലിയ തുറമുഖമായ ഇമ്മിംഗ്ഹാമും, പ്രതിവർഷം 40 ബില്യണ്‍ പൗണ്ടിന്റെ കയറ്റുമതി കൈകാര്യം ചെയ്യുന്ന പ്രമുഖ തുറമുഖമായ സൗതാംപ്ടണും ഉൾപ്പെടുന്നു എന്നത് ഈ നീക്കത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. കന്പനി നിയന്ത്രിക്കുന്ന തുറമുഖങ്ങൾ രാജ്യത്തെ മൊത്തം സമുദ്രവ്യാപാരത്തിന്റെ നാലിലൊന്നാണ് (25 %)കൈകാര്യം ചെയ്യുന്നത്.
ആഗോള സാന്നിധ്യം: നിലവിൽ ഇസ്രയേൽ, ശ്രീലങ്ക, ടാൻസാനിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ അദാനി പോർട്സിന് സാന്നിധ്യമുണ്ട്. യുകെയിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നതു വഴി 2031-ഓടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗതാഗത-ലോജിസ്റ്റിക്സ് കന്പനിയാവുക എന്ന ലക്ഷ്യത്തിലേക്കെത്താൻ അദാനി ഗ്രൂപ്പിന് സാധിക്കും.
ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും ഒൗദ്യോഗികമായി ഓഫർ നൽകുന്ന കാര്യം കന്പനി സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.
Tags : APSEZ Adani Acquire Shares Business ABPorts UK