ന്യൂയോർക്ക്: യുഎസിലെ എണ്ണ ശുദ്ധീകരണ മേഖലയിൽ വൻ നിക്ഷേപം നടത്താൻ റിലയൻസ് ഇൻഡസ്ട്രീസ്. യുഎസിൽ കഴിഞ്ഞ 50 വർഷത്തിനിടയിലെ ആദ്യത്തെ പുതിയ എണ്ണ ശുദ്ധീകരണ ശാലയാണ് ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ നിക്ഷേപ സഹകരണത്തോടെ സ്ഥാപിക്കുന്നത്.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചു. 300 ബില്യണ്‍ ഡോളർ (27.5 ലക്ഷം കോടി രൂപ) ആണ് കന്പനി ഇതിനായി മുടക്കുക. അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായാണ് പദ്ധതിയെ വിശേഷിപ്പിക്കുന്നത്. ടെക്സസിലെ ബ്രൗണ്‍സ്വിൽ പോർട്ടിലാണ് റിഫൈനറി സ്ഥാപിക്കുക.
“ഇത് ചരിത്രപരമായ 300 ബില്യണ്‍ ഡോളറിന്റെ ഇടപാടാണ്- യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപം-” ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഗുജറാത്തിലെ ജാംനഗറിൽ റിലയൻസിന്റെ എണ്ണ ശുദ്ധീകരണശാല നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്.
അമേരിക്ക ഫസ്റ്റ് റിഫൈനറി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. യുഎസ് പ്രസിഡന്റ് ട്രംപ് ആണ് ഇടപാട് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതെങ്കിലും റിലയൻസോ അമേരിക്ക ഫസ്റ്റ് റിഫൈനിംഗോ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
പുതിയ റിഫൈനറി ദേശീയ സുരക്ഷയെ ശക്തിപ്പെടുത്തുകയും അമേരിക്കൻ ഉൗർജ ഉത്പാദനം വർധിപ്പിക്കുകയും കോടിക്കണക്കിനു രൂപയുടെ സാന്പത്തിക നേട്ടം നൽകുകയും ചെയ്യും. കൂടാതെ ഇത് ലോകത്തെതന്നെ ഏറ്റവും വലിയ ഹരിത റിഫൈനറി ആയിരിക്കും.- ട്രംപ് പറഞ്ഞു.
നൂറു ശതമാനം അമേരിക്കൻ ഷെൽ ഓയിൽ ശുദ്ധീകരിക്കാൻ കഴിയുന്ന രീതിയിലാണ് ഈ റിഫൈനറി രൂപകൽപ്പന ചെയ്തിരിക്കുന്നത്. അമേരിക്ക ഫസ്റ്റ് റിഫൈനിംഗ് കന്പനിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
125 ബില്യൺ ഡോളർ വില മതിക്കുന്ന 120 കോടി ബാരൽ യുഎസ് ലൈറ്റ് ഷെൽ ഓയിലായിരിക്കും റിഫൈനറി കൈകാര്യം ചെയ്യുക.
Tags : Reliance major investment US oil refining sector Reliance Industries oil refinery Mukesh Ambani Trump