അപകടത്തിൽപ്പെട്ട ലോറി
വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് സ്വകാര്യബസിനു പിറകിൽ ചരക്കുലോറിയിടിച്ച് 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഇരട്ടക്കുളത്തേയും സമീപത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ഒരു കുട്ടിക്ക് സാരമായ പരിക്കുണ്ട്. ബസിനു പിന്നിലെ സീറ്റിൽ കുടുങ്ങിയ കുട്ടിയെ രക്ഷാപ്രവർത്തകരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
അഞ്ചുമൂർത്തിമംഗലം സ്വദേശികളായ ചന്തപ്പുര കിഴക്കേതറ പറക്കുന്നം മുഹമദ്സാഫിൻ (16), വേണാട്ടുകളപറമ്പ് കമലം (48), ദേവകി(46), കൃഷ്ണൻ(60), നൈപുളളം നൂർജഹാൻ(50), മായ(35), ആലത്തൂർ പഴയ പോസ്റ്റ് ഓഫീസ് റോഡിൽ ഇന്ദ്രിസ് അഹമദ് (21), മംഗലം ഐടിസി കാവുപറമ്പ് കൃഷ്ണകുമാരി(40), തരൂർ പാലക്കൽ അമ്മുകുട്ടി (53), ചീക്കോട് വെള്ളിയൂർ സൂരജ്(24), തമിഴ്നാട് അരിയലൂർ സ്വദേശി പ്രഭാകരൻ, മുടപ്പല്ലൂർ സ്വദേശി ലക്ഷ്മികാന്ത് (52) തുടങ്ങിയവരാണ് ചികിത്സയിലുള്ളത്.
ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഇടിയുടെ ശക്തിയിൽ ഇരുവാഹനങ്ങളും ദേശീയപാതയുടെ രണ്ട് സർവീസ് റോഡിലേക്കു പാഞ്ഞുപോയി. വാഹനങ്ങൾ മറിയാതിരുന്നതും അപകടസമയത്ത് മറ്റു വാഹനങ്ങൾ സമീപത്ത് ഇല്ലാതിരുന്നതും വൻദുരന്തം ഒഴിവാക്കി.
പാലക്കാട്ടുനിന്നും വടക്കഞ്ചേരി വഴി തൃശൂരിലേക്ക് പോകുന്ന സ്വകാര്യബസ് യാത്രക്കാരെ കയറ്റാൻ ദേശീയപാതയിൽ നിർത്തിയതാണ് അപകടത്തിന് കാരണമായതെന്നു നാട്ടുകാർ പറഞ്ഞു. സർവീസ് റോഡുവഴി പോകേണ്ട ബസുകൾ ദേശീയ പാതയിലൂടെ പോകുന്നതു മൂലം ഇവിടെ സ്ഥിരമായി അപകടമുണ്ടാകുന്നുണ്ട്.
ദേശീയപാതയുടെ തൃശൂർ, പാലക്കാട് ലൈനുകളും ഡിവൈഡറുകളും ചാടിയാണ് ലോറി സർവീസ് റോഡിലെത്തിയത്. ലോറിയുടെ മുൻ ഭാഗവും ബസിന്റെ പിൻവശവും പൂർണമായും തകർന്നു.
Tags : Local News Nattuvishesham 13 injured Anchumoorthimangalam goods lorry